അഴിമതിയും അധികാര ദുര്‍വിനിയോഗവും; കുവൈത്ത് ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ മാറ്റി

കുവൈത്ത് സിറ്റി - അഴിമതി, അധികാര ദുർവിനിയോഗ ആരോപണങ്ങൾ നേരിട്ട ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസിർ സ്വബാഹ് അൽഅഹ്മദിനെയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അൽജറാഹ് അൽസ്വബാഹിനെയും പദവികളിൽനിന്ന് നീക്കി കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് ഉത്തരവുകളിറക്കി. 


പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതു വരെ പ്രതിരോധ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ സ്വബാഹ് ഖാലിദ് അൽഹമദ് അൽസ്വബാഹിന് നൽകി. ഉപപ്രധാനമന്ത്രിയും മന്ത്രിസഭാ കാര്യങ്ങൾക്കുള്ള സഹമന്ത്രിയുമായ അനസ് ഖാലിദ് നാസിർ അൽസ്വാലിഹിന് ആഭ്യന്തര മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതല നൽകി.


കഴിഞ്ഞയാഴ്ച രാജിവെച്ച മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി ഖാലിദ് അൽജറാഹിനെതിരായ പരാതി അറ്റോർണി ജനറൽ മിനിസ്റ്റേഴ്‌സ് കോർട്ടിലെ അന്വേഷണ കമ്മിറ്റിക്ക് കൈമാറി. സൈനികർക്ക് സാമ്പത്തിക സഹായങ്ങൾ നൽകാൻ സ്ഥാപിച്ച ആർമി ഫണ്ടുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് മുൻ ആഭ്യന്തര മന്ത്രി നേരിടുന്നത്. കോടിക്കണക്കിന് ദീനാറിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി ഖാലിദ് അൽജറാഹിനെതിരെ പ്രതിരോധ മന്ത്രി നാസിർ അൽസ്വബാഹാണ് പരാതി നൽകിയത്. 


അതേസമയം, ഭരണാധികാരികൾക്കും രാഷ്ട്രീയ നേതൃത്വത്തിനും ജനങ്ങൾക്കും മുന്നിൽ നിരപരാധിത്വം തെളിയിക്കുന്നതിന് നീതിപീഠത്തിനു മുന്നിൽ ഹാജരാകാനും സന്നദ്ധനാണെന്ന് മുൻ ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അൽജറാഹ് അൽസ്വബാഹ് പറഞ്ഞു. 
ആർമി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉന്നയിച്ച അന്വേഷണങ്ങൾക്ക് മറുപടികൾ നൽകുന്നത് ഒഴിവാക്കുന്നതിനാണ് മന്ത്രിസഭ രാജിവെച്ചതെന്ന് മുൻ പ്രതിരോധ മന്ത്രി നാസിർ അൽസ്വബാഹ് പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത് ആഭ്യന്തര മന്ത്രി ഖാലിദ് അൽജറാഹ് നിഷേധിച്ചു. കുവൈത്ത് സൈന്യം രൂപീകരിച്ച കാലം മുതൽ തന്നെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഉദ്ദേശ്യങ്ങൾക്ക് ആർമി ഫണ്ട് സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിത കാലം മുതൽ കാലാകാലങ്ങളിൽ അധികാരം വഹിച്ച പ്രതിരോധ മന്ത്രിമാരാണ് ഫണ്ടിന് മേൽനോട്ടം വഹിച്ചതെന്നും ഖാലിദ് അൽജറാഹ് പ്രസ്താവനയിൽ പറഞ്ഞു. 


കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽഹമദ് അൽസ്വബാഹ് കുവൈത്ത് അമീറിന് രാജിക്കത്ത് സമർപ്പിച്ചത്. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് മുൻ പ്രധാനമന്ത്രിയെ തന്നെ അമീർ ഇന്നലെ ചുമതലപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി പദവി സ്വീകരിക്കുന്നതിൽനിന്ന് ശൈഖ് ജാബിർ മുബാറക് അൽഹമദ് അൽസ്വബാഹ് ഒഴിഞ്ഞുമാറി. 
പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് അമീർ ചുമതലപ്പെടുത്തി മിനിറ്റുകൾക്കു ശേഷമാണ് പദവി സ്വീകരിക്കാനുള്ള വിമുഖത ശൈഖ് ജാബിർ മുബാറക് അൽഹമദ് അൽസ്വബാഹ് അമീറിനെ രേഖാമൂലം അറിയിച്ചത്. തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതാണ് പ്രധാനമന്ത്രി പദവി സ്വീകരിക്കാതിരിക്കുന്നതിന് കാരണം.
 നാൽപതു വർഷത്തിലധികമായി സാഹോദര്യ, സൗഹൃദ ബന്ധങ്ങളുള്ള സഹപ്രവർത്തകനും കൂട്ടുകാരനുമാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. അതുകൊണ്ടു തന്നെ പുതിയ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പായി തനിക്ക് നിരപരാധിത്വം തെളിയിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് പ്രധാനമന്ത്രി പദവി ഏറ്റെടുക്കുന്നതിൽ നിന്ന് ക്ഷമാപണം അറിയിച്ച് അമീറിന് അയച്ച കത്തിൽ ശൈഖ് ജാബിർ മുബാറക് അൽഹമദ് അൽസ്വബാഹ് പറഞ്ഞു. 


 

Latest News