ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്,  ആദ്യകാല ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

തിരുവന്തപുരം- സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ദീര്‍ഘകാല സൗഹൃദം പങ്കുവെച്ച് മോഹന്‍ലാല്‍. 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന തങ്ങളുടെ പുതിയ സിനിമയുടെ പശ്ചാത്തലത്തിലാണ് ഇരുവരും ഒന്നിച്ചുള്ള ഒരു ആദ്യകാല ചിത്രം അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചത്. ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണെന്നും സിനിമാ സ്വപ്‌നങ്ങള്‍ കണ്ടതും പല കഥാപാത്രങ്ങള്‍ ജനിച്ചതും ഈ സൗഹൃദത്തില്‍ നിന്നാണെന്നും അദ്ദേഹം കുറിച്ചു. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം. അതില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും പ്രിയന്റെ മകള്‍ കല്യാണിയും അഭിനയിക്കുന്നുണ്ട്.
ഇരുവരും ഒന്നിച്ച് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ സിനിമ 'ഒപ്പം' ആണ്. ഇതില്‍ കാഴ്ചപരിമിതിയുള്ള ഒരാളായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. 'ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്... സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്... ഈ സൗഹൃദത്തില്‍ നിന്നാണ്.ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ  ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ... ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം...' മോഹന്‍ലാല്‍ കുറിച്ചു. എണ്ണമറ്റ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായത് ഈ സൗഹൃദം കാരണമാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Latest News