രാജ്യസഭയില്‍ ശിവസേന പ്രതിപക്ഷത്തിരിക്കും; എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ല

ന്യൂദല്‍ഹി- മഹാരാഷ്ട്രയിലെ രാഷ്ട്രീയ കോലാഹലം ദേശീയ തലത്തിലും ബിജെപി-ശിവസേന സഖ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ നിന്നും പുറത്തു പോയ ശിവ സേന ഇനി രാജ്യസഭയിലും പ്രതിപക്ഷ ബെഞ്ചിലിരിക്കും. ദിവസങ്ങള്‍ക്കു മുമ്പാണ് നരേന്ദ്ര മോഡി സര്‍ക്കാരില്‍ നിന്ന് ശിവ സേന രാജിവച്ചത്. ഇനി പ്രതിപക്ഷത്തായിരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്യസഭയില്‍ ശിവസേനയ്ക്ക് റാവത്ത് ഉള്‍പ്പെടെ മൂന്ന് എംപിമാരാണ് ഉള്ളത്. ഇവര്‍ക്ക് പ്രതിപക്ഷത്തിരിക്കാനുള്ള സീറ്റ് ക്രമൂകരണങ്ങള്‍ നടത്തി.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഇനി ശിവ സേന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. പഴയ എന്‍ഡിഎയും ഇന്നത്തെ എന്‍ഡിഎയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ആരാണ് ഇപ്പോള്‍ എന്‍ഡിഎ കണ്‍വീനര്‍. സ്ഥാപകരില്‍ ഒരാളായ അഡ്വാനി ഇന്ന് സജീവമല്ല- റാവത്ത് പറഞ്ഞു. ശിവ സേന ഔദ്യോഗികമായി എന്‍ഡിഎ മുന്നണി വിട്ടുവോ എന്ന ചോദ്യത്തിന് വേണമെങ്കില്‍ അങ്ങനെ പറയാമെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും റാവത്ത് പറഞ്ഞു.

Latest News