ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഡിഫന്ററായാണ് ഇന്ദർ സിംഗ് അറിയപ്പെടുന്നത്. കേരളത്തിന്റെ സ്വന്തം അനസ് ഇന്ത്യൻ ഗോൾമുഖത്ത് മറ്റൊരു ഇന്ദർ സിംഗായി മാറുകയാണ്
മലപ്പുറംകാരുടെ സ്വന്തം അനസ് എടത്തൊടിക കേരളവും കടന്ന് രാജ്യത്തിന്റെ അഭിമാന താരമായി മാറിയിരിക്കുന്നു. ഏഷ്യൻ ഫുട്‌ബോൾ തന്നെ ചർച്ച ചെയ്യുന്ന ഡിഫന്ററാണ് മുപ്പതുകാരൻ. ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മലപ്പുറം ജില്ലയിൽ നിന്നുള്ള പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് കൊണ്ടോട്ടി മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ ഇളയ മകൻ. ഇന്ദർ സിംഗിന്റെ കൂടെ ഇന്ത്യക്ക് കളിച്ച മലപ്പുറം മൊയ്തീൻ കുട്ടിക്കും അരീക്കോട്ടുകാരായ യു. ഷറഫലിക്കും സി. ജാബിറിനും ശേഷം കാൽ നൂറ്റാണ്ടിന് ശേഷം ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മലപ്പുറം ജില്ലക്കാരനായ താരമാണ് അനസ്. അനസ് കളിച്ച നാലു മത്സരങ്ങളും ഇന്ത്യ വിജയിക്കുകയും ചെയ്തു. നാല് മത്സരങ്ങളിലും ആദ്യാവസാനം ഇന്ത്യൻ ഗോൾ മുഖത്തെ ഉരുക്കു ഭിത്തിയായിരുന്നു അനസും സന്ദേഷ് ജിംഗാനും.
അനസ് ദേശീയ ടീമിന്റെ ജഴ്‌സിയിട്ടത് ഏറെ വൈകിയാണ്, പ്രൊഫഷനൽ കരിയർ പത്ത് വർഷം പിന്നിട്ടപ്പോൾ. 2011 മുതൽ പല കുറി ദേശീയ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു, പലപ്പോഴും പരിക്ക് തടസ്സമായി. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഇന്ത്യ ചാമ്പ്യൻമാരായ സാഫ് ഗെയിംസിനിടെ ഇന്ത്യൻ ജഴ്‌സി കയ്യിൽ വാങ്ങിയ ശേഷമായിരുന്നു പരിക്കേറ്റത്. എന്നാൽ കഠിനാധ്വാനത്തിന്റെ ആൾരൂപമായ അനസ് ഒരിക്കലും തളർന്നില്ല. ഐ-ലീഗിൽ മോഹൻ ബഗാനു കളിക്കുമ്പോഴാണ് വീണ്ടും ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടത്. ആദ്യമിറങ്ങിയത് 2017 മാർച്ച് 22 ന് കംബോഡിയയിലെ സൗഹൃദ മത്സരത്തിലായിരുന്നു, ഇന്ത്യ 3-2 നു വിജയിച്ചു.
ആദ്യ ഔദ്യോഗിക മത്സരം മ്യാന്മറിൽ മാർച്ച് 28 നായിരുന്നു. ഏഷ്യൻ കപ്പിനായുള്ള യോഗ്യതാ പോരാട്ടം. 1969 ന് ശേഷം മ്യാൻമാറിനെതിരെ ആദ്യ വിജയമായിരുന്നു അത്. രണ്ട് മാസത്തിനു ശേഷം ജൂൺ ആറിന് മുംബൈയിൽ നേപ്പാളിനെതിരായ സൗഹൃദ മത്സരത്തിലും ജയം തന്നെ (2-0). ഒരാഴ്ചക്കകം ബംഗളൂരുവിൽ രണ്ടാമത്തെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലെ എതിരാളികൾ ഒരു കാലത്ത് ലോക ഫുട്‌ബോളി വൻ ശക്തികളിലൊന്നായ യു.എസ്.എസ്.ആറിൽനിന്ന് വിഘടിച്ച കിർഗിസ്ഥാനായിരുന്നു. തടി മിടുക്കിലും പ്രൊഫഷനലിസത്തിലും മുന്നിലായിരുന്നു എതിരാളികൾ. എന്നാൽ ഇന്ത്യൻ ഗോൾ മുഖത്ത് അനസും ജിംഗാനും പടുത്തുയർത്തിയ ഉരുക്ക് ഭിത്തി പിളർത്താൻ റഷ്യൻ കോച്ചിന്റെ തന്ത്രങ്ങൾക്ക് സാധിച്ചില്ല. ശക്തമായി തിരിച്ചടിച്ച ആതിഥേയർ സുനിൽ ഛേത്രിയുടെ ഗോളിൽ 1-0 ന് ജയിച്ചു.

ഇന്ത്യൻ ഫുട്‌ബോളിന്റെ ഉയരങ്ങളിലേക്ക് അനസ് ചവിട്ടിക്കയറിയത് കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും കൊണ്ടാണ്. ഇടത്തരം കുടുബത്തിൽനിന്ന് വന്ന അനസിന് കുട്ടിക്കാലത്ത് ക്രിക്കറ്റിനോടായിരുന്നു ഭ്രമം. സ്‌കൂളിലെ ഭൂമിശാസ്ത്രാധ്യാപകനാണ് ഫുട്‌ബോളിലേക്ക് തിരിച്ചുവിട്ടത്. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്‌കൂളിൽ 2002-03 വർഷം അനസ് പത്താം ക്ലാസ്സിൽ പഠിയ്ക്കുന്ന കാലത്താണ് മലപ്പുറം ജില്ലാ താരം കൂടിയായ സാമൂഹ്യ ശാസ്ത്രാധ്യാപകൻ സി.ടി അജ്മലിന്റെ കീഴിൽ സ്‌കൂൾ ടീം രൂപീകരിച്ചത്. സ്‌കൂളിന്റെ പരുക്കൻ മൈതാനത്താണ് അനസ് ആദ്യമായി ബൂട്ടണിഞ്ഞത്. അവിടെ കിട്ടിയ പാഠങ്ങൾ അവധി ദിവസങ്ങളിൽ കൊണ്ടോട്ടി മുണ്ടപ്പലത്തെ പാണാളി മൈതാനത്ത് കൂട്ടുകാർക്കൊപ്പം അനസ് മുടങ്ങാതെ അഭ്യസിച്ചു. സ്‌കൂൾ ടീമിന്റെ ക്യാമ്പ് വെക്കേഷൻ കാലങ്ങളിൽ തൊട്ടടുത്ത ഇ.എം.ഇ.എ കോളജിന്റെ വലിയ മൈതാനത്തേക്കു നീണ്ടു. അനസിലെ പ്രതിഭയെ മനസ്സിലാക്കിയ അധ്യാപകൻ അവന് വലിയ സ്വപ്‌നങ്ങൾ പകർന്നു നൽകി. മുംബൈ കുപ്പറേജും കൊൽക്കത്ത സാൾട്ട്‌ലേക്കും ഗോവ ഫറ്റോർഡയും കാണുന്നതിനു മുമ്പെ അവന്റെ മനസ്സിൽ പതിഞ്ഞു.
പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്നത് വരെ അജ്മൽ മാഷിന്റെ പരിശീലന കളരികളായ ഇ.എം.ഇ.എ സ്‌കൂൾ ടീമിനും മാഷിന്റെ നാടായ മലപ്പുറം ജില്ലയിലെ അരിമ്പ്രയിലെ നെഹ്‌റു യൂത്ത് ക്ലബ്ബിനും കളിച്ചു. മലപ്പുറം ജില്ലാ സ്‌കൂൾ ഫുട്‌ബോളിലും മലപ്പുറം ജില്ലാ ലീഗ് ടൂർണമെന്റുകളിലും അരങ്ങേറ്റം കുറിച്ചു. അരിമ്പ്ര നെഹ്‌റു യൂത്ത് ക്ലബ്ബിനായി മൂന്നു വർഷം തുടർച്ചയായി ഇ-ഡിവിഷനിൽ ബൂട്ടണിഞ്ഞു. കേരളത്തിൽ അനസ് ലീഗ് കളിച്ച ഒരേ ഒരു ക്ലബായിരുന്നു ഇത്. മലപ്പുറം വിദ്യാഭ്യാസ ജില്ലാ സ്‌കൂൾ ടീമിനും ബൂട്ട് കെട്ടി. എങ്കിലും പ്രതിഭയെ പലരും തിരിച്ചറിഞ്ഞില്ല. റവന്യൂ ജില്ലാ സ്‌കൂൾ ടീമിലും സംസ്ഥാന സ്‌കൂൾ ടീമിലുമൊന്നും അനസിന് അവസരം കിട്ടിയില്ല. 2006 ൽ മഞ്ചേരി എൻ.എസ്.എസ് കോളജിൽ ഡിഗ്രിക്കു ചേർന്നു. കായികാധ്യാപകൻ ഡോക്ടർ പി.എം സുധീർ കുമാറിന്റെ കീഴിൽ കോളജിനെ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ആ വർഷം സംസ്ഥാന യൂത്ത് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. 2007 ൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായി എൻ.എസ്.എസ് കോളജിൽ നിന്നു കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലേക്ക് ട്രാൻസ്ഫർ വാങ്ങി. അവിടെ കോച്ചായിരുന്ന മുൻ ഇന്ത്യൻ ഗോൾ കീപ്പർ ഫിറോസ് ഷരീഫിന് അനസിന്റെ പ്രതിഭയുടെ ആഴം ആദ്യ ദിനങ്ങളിൽ തന്നെ പിടി കിട്ടി. ആ വർഷം നിലവിൽ വന്ന മുംബൈ എഫ്.സി ടീമിലേക്ക് അവനെ അയച്ചു. ആദ്യ വർഷം തന്നെ മുംബൈ ടീം ഐ-ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരായി. അനസിനെ 2011 വരെ അവർ മറ്റാർക്കും വിട്ടു കൊടുത്തില്ല. ഇവിടെ മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബൂത്തായിരുന്നു കോച്ച്. 2009 ൽ കോയമ്പത്തൂരിലും ചെന്നൈയിലുമായി മഹാരാഷ്ട്ര ടീമിനും 2010 ൽ കൊൽക്കത്തയിൽ കേരളത്തിനും സന്തോഷ് ട്രോഫി കളിച്ചു. 2011 ൽ പൂനെ എഫ്.സിയുടെ വലിയ ഓഫർ സ്വീകരിച്ചു. നാല് വർഷം അവർക്കു കളിച്ചു. 2014 ൽ പൂനെയെ എ.എഫ്.സി കപ്പിലും ഐ ലീഗിലും നയിച്ചു. ടീമിന്റെ ബെസ്റ്റ് പ്ലെയർ അവാർഡായ അയേൺ മാൻ പുരസ്‌കാരം സ്വന്തമാക്കി.

പരിക്കു കാരണം 2015 ലെ ഐ-ലീഗിൽ കളിക്കാനായില്ല. വർഷാവസാനം നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിൽ ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് പരിശീലിപ്പിച്ച ദൽഹി ഡൈനാമോസിൽ എത്തിയത് വഴിത്തിരിവായി. സെന്റർ ഡിഫന്റർ സ്ഥാനത്ത് നിന്ന് എതിർ ഗോൾ മുഖത്തേക്ക് പാഞ്ഞടുക്കുകയും ഹെഡർ ഗോൾ വരെ നേടുകയും ചെയ്ത് റോബർട്ടോ കാർലോസിന്റെ മനം കവർന്നു. കഴിഞ്ഞ ഐ.എസ്.എല്ലിൽ ഇറ്റാലിയൻ ഇതിഹാസം ജിയാൻലുക്ക സംബ്രോട്ടയുടെ പരിശീലനത്തിന് കീഴിൽ ടീമിൽ തുടർന്നു. ഐ.എസ്.എല്ലിനു ശേഷം മോഹൻ ബഗാനു വേണ്ടി ഐ-ലീഗിലും എ.എഫ്.സി കപ്പിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി. ഐ-ലീഗിലും ഫെഡറേഷൻ കപ്പിലും നിർഭാഗ്യം കൊണ്ട് കിരീടം നഷ്ടപ്പെട്ടു. എങ്കിലും അനസ് ഐ-ലീഗ് ബെസ്റ്റ് ഡിഫന്റർക്കുള്ള ജർണയിൽ സിംഗ് പുരസ്‌ക്കാരം സ്വന്തമാക്കി. പ്രൊഫഷനൽ കളിക്കാരുടെ സംഘടന അനസിനെ മികച്ച താരമായി തെരഞ്ഞെടുത്തു. അഞ്ച് തവണയെങ്കിലും പരിക്ക് കാരണം കൈവിട്ട ദേശീയ ടീമിലെ അംഗത്വം സ്വന്തമാക്കി.
അനസിനെ കേരളം നെഞ്ചോട് ചേർത്തു. കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരിൽ കളിക്കുമ്പോൾ പോലും അനസിനായി ആർപ്പുവിളികളും ബാനറുകളും ഗാലറികളിൽ ഉയർന്നു. രാജ്യത്തെവിടെ അനസ് കളിക്കുമ്പോഴും സ്വന്തം നാട്ടുകാർ അവനെ പ്രോത്സാഹിപ്പിക്കാൻ അവിടെയെത്തി. കിർഗിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം കാണാൻ മലപ്പുറത്ത് നിന്ന് പോയ നൂറു കണക്കിനാളുകൾ ബാംഗ്ലൂർ ശ്രീകാണ്ഡീരവ സ്റ്റേഡിയത്തിൽ ഉയർത്തിയ വലിയ ബാനർ ശ്രദ്ധേയമായി. ഇന്ത്യക്കായി ജയ് വിളിച്ച അന്യ സംസ്ഥാനക്കാർ വരെ അതു കണ്ട് അനസിന് പ്രത്യേകം ജയ് വിളിക്കാൻ തുടങ്ങി. 'പ്രിയ സഹോദരാ.... ഭാരതത്തിനായി സേവനം ചെയ്ത് തീരും വരെ രോഗിയായ അങ്ങയുടെ പിതാവിനെ ഞങ്ങൾ നോക്കിക്കോളാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'' എന്നായിരുന്നു ഇംഗ്ലീഷിലെ ബാനർ.
അനസ് കളിക്കുന്നത് എത്ര ദൂരെയായാലും ഒരാൾ ആ വേദിയിലുണ്ടാവും, ചെറു പ്രായത്തിൽ ആ പ്രതിഭ തിരിച്ചറിഞ്ഞ ആ പഴയ ഭൂമിശാസ്ത്രാധ്യാപകൻ. ഓരോ പുതിയ പുതിയ ഉയരങ്ങൾ താണ്ടി നാട്ടിലെത്തിയാലും അനസ് സാധാരണക്കാരായ തന്റെ സുഹൃത്തുക്കളുടെയും കൊച്ചു കുട്ടികളുടെയും കൂടെ കളിക്കാനും സഹവസിക്കാനും മടി കാണിച്ചില്ല. ആദ്യകാല ഗുരുക്കൻമാരെ ചെന്നു കാണാൻ സമയം കണ്ടെത്തി. ഇത് പുതു തലമുറയിലെ താരങ്ങൾക്ക് മാതൃകയാണ്.
അനസിനെ ഏറ്റവും സ്വാധീനിച്ച വ്യക്തി അകാലത്തിൽ വിട്ടുപിരിഞ്ഞ ജ്യേഷ്ട സഹോദരൻ അഷ്‌റഫ് എടത്തൊടികയാണ്. ആദ്യ ഗുരു അജ്മലിന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു അഷ്‌റഫ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അനസിന്റെ പിതാവ് രോഗാവസ്ഥയിലാണ്. ദുഃഖം കടിച്ചമർത്തിയാണ് അനസ് ഇന്ത്യൻ ക്യാമ്പിൽ പങ്കെടുത്തത്. ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്‌റ്റൈന്റൈൻ കണിശക്കാരനായിരുന്നുവെങ്കിലും സ്വകാര്യമായി അനസിനോട് പറഞ്ഞു, കിർഗിസ്ഥാനമായുള്ള മത്സരത്തിന് തൊട്ടു മുമ്പത്തെ ദിവസം ടീമിനൊപ്പം ചേർന്നാൽ മതിയെന്ന്. വീട്ടിലെത്തിയ അനസിനെ പിതാവും മാതാവും കാരണവൻമാരും ചേർന്ന് തിരിച്ചയക്കുകയാണ് ചെയ്തത്. ക്യാമ്പിൽ അനസ് തിരിച്ചെത്തിയപ്പോൾ സഹകളിക്കാർ മാത്രമല്ല കോച്ചും അത്ഭുതപ്പെട്ടു. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ മക്കാവുവുമായുള്ള മത്സരത്തെ കാത്തിരിക്കുകയാണ് അനസ്. അതിന് മുന്നോടിയായി ഏതെങ്കിലും ഏഷ്യൻ ഫുട്‌ബോൾ ശക്തികളുമായി സൗഹൃദ മത്സരത്തിനും സാധ്യതയുണ്ട്.
ഫോം നിലനിർത്താനായാൽ, പരിക്ക് അലട്ടിയില്ലെങ്കിലും ഒരുപാട് കാലം അനസ് ഇന്ത്യൻ ഗോൾമുഖത്ത് വൻമതിലായി തുടരും. ഭാര്യ സുലൈഖ. നാല് വയസ്സുകാരി ഫാത്തിമ ഷാസ്മിൻ, ഏഴു മാസം പ്രായക്കാരൻ ഷഹ്‌സാദ് മുഹമ്മദ് എന്നീ രണ്ടു കുട്ടികളുണ്ട് അനസിന്.






