Sorry, you need to enable JavaScript to visit this website.

വിഷ്ണുവിന് ആശ്വാസം; മോഷണം പോയ ബാഗും സര്‍ട്ടിഫിക്കറ്റുകളും തിരികെ കിട്ടി

തൃശൂർ- ബാഗ് മോഷണം പോയതോടെ ജീവിതം കൈവിട്ടുവെന്ന കരുതിയ വിഷ്ണുവിന് ഒടുവിൽ ആശ്വാസം. കള്ളൻ കൊണ്ടുപോയ ബാഗ് ഒടുവിൽ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തുനിന്ന് വിഷ്ണുവിന് തിരികെ ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂർ സ്വദേശിയായ വിഷ്ണുവിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കള്ളൻ തട്ടിയെടുത്തത്. ജർമൻ കപ്പലിൽ ജോലി കിട്ടിയപ്പോൾ ഒറിജനൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പോകുന്നതിനിടെയായിരുന്നു മോഷണം പോയത്. തന്റെ ഫോണും വസ്ത്രങ്ങളും കള്ളൻ കൊണ്ടുപോയാലും സർട്ടിഫിക്കറ്റുകൾ ഭയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേർ വിഷ്ണുവിന്റെ ബാഗ് തിരിച്ചു കിട്ടുന്നതിനായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയിരുന്നു.
പ്രതിമാസം 85,000 രൂപ ശമ്പളത്തിൽ ജർമൻ കപ്പലിൽ അസോസിയേറ്റ് തസ്തികയിൽ വിഷ്ണുവിന് നിയമനം ലഭിച്ചിരുന്നു. ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മാത്രമേ നിയമന ഉത്തരവ് കിട്ടൂ. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിനായുള്ള യാത്രയിലാണ് തൃശൂർ റയിൽവേ സ്‌റ്റേഷനിൽ വെച്ച് ബാഗ് മോഷണം പോയത്. പാസ്‌പോർട്ട്, കപ്പലിൽ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങിയവയെല്ലാം ബാഗിലായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബാഗ് തിരികെ ലഭിച്ചത്.
 

Latest News