അബുദാബി- യു.എ.ഇ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് പോകാന്‍ ഓണ്‍ അറൈവല്‍ വിസ. ശനിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒരു തവണ ഇന്ത്യയില്‍ പോയിട്ടുള്ളവര്‍ക്കോ പോകാന്‍ ഇ വിസയോ പേപ്പര്‍ വിസയോ എടുത്തിട്ടുള്ളവര്‍ക്കോ ആണ് ഈ സേവനം ലഭ്യമാകുക.
ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും തന്ത്രപ്രധാന പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ അറൈവല്‍ വിസ ഏര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
60 ദിവസത്തേക്കാണ് വിസ അനുവദിക്കുക. ഡബ്ള്‍ എന്‍ട്രിയും ലഭിക്കും. അതായത്, ഒരു തവണ വിസ അടിച്ചാല്‍ രണ്ട് തവണ പോയി വരാം.
ബിസിനസ്, ടൂറിസം, കോണ്‍ഫറന്‍സ്,മെഡിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ നല്‍കുക.
ബാംഗ്ലൂര്‍, ചെന്നൈ, ദല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് ഓണ്‍ അറൈവല്‍ വിസക്ക് സൗകര്യം. എന്നാല്‍ നേരത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പേപ്പര്‍ വിസയോ ഇ വിസയോ നേടിയിട്ടുള്ളവര്‍ക്ക് മാത്രമായി ഓണ്‍ അറൈവല്‍ വിസ പരിമിതപ്പെടുത്തിയിട്ടുണ്ട്. വിസ നേടിയിട്ടും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. അതിനാല്‍ ആദ്യ തവണ പോകുന്നവര്‍ ഇ വിസക്ക് അപേക്ഷിക്കേണ്ടി വരും.






