Sorry, you need to enable JavaScript to visit this website.
Tuesday , August   04, 2020
Tuesday , August   04, 2020

ഇരുളുണ്ട്, പക്ഷെ വെളിച്ചമെത്തുക തന്നെ ചെയ്യും

തിരസ്‌കാരം എന്ന പേരിൽ കെ.ജി ശങ്കരപ്പിള്ളയുടെ  ഒരു ശ്രദ്ധേയമായ  കവിതയുണ്ട്. അതിലെ അവസാനത്തെ വരി ഇങ്ങനെയാണ്: 
''പഠിച്ച് പക്വത നേടിയവർ ബുദ്ധിയുള്ള വിശപ്പുമായി വന്നു പിടിച്ച് ചന്തങ്ങളഴിച്ചെറിഞ്ഞ് തിന്നു.'' മഹർഷിയിൽനിന്ന് കാര്യങ്ങൾ പഠിക്കാൻ പോയ കോഴിയും കാക്കയും  പഠിച്ച  പാഠങ്ങളോട്  സ്വീകരിച്ച  വ്യത്യസ്ത  സമീപനങ്ങളുടെ  ഫലം വരച്ചുകാട്ടുകയാണീ  കവിതയിൽ. അനുസരണ അധികമായുള്ള കോഴി ഒടുവിൽ ക്രൂരതയ്ക്ക് ഇരയാക്കപ്പെടുന്നതും കാര്യങ്ങളെ വിമർശന ബുദ്ധിയോടെ സമീപിക്കുന്ന കാക്ക പലരോടും തൽക്കാലം തോറ്റെങ്കിലും ആകാശങ്ങൾ കീഴടക്കി പറക്കുന്നതുമാണ് കവിതയിലെ പ്രമേയം. ഇതിപ്പോൾ ഓർമ്മ വരാനുള്ള കാരണം, നമ്മുടെ കലാലയങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭീകരമായ ജീർണ്ണതയെ കുറിച്ചുള്ള പല തരം  വാർത്തകളാണ്. 
നാളുകൾ കഴിയുന്തോറും നമ്മുടെ കൗമാരക്കാർ കേട്ടു കേൾവിയില്ലാത്ത വിധം പല കോണുകളിൽ നിന്നും  സമ്മർദ്ദത്തിലാക്കപ്പെടുന്നു. ഇപ്പോഴിതാ ജാതിയുടേയും  മതത്തിന്റെയും പേരിൽ  കൗമാര മനസുകളിൽ വിഷം കോരിയിട്ട് നന്മയാർന്ന മനസ്സുകളെ ക്രൂരമായി പീഡിപ്പിക്കുന്ന കശ്മലൻമാരായി രാജ്യത്തെ ഉന്നത വിദ്യാലയങ്ങളിലെ ചിലരെങ്കിലും മാറുന്നതായി കേൾക്കുന്നു.  സാങ്കേതിക വിദ്യയിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുള്ള   അഭിനവ ദ്രോണാചാര്യൻമാർ മനുഷ്യ പറ്റിന്റെ ബാലപാഠം പോലും വശമില്ലാത്ത വിധം ഭീകര രാക്ഷസരൂപികളായി സധൈര്യം നിർലജ്ജമായി അരങ്ങ് വാഴുന്നതായി പറയപ്പെടുന്നു. നിർദ്ദയം ഇളം തലമുറയുടെ ആത്മവീര്യം കെടുത്തി ആത്മനിന്ദയിലേക്കും  ആത്മഹത്യയിലേക്കും  ഇവർ വിദ്യാർത്ഥികളെ നയിക്കുന്നതായി ആരോപണമുയർന്നിരിക്കുന്നു.  ഒരു കലാലയത്തിലും ഈ പ്രവണത  ആവർത്തിക്കാൻ പാടില്ലാത്ത വിധം പഴുതടച്ചുള്ള അന്വേഷണം നടക്കേണ്ടതുണ്ട്. 
സ്വാതന്ത്ര്യാനന്തരം നീണ്ട ദശാബ്ദങ്ങളിലൂടെ വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങളിലൂടെയും നമ്മുടെ നാട് നേടിയെടുത്ത അഖണ്ഡതയും മതമൈത്രിയും സമൂഹ്യ സുരക്ഷയും ഭീതിദമായ തരത്തിൽ ദിനം പ്രതി ശിഥിലമായി കൊണ്ടിരിക്കുന്നു. നെറികെട്ട തരത്തിൽ അന്യവൽക്കരണവും അരക്ഷിതാവസ്ഥയും വിതച്ച് രാജ്യത്തിന്റെ ശാന്തിയും സമാധാനവും സുരക്ഷിതത്വവും കശക്കിയെറിയുന്ന തൽപര കക്ഷികൾ ഭീകരമായ അരാജകത്വത്തിലേക്കാണ്  നമ്മുടെ രാജ്യത്തെ നയിച്ച് കൊണ്ടിരിക്കുന്നത്. കാട്ടുതീ പോലെ നിയന്ത്രണാതീതമായി പടരുന്ന ഈ ദുരവസ്ഥ മനുഷ്യത്വമുള്ളവരുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും. 
പിറന്ന ജാതിയുടെ, വിശ്വസിച്ചിരിക്കുന്ന മതത്തിന്റെ, കഴിക്കുന്ന ഭക്ഷണത്തിന്റെ, അണിയുന്ന വസ്ത്രത്തിന്റെയെല്ലാം  പേരിൽ പലയിടങ്ങളിലും  നിരന്തരം അപരവൽക്കരിക്കപ്പെടുകയും വേട്ടയാടപ്പെടുകയും മൃഗീയമായി കൊല്ലപ്പെടുകയും ചെയ്യുന്നു. ദാരുണമായ ഇത്തരം സംഭവങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം പെരുകി കൊണ്ടിരിക്കുന്നു. ചങ്ക് പറിക്കുന്ന പ്രകോപനങ്ങൾ പടച്ചെടുത്ത്  ജനങ്ങളെ ഭിന്നിപ്പിച്ചും   കലാപങ്ങൾ ഉണ്ടാക്കിയും   അധികാരവും സമ്പത്തും കൊയ്യാൻ നികൃഷ്ടമായ രീതിയിൽ ചിലർ  കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. ഇവരുടെ  മനുഷ്യത്വഹീനമായ പ്രചാരവേലകൾക്കും  കുടിലമായ വിദ്വേഷ വിപണനത്തിനുമെതിരെ വിവേകമതികൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി അതിശക്തമായ ജാഗ്രത പാലിക്കുകയും  പ്രതിരോധ നടപടികൾ  സ്വീകരിക്കുകയും  വേണം.  അല്ലെങ്കിൽ ക്രമേണ  തകർന്നടിയുന്നത്  ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ ആയിരിക്കില്ല നമ്മുടെ നാടിലെ മുഴുവനാളുകളുടേയും സൈ്വര ജീവിതവും സമാധാനാന്തരീക്ഷവുമായിരിക്കും.
രാജ്യത്ത് നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥയും അഭിപ്രായ സ്വാതന്ത്ര്യവും  ഇല്ലായ്മ ചെയ്യാൻ  യാതൊരു കാരണവശാലും ആരേയും  അനുവദിക്കരുത്. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന പരസ്പര സാഹോദര്യവും സഹിഷ്ണുതയും തകർക്കാൻ വെമ്പൽ കൊള്ളുന്ന ദുഷ്ടശക്തികളെ ഇനിയും കയറൂരി വിട്ടാൽ അപരിഹാര്യമായ കെടുതികളിലേക്കായിരിക്കും നാട് ചെന്നെത്തുക.
വിഷലിപ്തമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെയും പെയ്ഡ് മീഡിയയിലൂടെയും പാഠപുസ്തകങ്ങളിലൂടെയും സ്വകാര്യ പരിശീലന പരിപാടികളിലൂടെയും നിക്ഷിപ്ത താൽപ്പര്യക്കാർ കുത്തിവെക്കുന്ന വൈരവും വിദ്വേഷവും യുവാക്കളിലും ഇളം തലമുറയിലും സ്‌ഫോടനാത്മകമായ മനോനിലയാണ് വളർത്തുന്നത്.  ആഭ്യന്തര കലാപത്തിലേക്കും ഭീകരമായ മനുഷ്യക്കുരുതിയിലേക്കുമായാണ് ഇത്തരക്കാർ രാജ്യത്തെ സജ്ജമാക്കി കൊണ്ടിരിക്കുന്നതെന്ന് ബുദ്ധി പണയം വെക്കാത്ത ആർക്കും എളുപ്പത്തിൽ ബോധ്യപ്പെടും.
അതിവിനയത്തോടെ കോഴികളായി ഒതുങ്ങിക്കൂടി ഒടുവിൽ ക്രൂരമായി ഇരയാക്കപ്പെടാനല്ല കാക്കകളായി ഒച്ചയിട്ട് വാനിൽ പറന്നുയരാനുള്ള അതിജീവനത്തിന്റെ വിദ്യയാണ് കാലഘട്ടം ഇളം തലമുറയിൽനിന്ന് ആവശ്യപ്പെടുന്നത്. ചരിത്ര ബോധവും വിമർശനബുദ്ധിയും അന്യായം കണ്ടാൽ തന്റേടത്തോടെ ചോദ്യം ചെയ്യാനുള്ള കരുത്തും ആത്മധൈര്യവുമുള്ള ഒരു തലമുറയാണ് വളർന്ന് വരേണ്ടത്. എവിടെയായാലും  സത്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടി  നിലകൊള്ളുന്നതിലാണ് അന്തസ് എന്ന് അവർ പഠിക്കട്ടെ. ക്ലാസ് മുറിക്കകത്തെ 
നിസ്സാരമായ ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയും   ഏതെങ്കിലും ചിലരുടെ സങ്കുചിതമായ  ചെയ്തികൾക്ക് മുന്നിൽ പരാജിതരായും  പാഴാക്കി കളയേണ്ടതല്ല നമ്മുടെ വിജയ പ്രതീക്ഷകളും ജീവിതാനന്ദവുമെന്ന് അവരെ നിരന്തരം ഓർമിപ്പിക്കുക. 
മഹാഭൂരിപക്ഷം വരുന്ന മനുഷ്യർ സ്‌നേഹ സാഹോദര്യത്തിലും പരസ്പര ഐക്യത്തിലും സഹകരണത്തിലും വസിക്കുന്നതാണ് നമ്മുടെ ലോകമെന്ന് അവർ അറിയട്ടെ. ആ ലോകത്തെ ശക്തിപ്പെടുത്താനും കൂടുതൽ ഐശ്വര്യ സമ്പന്നമാക്കാനുമാവണം  അവരുടെ പരിശ്രമങ്ങൾ. അതിനാവണം  എല്ലാറ്റിലുമുപരി  അവരുടെ വായനയും എഴുത്തും അന്വേഷണ ഗവേഷണങ്ങളും വാദപ്രതിവാദങ്ങളും.
ഏതെങ്കിലും പ്രത്യേക കാരണത്താൽ ചിലനേരത്തുണ്ടാവുന്ന പൊടുന്നനേയുള്ള വികാരത്തള്ളിച്ചയിൽ വെളിച്ചം നഷ്ടപ്പെട്ട് സ്വയം പഴിച്ചില്ലാതാവുകയല്ല വേണ്ടത്. 
ചരിത്ര സാമൂഹ്യ സാംസ്‌ക്കാരിക ശാസ്ത്ര മതപഠനങ്ങളിലൂടെ ജീവിതത്തിലെ  ചെറുതും വലുതുമായ എല്ലാ  വെല്ലുവിളികളേയും പ്രതിസന്ധികളേയും  ആർജവത്തോടെ അഭിമുഖീകരിക്കാനുള്ള കെൽപും കഴിവും  പഠനത്തോടൊപ്പം  സ്വായത്തമാക്കാനുള്ള സാഹചര്യങ്ങൾ അവർക്കായി  ഒരുക്കപ്പെടണം.  അതിനായുള്ള  ഉൾവെളിച്ചവും ഉൾ കരുത്തും പകരുന്നതിൽ  അധ്യാപകരും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധാലുക്കളാവേണ്ടതുണ്ട്.  
ഉപരിപഠന രംഗത്തെ തീവ്രപരിശീലന ശൈലികളുമായും അതുമായി ബന്ധപ്പെട്ട  പിരിമുറുക്കങ്ങളുമായും  അവധാനപൂർവ്വം ഒത്തുപോവാനും സത്യത്തിനും  നീതിക്കും വേണ്ടി സധൈര്യം  നിലകൊള്ളാനുമുള്ള  കരുത്തും ആത്മവിശ്വാസവും അവരിൽ പാകപ്പെടുത്തിയെടുക്കണം. 
തൽക്കാലം ഇരുളെത്ര കനത്താലും നേരമേറെ കഴിയുന്നതിനു മുന്നേ വെളിച്ചമെത്താതിരിക്കില്ലെന്ന ശുഭാപ്തി വിശ്വാസമായിരിക്കണം  അവരെ നയിക്കേണ്ടത്.

Latest News