Sorry, you need to enable JavaScript to visit this website.

എണ്ണക്കപ്പൽ ആക്രമണത്തിൽ ഖത്തറിന് പങ്ക്;വിവരം ലഭിച്ചിട്ടും സഖ്യരാജ്യങ്ങളെ അറിയിച്ചില്ല

റിയാദ്- ഒമാൻ ഉൾക്കടലിൽ സൗദി എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഖത്തറിന് പങ്കുള്ളതായി പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ട് വെളിപ്പെടുത്തി. ആക്രമണങ്ങളെ കുറിച്ച് ഖത്തറിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. എന്നാൽ അമേരിക്കൻ സൈനിക താവളത്തിന് ആതിഥ്യം നൽകിയിട്ടും, സഖ്യരാജ്യങ്ങളായ അമേരിക്കക്കും ബ്രിട്ടനും ഫ്രാൻസിനും ഈ വിവരങ്ങൾ ഖത്തർ കൈമാറിയില്ല. 


കഴിഞ്ഞ മേയിലാണ് സൗദി, നോർവീജിയൻ എണ്ണക്കപ്പലുകൾക്കു നേരെ ഒമാൻ ഉൾക്കടലിൽ വെച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ് ആക്രമണങ്ങൾ നടത്തിയത്. ഇതേക്കുറിച്ച് ഖത്തറിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്ന് പാശ്ചാത്യ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ഉദ്ധരിച്ച് അമേരിക്കയിലെ ഫോക്‌സ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു. ഇറാൻ റെവല്യൂഷനറി ഗാർഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സിനാണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം. മധ്യപൗരസ്ത്യ ദേശത്ത് സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ശ്രമിച്ച് ഇറാൻ റെവല്യൂഷനറി ഗാർഡ് നടത്തുന്ന ശത്രുതാപരമായ പ്രവർത്തനങ്ങളെ കുറിച്ച് ഇറാൻ ഗവൺമെന്റിലെ മുതിർന്ന നേതാക്കൾക്കും ഖത്തറിനും മുൻകൂട്ടി വിവരമുണ്ടായിരുന്നെന്നും ചാനൽ പറഞ്ഞു. 


മെയ് 12 ന് രണ്ടു സൗദി എണ്ണക്കപ്പലുകൾക്കും നോർവീജിയൻ എണ്ണക്കപ്പലിനും നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം വെച്ച് മറ്റു കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചും ഖത്തറിന് മുൻകൂട്ടി അറിയാമായിരുന്നെന്നാണ് ആരോപണം. മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളത്തിന് ഖത്തർ ആതിഥ്യം നൽകുന്നു. അൽഉദൈദ് സൈനിക താവളത്തിന് ആതിഥ്യം നൽകുന്നതോടൊപ്പം തന്നെ ഖത്തർ ഇറാനുമായി സഖ്യം സ്ഥാപിക്കുന്നു.

ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങുകയാണെന്ന് 2018 മേയിൽ യു.എസ് പ്രസിഡന്റ് പ്രഖ്യാപിച്ച ശേഷം അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമായിട്ടും ഇറാനുമായി ഖത്തർ ഊഷ്മള ബന്ധം നിലനിർത്തുകയാണ്. എണ്ണക്കപ്പൽ ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ചാലകശക്തി ഇറാനാണെന്ന് മുൻ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ആരോപിക്കുന്നു. ഇറാനിൽ നിന്നുള്ള സമുദ്ര മൈനുകളാണ് കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിച്ചതെന്നും ബോൾട്ടൻ പറഞ്ഞു. 

Latest News