Sorry, you need to enable JavaScript to visit this website.

നിങ്ങൾ നിരീക്ഷണത്തിലാണ്; കാത്തിരിക്കുന്നത്  വൻ സമ്മാനങ്ങളും


വാഹനം ഓടിക്കൽ ഒരു കലയാണ്. രാഗലയ താളങ്ങൾ ഒത്തു ചേർന്ന് സംഗീതം ശ്രുതി മധുരമാകുന്നതു പോലെ ഗതാഗത നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി വാഹനം ഓടിക്കാൻ കഴിയുന്ന ഡ്രൈവറെയും ഒരു കലാകാരനോട് ഉപമിക്കാം. സംഗീതം മനസ്സിന് കുളിരേകുന്നതു പോലെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വില കൽപിച്ചുള്ള കുറ്റമറ്റ ഡ്രൈവിംഗ് ആനന്ദകരവും ആസ്വാദ്യകരവുമാണ്. ആ രീതിയിലേക്ക് സൗദിയിൽ  വാഹനം ഓടിക്കുന്നവരെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ്. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ സഹകരണത്തോടെ വൻ പാരിതോഷികങ്ങളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ട്രാഫിക് ഡയറക്ടറേറ്റ്  മൂന്നു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഒരു വകുപ്പ് ആദ്യമായാണ് ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി പാരിതോഷികവും സമ്മാനങ്ങളും വിതരണം ചെയ്യുന്നതെന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 
ഗതാഗത നിയമങ്ങൾ പാലിച്ച് സുരക്ഷിത ഡ്രൈവിംഗ് കാഴ്ച വെക്കുന്നവരെ കാത്തിരിക്കുന്നത് പത്തു കാറുകളാണ്. കാമ്പയിന്റെ മുഖ്യ സ്‌പോൺസർമാരായ കിയ കമ്പനിയാണ് കാറുകൾ നൽകുന്നത്. കൂടാതെ ഒട്ടേറെ പേർക്ക് 500 റിയാലിന്റെ സമ്മാനങ്ങളും വേറെയുമുണ്ട്. സമ്മാനത്തിനർഹരായവരെ കണ്ടെത്തുക രഹസ്യ പോലീസുകാരായിരിക്കും. ഇപ്പോൾ സൗദിയിൽ വാഹനമോടിക്കുന്നവരെല്ലാം രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലാണ്. വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ പാലിക്കുന്നുണ്ടോ, ഗതാഗത നിയമങ്ങൾ അനുസരിക്കുന്നുണ്ടോ തുടങ്ങിയവയാണ് പോലീസുകാർ നിരീക്ഷിക്കുന്നത്. ഇവരുടെ നിരീക്ഷണത്തിൽ നല്ല രീതിയിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്തിയാലുടൻ അവരെ തടഞ്ഞു നിർത്തി അപ്പോൾ തന്നെ പ്രോത്സാഹന സമ്മാനം നൽകും.
 ഇങ്ങനെ സമ്മാനം ലഭിക്കുന്നവരെയെല്ലാം ഉൾപ്പെടുത്തി പിന്നീട് നടത്തുന്ന നറുക്കെടുപ്പിലൂടെയായിരിക്കും കാറുകൾ സമ്മാനമായി ലഭിക്കുക. അതുകൊണ്ട് ശ്രദ്ധിക്കുക, വാഹനം ഓടിക്കുന്നവരെല്ലാം രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലാണ്. മര്യാദകൾ പാലിച്ചാണോ വാഹനം ഓടിക്കുന്നത്, എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങളാണ്. 
എന്താണ് സൗദി ട്രാഫിക് ഡയറക്ടറേറ്റിനെ ഇത്തരമൊരു കാമ്പയിന് പേരിപ്പിച്ചത്? മറ്റൊന്നുമല്ല, ലോകത്ത് ഇന്ന് ട്രാഫിക് അപകടങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഒരു ലക്ഷത്തിൽ 28 പേരുടെ ജീവൻ വാഹനാപകടങ്ങളിൽ സൗദിയിൽ പൊലിയുന്നുണ്ടെന്നാണ് കണക്ക്. 2017 ൽ ഏഴായിരത്തിലേറെ പേരാണ് സൗദി അറേബ്യയിൽ വാഹനാപകടങ്ങളിൽ മരിച്ചത്. പരിക്കേറ്റ ആയിരങ്ങൾ വേറെ. 2018 ൽ ഇത് 6025 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ലോക നിലവാരത്തിലെത്താൻ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ മാർച്ചിൽ റിയാദിൽ നടന്ന ഗതാഗത സുരക്ഷാ സമ്മേളനത്തിൽ  വിലയിരുത്തിയിരുന്നു. ലോകത്തെ ഗതാഗത സുരക്ഷാ വിദഗ്ധർ പങ്കെടുത്ത ഈ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയമാണ് സൗദിയിലെ വാഹനാപകടങ്ങളുടെ കണക്കുകൾ വെളിപ്പെടുത്തിയത്. സ്വീഡൻ, ബ്രിട്ടൻ, നെതർലാൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും സുരക്ഷിത ഡ്രൈവിംഗ് നടക്കുന്നതെന്നാണ് കണ്ടെത്തൽ. ഇവിടങ്ങളിൽ ഒരു ലക്ഷത്തിൽ മൂന്നു പേർ മാത്രമാണ് വാഹനാപകടങ്ങളിൽ മരിക്കുന്നതെങ്കിൽ സൗദിയിൽ അത് 28 ആണ്. 
വാഹനാപകടങ്ങൾ എങ്ങനെ കുറക്കാം എന്ന ചിന്തയാണ് പാരിതോഷികങ്ങൾ നൽകിയുള്ള കാമ്പയിന് ട്രാഫിക് ഡയറക്ടറേറ്റിനെ പ്രേരിപ്പിച്ചത്. കുറഞ്ഞത് ഒരു ലക്ഷത്തിന് എട്ട് എന്ന തോതിലെങ്കിലുമാക്കി മരണ നിരക്ക് കുറക്കുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം. വിഷൻ 2030 ഉം ലക്ഷ്യമിടുന്നത് ഇതു തന്നെയാണ്. വേഗ നിയന്ത്രണവും പൊതു ഗതാഗത സൗകര്യം വർധിപ്പിക്കലും അപകടങ്ങളുടെ തോത് കുറക്കാൻ സഹായിക്കുമെന്ന് റിയാദിലെ സമ്മേളനത്തിൽ പങ്കെടുത്ത ലോകാരോഗ്യ സംഘടനയുടെ അൺ ഇന്റൻഷനൽ ഇൻജുറി പ്രിവൻഷൻ ഡയറക്ടർ ഡോ. നാൻ ട്രാൻ അഭിപ്രായപ്പെട്ടിരുന്നു. വാഹനാപകട മരണത്തിൽ സൗദി അറേബ്യയുടെ നിരക്ക് വളരെ കൂടുതലാണെന്നും സുരക്ഷിത ഡ്രൈവിംഗിന് കാര്യക്ഷമമായ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. വീണ്ടുവിചാരമില്ലാത്ത, അലസമായ ഡ്രൈവിംഗ് എന്നാണ് സൗദിയിലെ ഡ്രൈവിംഗിനെ ഇന്റർനാഷനൽ റോഡ് ഫെഡറേഷൻ എഡ്യുക്കേഷൻ വൈസ് പ്രസിഡന്റ് മൈക് ഡ്രസ്‌നസ് വിശേഷിപ്പിച്ചത്. വാഹനാപകടങ്ങളുടെ വർധനക്ക് കാരണമിതാണ്. ഇതു കുറക്കാൻ അതിശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടിരുന്നു. 
ഇത്തരമൊരു സാഹചര്യത്തിൽ റോഡുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റ ശൈലിയിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നതിനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി വ്യക്തമാക്കി. രാജ്യത്തെ 85 ശതമാനം വാഹനാപകടങ്ങളും ഡ്രൈവർമാരുടെ പിഴവും നിയമലംഘനങ്ങളും മൂലമാണ്. 
റോഡിൽ അച്ചടക്കം പാലിക്കുന്നതിന് ഡ്രൈവർമാരെ പ്രേരിപ്പിക്കും. മൂന്നു മാസത്തെ കാമ്പയിനിലൂടെ ഒരു പരിധി വരെ ഇതു സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഡ്രാഫിക് ഡയറക്ടറേറ്റ്. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളിലൂടെ ഖജനാവിലേക്ക് വരുമാനമുണ്ടാക്കുകയല്ല, മറിച്ച് ജീവന് വില കൽപിക്കാത്ത വളരെ ചെറിയ ന്യൂനപക്ഷത്തിൽനിന്ന് നിരപരാധികൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യമെന്ന ദേശീയ റോഡ് സുരക്ഷാ സെന്റർ മേധാവി ഡോ.അലി അൽഗാംദിയുടെ വാക്കുകൾക്കും ഏറെ പ്രസക്തിയുണ്ട്.  
ട്രാഫിക് ഡയറക്ടറേറ്റിന്റെ കാമ്പയിൻ വിജയിപ്പിക്കേണ്ടത് സൗദിയിൽ വാഹനം ഓടിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും ബാധ്യതയാണ്. ജീവൻ, അതു വിലപ്പെട്ടതാണ്. നിയമ ലംഘനങ്ങൾ നടത്തിയുള്ള അലസമായ ഡ്രൈവിംഗിലൂടെ മറ്റൊരാളുടെ ജീവൻ കവരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്. അത് വാഹനം ഓടിക്കുന്ന ഓരോരുത്തരുടെയും ബാധ്യതയാണെന്ന തിരിച്ചറിവാണ് പ്രധാനം. ആ അവബോധം വാഹനം ഓടിക്കുന്ന ഓരോരുത്തരിലും ഉണ്ടാവുമെന്നു തന്നെ പ്രത്യാശിക്കാം. 

Latest News