Sorry, you need to enable JavaScript to visit this website.

ചില 'ശേഷ' സ്മരണകൾ

അധികമൊന്നും ചിലയ്ക്കാത്ത എന്റെ ഫോണിൽ കഴിഞ്ഞ ആഴ്ച വന്ന മൂന്നു സന്ദേശങ്ങൾ അന്തരിച്ച ടി.എൻ. ശേഷനെപ്പറ്റിയായിരുന്നു. ശേഷനെ അവർക്ക് നേരിട്ടറിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ കഥ എഴുതിയ എന്നെ അറിയാമായിരുന്നതുകൊണ്ട് എന്നെ വിളിച്ച് കുറച്ച് പഴയ വർത്തമാനം പറയാമെന്നു കരുതിക്കാണും അവർ. 
തന്നെപ്പോലെയോ തന്നെക്കാളേറെയോ അധികാരം കയ്യാളിയിരുന്ന കേമന്മാരെ  വരച്ച വരയിൽ നിർത്തിയിരുന്ന ആളാണ് ശേഷൻ. അതിനുള്ള ഉൾക്കരുത്തും പുറംമോടിയും ഉണ്ടായതുകൊണ്ടു കൂടിയാകാം, സാധാരണക്കാരൻ,  ആം ആദ്മി, ശേഷനെ ഇഷ്ടപ്പെട്ടു. ആം അല്ലാത്ത റോട്ടറി ക്ലബ്ബുകാരനും അടുത്തൂൺ പറ്റിയ അസിസ്റ്റന്റ് എൻജിനീയറും മറ്റും കേമന്മാരോട് തട്ടിക്കയറുന്ന ആ ശേഷമുഖത്തിൽ നീതിയുടെയും ധൈര്യത്തിന്റെയും അധികാരത്തിന്റെയും ഭാവം ദർശിച്ചു. വമ്പന്മാരെയും 'ഉമ്പർകോമൻ'മാരെയും പറപറപ്പിക്കുന്നതാണല്ലോ പൊതുവെ ജനശീലം.
രഹാൻ ഫസൽ ഏതാനും മാസം മുമ്പ് എന്നെ വിളിക്കുമ്പോഴും അതു തന്നെയായിരുന്നു രാഷ്ട്രീയ പ്രവണത. ബി.ബി.സിയുടെ ഹിന്ദി പരിപാടി അവതാരകരിൽ ഒരാളാണ് രഹാൻ. ആ ആഴ്ച രഹാന്റെ വിഷയമായിരുന്നു ശേഷൻ. മുറി ഹിന്ദിയും മുക്കാൽ ഇംഗ്ലീഷുമായി ഞാൻ ശേഷനെപ്പറ്റി തോന്നുന്നതൊക്കെ വിളിച്ചു പറയണമായിരുന്നു.
എന്റെ ചിന്തയെ നയിക്കാനെന്നോണം രഹാൻ പറഞ്ഞു, 'കുട്ടി സാഹബ്, ഹം അബ് ബാത് കരേംഗേ ശേഷൻ പർ, ശേഷൻ, അൾസേഷൻ...' രഹാൻ വിഷയത്തിന്റെ മർമത്തിൽ തന്നെ പിടിച്ചിരിക്കുന്നതായി തോന്നി.
 ശക്തിയും ധൈര്യവും ആക്രമണോത്സുകതയുമുള്ള ശ്രേഷ്ഠസാരമേയത്തോട് തന്നെ ഉപമിച്ചതിൽ ശേഷനു പോലും എതിർപ്പുണ്ടാകാനിടയില്ല. ചൂടാക്കിയാൽ എട്ടുനില പൊട്ടുന്ന സ്വഭാവത്തിനിടയിലും മറ്റുള്ളവരെയും തന്നെയും പരിഹസിക്കാനും അദ്ദേഹത്തിനു കൗതുകമായിരുന്നു. ഋഗ്വേദത്തിൽ പരാമർശമുള്ള മൃഗമായ സരമയുടെ പിന്മുറക്കാരിൽ പെട്ടതാണ് നമ്മുടെ സാരമേയം. 
ശക്തിയും ധൈര്യവും ആക്രമണോത്സുകതയുമുള്ള അൾസേഷനെ അവതരിപ്പിക്കുമ്പോൾ മറ്റൊരു രൂപകം കൂടി രഹാൻ പ്രയോഗിച്ചു. 'ഒന്നോ രണ്ടോ രാഷ്ട്രീയക്കാരെ പ്രാതലിനു കഴിക്കുന്നയാൾ.'  അതും അദ്ദേഹത്തിനു ബോധിച്ചു കാണും. തലപ്പാവും വേഷ്ടിയും കാട്ടി ജനത്തെ ഭ്രമിപ്പിക്കുന്നവരെ കൊച്ചാക്കിക്കാണിക്കുന്നതിലാണ് ശേഷനു കൗതുകം. നാലാൾ കാണാനുണ്ടെന്നു കണ്ടാൽ കൗതുകമേറും. പണ്ടാര റോഡിൽ, മുള്ളുവേലിയും കാവൽക്കാരുമുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങൾ രണ്ടു പേരും ചമ്രം പടിഞ്ഞിരുന്ന് സംസാരിക്കുമ്പോൾ ഒരിക്കൽ സംഭവിച്ചതിങ്ങനെ:
ഫോണിന്റെ മറ്റേ തലക്കൽ ഒരു മന്ത്രിപുംഗവനായിരുന്നു. അന്നു രാവിലെ ശേഷന്റെ ആപ്പീസിലെ ജനലിനു നേരേ ആരോ പൊട്ടത്തോക്കുകൊണ്ടെന്ന പോലെ വെടിവെച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ആപ്പീസിലേക്ക് വെടിയോ, വെടിവട്ടമോ? അതും ശേഷൻ സർക്കാറുമായി കോർത്തുനിൽക്കുമ്പോൾ? ഫോണിന്റെ അങ്ങേ തലക്കലുള്ള മന്ത്രി, വെടിയെപ്പറ്റി വെടി പറയാൻ തുടങ്ങിയപ്പോൾ ശേഷൻ ചൂടാകാൻ തുടങ്ങി. ഞങ്ങൾ ഒന്നു രണ്ടുപേർ കാണികളായുള്ളതുകൊണ്ടാകാം, ശകാരത്തിന്റെ സ്വരവും സാരവും കടുത്തു കടുത്തേ പോയി. അതു നിർത്തുമ്പോൾ ഒന്നു തീർപ്പായിക്കഴിഞ്ഞിരുന്നു: ശേഷന്റെ സുരക്ഷ ഇരട്ടിപ്പിക്കണം.
മന്ത്രിമാരെയും ഉദ്യോഗസ്ഥ പ്രവരന്മാരെയും മാത്രമല്ല, എഴുതിയ വാക്ക് മാത്രം ആയുധവും അധികാരവുമായുള്ള മാധ്യമ പ്രവർത്തകരുമായും അദ്ദേഹം അങ്കം വെട്ടി. ചെന്നൈയിലെ ഒരു പത്രസമ്മേളനത്തിന്റെ അവസാനം ക്രിയാത്മകമാകുമോ എന്നു വരെ തോന്നി.  ചോദ്യം ചോദിച്ചുകൊണ്ടേ പോയ ഒരു സിംഹിയെ നോക്കി ശേഷൻ പറഞ്ഞു: 'സ്ഥലം കാലിയാക്ക്. അല്ലെങ്കിൽ ഞാൻ തന്നെ വലിച്ചു പുറത്തെറിയും.'
ഞാൻ ദൽഹിയിൽ അദ്ദേഹത്തെ ആദ്യമായി കാണുന്നത് രണ്ടു നാൾ കഴിഞ്ഞായിരുന്നു. അതിനിടെ എല്ലായിടത്തും എന്നേക്കെന്നില്ലാതെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്ന ഒരു ഉത്തരവ് ഇറക്കിയിരുന്നു ശേഷൻ. 
ഫലത്തിൽ ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ പരമഭരണാധികാരിയാക്കുന്ന നടപടി. അങ്ങനെയൊരു നടപടി എടുക്കുന്നയാളുടെ ശാരീരികവും മാനസികവുമായ ഭാവവും ഭാഷയും അറിയാൻ വായനക്കാർക്ക് കൗതുകമുണ്ടാവുമെന്ന് ഞാൻ അഭിപ്രായപ്പെട്ടു. അതിനുള്ള ചുമതല എനിക്കാവുകയും ചെയ്തു.
തന്നെ കാണാൻ വരുന്നവരെ കാത്തിരുത്തുന്ന സ്വഭാവം ചിലപ്പോൾ ശേഷൻ പുറത്തെടുക്കും. വരുന്നവരെ അളക്കാനോ കാണും മുമ്പ് തന്നെ അവരുമായി ഉള്ളുകൊണ്ട് കോർത്തിട്ടോ എന്തോ, മുഖം കൊടുക്കാൻ അവസരം നിഷേധിച്ചുകൊണ്ടുപോകും.  പറഞ്ഞ നേരം കഴിഞ്ഞ് പത്തു മിനിട്ട് കഴിഞ്ഞപ്പോൾ മുഷിഞ്ഞുപോയ ഞാൻ സ്ഥലം വിടാൻ ആലോചിക്കുകയായിരുന്നു. അപ്പോൾ അതാ വരുന്നു ശേഷൻ, മലയാളത്തിന്റെ അടുപ്പം കാണിക്കാതെ, മുഖഭാവം കൊണ്ടും ഒറ്റവാക്കിലും മറുപടി പറഞ്ഞുകൊണ്ടും. 
ആ കൂടിക്കാഴ്ച ഹിറ്റായി. ഉറഞ്ഞു കിടക്കുന്ന നിയമത്തെ ഉടവാളാക്കി മാറ്റാമെന്നു കാണിച്ചുതന്ന ആ  മനസ്സിന്റെ വിക്രിയകളിലേക്കും വക്രതകളിലേക്കും ഞാൻ കടന്നു ചെന്നു, അനുവാദത്തോടെ. നിയമവും ഭരണവും രാഷ്ട്രീയവും സംഗീതവും ജ്യോതിഷവും മാത്രമല്ല, കഷണ്ടിയും ഫോൺ ഭ്രമവും സംസാര വിഷയമായി. ജാതകവശാൽ ശേഷന് കുട്ടികളുണ്ടാവാൻ യോഗമില്ല. അതുകൊണ്ട് പറ്റിയ ഒരു പെൺ ജാതകം നോക്കാനായി വീട്ടുകാരുടെ ശ്രമം. 
തനിക്ക് കുട്ടികളുണ്ടാവാനുള്ള യോഗം ഇല്ലാതിരിക്കുകയും താൻ കെട്ടുന്ന സ്ത്രീക്ക് കുട്ടികളുണ്ടാവുകയും ചെയ്താൽ പിതൃത്വമല്ലേ അവിടെ കൂട്ടിൽ കയറുക! അങ്ങനെയൊരു കുസൃതിച്ചിന്ത പൊട്ടിക്കുമ്പോൾ മുഖഭാവം ഒട്ടും അയയുകയില്ല.
പ്രഗത്ഭന്മാരും പ്രവീണന്മാരുമായ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർമാർ ശേഷനു മുമ്പും പിന്നീടും ഉണ്ടായിരുന്നു. അവർ നടപ്പാക്കുകയും അനുസരിക്കുകയും ചെയ്തിരുന്ന നിയമം തന്നെയായിരുന്നു ശേഷന്റെ കാലഘട്ടത്തെ നിർവചിച്ചതും. അദ്ദേഹം ആപ്പീസിൽ കയറുമ്പോൾ ആദ്യം കണ്ടുമുട്ടിയത് കലണ്ടർ ദൈവങ്ങളെയായിരുന്നു.
ബഹിഷ്‌കരണത്തിന്റെ പട്ടികയിൽ ആദ്യം പെട്ടതായിരുന്നു കലണ്ടർ ദൈവങ്ങൾ. പിന്നെ പിടിച്ചത് തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് കൊടുക്കണമെന്ന ചട്ടം. അതൊരു ആഭാസമായിരുന്നു. കൊടുക്കുന്നവരോ സ്വീകരിക്കുന്നവരോ വായിക്കുമോ എന്നു പോലും സംശയം ഉണ്ടാക്കുന്ന മട്ടിലുള്ള റിട്ടേണുകളെ യാഥാർഥ്യത്തോട് പൊരുത്തപ്പെടുത്താനായി അടുത്ത ശ്രമം. കള്ളക്കണക്ക് കൊടുത്താൽ   തെരഞ്ഞെടുപ്പ് അസാധുവാകാമെന്നു മാത്രമല്ല, സ്ഥാനാർഥി അകത്താകാമെന്നു വരെ വന്നപ്പോൾ എല്ലാവരുടെയും മനസ്സിൽ ദൈവഭയം വളർന്നു. 
ഉറഞ്ഞുപോയിരുന്ന രാഷ്ട്രീയ ജലം ഒഴുക്കിവിടുകയായിരുന്നു ശേഷൻ. നിലവിലുള്ള, ആർക്കും എതിരഭിപ്രായമില്ലാത്ത, നിയമം അനുസരിച്ച് മുന്നോട്ടു പോകുന്നേയുള്ളൂ താനെന്ന് ശേഷൻ ആവർത്തിച്ചും അസാധാരണമായ വിനയത്തോടെയും പറഞ്ഞുകൊണ്ടിരുന്നു. രാജ്യസഭയുടെ കാര്യം വന്നപ്പോൾ എല്ലാം കുഴയുമെന്ന മട്ടായി.
സംസ്ഥാനങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാംഗങ്ങൾ അവിടെ താമസിക്കുന്നവരായിരിക്കണമെന്നാണ് യുക്തിയും നിയമവും. അപ്പോഴത്തെ നിലക്ക് താൻ ഗുവാഹതിയിൽ താമസക്കാരനാണെന്ന മൻമോഹൻ സിംഗിന്റെ സത്യവാങ്മൂലം അബദ്ധവും നിയമ വിരുദ്ധവുമായിരുന്നു. പാവം സിംഗിനെയും മറ്റു ചിലരെയും രക്ഷപ്പെടുത്തണമെങ്കിൽ നിയമം മാറണം, ശേഷനെ മാറ്റണം. ആ വഴിക്കു തന്നെ നീങ്ങി രാജ്യസഭയുടെ യോഗം. അതിന്റെ ഗുണഫലം അനുഭവിച്ചവരിൽ ഒ. രാജഗോപാലും അൽഫോൺസ് കണ്ണന്താനവും വി. മുരളീധരനും ഉൾപ്പെടുന്നു.
നിലവിലുള്ള നിയമം നടപ്പാക്കാൻ ശ്രമിച്ച് ഹീറോ ആവുകയും എതിർപ്പ് നേടുകയും ചെയ്ത ആളാണ് ശേഷൻ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ എതിർ ചേരിയിലെന്നു തോന്നിയവർ വില്ലന്മാരായി. വില്ലന്മാർക്ക് തല്ലു കൊള്ളുന്നതു കാണുമ്പോൾ ജനം ആർത്തുല്ലസിച്ചു. ശേഷൻ വഴി നീതിയും നിയമവും പുലരുമെന്ന് അവർ വിശ്വസിച്ചു.
ഇന്ത്യയെ നന്നാക്കാൻ എന്താണ് വഴിയെന്ന് ഉൾനാടുകളിലും മഹാനഗരങ്ങളിലും അദ്ദേഹം പ്രസംഗിച്ചു നടന്നു. ഒരു വൈകുന്നേരം അദ്ദേഹം ചോദിച്ചു: ജനം നമ്മെപ്പറ്റി എന്തു പറയുന്നു?  
ഇന്ത്യ അദ്ദേഹത്തോടൊപ്പം അണി നിരക്കുകയാണെന്ന് അദ്ദേഹവും വിശ്വസിച്ചുവശായി. രാഷ്ട്രപതിയാകാൻ നോക്കി. പിന്തുണക്കാമെന്നു പറഞ്ഞവർ പിന്തിരിഞ്ഞോടി. 
പിന്നെ പ്രധാനമന്ത്രിയാകാൻ ഇടയുണ്ടായിരുന്ന ആൾക്കെതിരെ മൽസരിച്ചു, അനിവാര്യമായും തോറ്റു. അതാണ് ജനത്തിന്റെയും നേതാക്കളുടെയും വഴക്കമെന്ന് അദ്ദേഹം മെല്ലെ മെല്ലെ മനസ്സിലാക്കുകയായിരുന്നു. 

Latest News