Sorry, you need to enable JavaScript to visit this website.

ഇനിയും ഫാത്തിമമാർ  ഉണ്ടാകാതിരിക്കാൻ..


 


മദ്രാസ് ഐ.ഐ.ടിയിൽ ജീവൻ പൊലിഞ്ഞ, ഫാത്തിമ, എന്ന റിയാദിൽ പഠിച്ചു വളർന്ന, ആ മിടുക്കിയായിരുന്ന പെൺകുട്ടിയുടെ മരണ വാർത്ത കേട്ടതു മുതൽ ചില കാര്യങ്ങൾ പങ്കുവെക്കണമെന്നു തോന്നി.നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തു വിശിഷ്യാ  പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന ഇന്റേണൽ അസെസ്‌മെന്റ് അല്ലെങ്കിൽ പ്രാക്ടിക്കൽ പരീക്ഷാ രീതി  എങ്ങനെ നമ്മുടെ മക്കളുടെ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന വിധത്തിൽ ദുരുപയോഗം ചെയ്തു മാറ്റിമറിച്ച് വ്യക്തി താൽപര്യങ്ങൾക്കും ജാതി താൽപര്യങ്ങൾക്കും സാമ്പത്തിക താൽപര്യങ്ങൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കുമൊക്കെ വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് ആഴത്തിൽ മനസ്സിലാക്കി പ്രതിവിധികൾക്കായി പരിശ്രമിക്കേണ്ട കാലം ആഗതമായിരിക്കുന്നു. രാജ്യത്തെ സർവകലാശാലകളും വിദ്യാഭ്യാസ  ബോർഡുകളും പ്രാക്ടിക്കൽ പരീക്ഷയും ഇന്റേണൽ  അസെസ്‌മെന്റും എന്തിനാണ് നടത്തുന്നതെന്നും അത് എങ്ങനെയാണ് നടത്തേണ്ടതെന്നുമൊക്കെ വിശദമായി വിശദീകരിച്ചു തന്നെ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൃത്യമായി അയച്ചു കൊടുക്കാറുണ്ട്. എന്നാൽ ഈ മാനദണ്ഡങ്ങൾ ഒന്നും മുഖവിലക്കെടുക്കാതെ നല്ലൊരു വിഭാഗം ഇതിനെ നേരത്തെ പറഞ്ഞ പോലെ വ്യക്തി താൽപര്യങ്ങൾക്കും ജാതി താൽപര്യങ്ങൾക്കും സാമ്പത്തിക താൽപര്യങ്ങൾക്കും രാഷ്ട്രീയ താൽപര്യങ്ങൾക്കുമൊക്കെ വേണ്ടി ദുരുപയോഗം ചെയ്യുന്നു. ഈ ചൂഷണം കേവലം ഒരു മദ്രാസ് ഐ.ഐ.ടി യുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ വിദ്യാഭ്യാസ രംഗത്താകമാനം വ്യാപിച്ചുകിടക്കുന്ന ഒന്നാണ്.
കേരളത്തിലെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തും ഇത്തരം പ്രവണതകൾ ധാരാളമായി കണ്ടുവരുന്നുണ്ട്. പലരും പേടിച്ചിട്ടു പുറത്തു പറയുന്നില്ലെന്ന് മാത്രം. തിയറി പേപ്പറുകൾ മൂന്നു റൗണ്ട് മൂല്യനിർണയം നടത്തി വിജയികളെ നിശ്ചയിക്കുന്ന കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള ഒരനുഭവം ഇതിനുദാഹരണമാണ്. ഈ തിയറി  പരീക്ഷാ പേപ്പർ വളരെ കഷ്ടപ്പെട്ട് പഠിച്ച് ഈ മൂന്നു റൗണ്ട് മൂല്യനിർണയ കടമ്പയും കഷ്ടപ്പെട്ട് കടന്നു വരുന്ന വിദ്യാർത്ഥികളെ കൂട്ടത്തോടെ ഇന്റേണൽ  അസെസ്‌മെന്റിലും പ്രാക്ടിക്കൽ പരീക്ഷയിലും തോൽപിക്കുന്നത് ചില അധ്യാപകർക്കെങ്കിലും ഒരു ഹരമാണ്.
സാധാരണ ഗതിയിൽ തിയറി പേപ്പർ ജയിക്കാനാണ് കുട്ടികൾ കഷ്ടപ്പെടാറുള്ളത്. അത്രയും പാടാണ്  ഈ മൂന്നു റൗണ്ട് മൂല്യനിർണയം. പരീക്ഷ കഷ്ടപ്പെട്ട് പഠിച്ചു പാസാകുന്ന വിദ്യാർത്ഥികളെയാണ് ഇങ്ങനെ അധ്യാപകരിൽ ചിലരുടെയെങ്കിലും ഈഗോക്ക് വേണ്ടി അല്ലെങ്കിൽ മറ്റുചില താൽപര്യങ്ങൾക്കു വേണ്ടി മനഃപൂർവം തോൽപിക്കുന്നത്.
പ്രാക്ടിക്കൽ  ജയിക്കാതെ തിയറി മാത്രമായിട്ട് ജയിച്ചുകയറാൻ പറ്റില്ല. അതുകൊണ്ടു തന്നെ തിയറി പേപ്പർ  ജയിച്ചാലും പ്രാക്ടിക്കൽ ജയിക്കുന്നതു വരെ ഈ വിദ്യാർത്ഥികൾ  വീണ്ടും വീണ്ടും തിയറിയും പ്രാക്ടിക്കലും എഴുതേണ്ടിവരും. ഇതിന്റെ ഫലമായി കുട്ടികൾ ഒരുപാടു മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട്.ഇതുമായി  ബന്ധപ്പെട്ട് ഒരു കോളേജിന്റെ അധികൃതരോട് സംസാരിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു.
'പ്രസ്തുത വിഷയത്തിന് യൂനിവേഴ്‌സിറ്റിയിൽ  നിന്നും  വന്ന എക്‌സ്‌റ്റേണൽ എക്‌സാമിനർ ഒരു പരുക്കൻ സ്വഭാവക്കാരനായിരന്നു. തൊട്ടതിനും പിടിച്ചതിനും എല്ലാം ദ്വേഷ്യപ്പെട്ടുകൊണ്ടിരുന്ന    അയാൾ ഒരു ബാച്ചിലെ മുഴുവൻ കുട്ടികളെയും പ്രാക്ടിക്കലിൽ തോൽപിച്ചു'. ഇങ്ങനെ തുടങ്ങി നിരവധി എഴുതാപ്പുറങ്ങളാണ് ഇതിന്റെ പിറകിലുള്ളത്. വ്യക്തി താൽപര്യങ്ങൾ കൂടുതൽ കാണുന്നത് പെൺകുട്ടികളുടെ കാര്യത്തിലാകാം. അല്ലെങ്കിൽ പരീക്ഷ പഠിച്ചെഴുതിയ ഒരു വിദ്യാർത്ഥിനി മാർക്കിന് വേണ്ടി അധ്യാപകനെ സ്വകാര്യമായി നേരിട്ടു കാണാൻ ആവശ്യപ്പെടുന്നതെന്തിനാണ് ?മതത്തിന്റെ പേരിലും ജാതിയുടെ പേരിലും എന്തിനേറെ സദാചാരത്തിന്റെ പേരിൽ പോലും  ആൾക്കൂട്ട ആക്രമണങ്ങൾ യഥേഷ്ടം നടക്കുന്ന വർത്തമാന കാലത്തിൽ നോക്കുകുത്തികളായി മാറുന്ന, നിശ്ശബ്ദരായി മാറുന്ന  നമ്മുടെ ഭരണ സംവിധാനം, പിന്നെ നീതിന്യായ വ്യവസ്ഥാ സംവിധാനങ്ങൾ... ഇതൊക്കെ ഇത്തരക്കാർക്ക് യഥേഷ്ടം വളരാനുള്ള സാഹചര്യമാണ് ഇന്നു സൃഷ്ടിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരക്കാർ ഇവരുടെ നീചപ്രവൃത്തികളുമായി മുമ്പോട്ടു പോകുന്നു.
ഇത്തരം തെറ്റായ പ്രവണതകൾ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അല്ലെങ്കിൽ ഇനിയും ഫാത്തിമമാർ ഉണ്ടായിക്കൊണ്ടേയിരിക്കും, തീർച്ച.വിദ്യഭ്യാസ രംഗത്തെ ഈ നെറികേട്, ഈ ചൂഷണം അവസാനിച്ചേ പറ്റൂ. അതിനായി  നമുക്കോരോരുത്തർക്കും പ്രയത്‌നിക്കാം പ്രവർത്തിക്കാം, കൂട്ടത്തിൽ പ്രാപ്തരാക്കാം, മാനസികമായി, നമ്മുടെ മക്കളെ ഈ അടിയൊഴുക്കുകളിൽപെട്ടു തളരാതിരിക്കാൻ, രക്ഷിതാക്കൾക്ക് അവരെ നഷ്ടപ്പെടാതിരിക്കാൻ.

Latest News