ആതിഷിന്റെ പൗരത്വം തിരിച്ചുനല്‍കുക; മോഡിക്ക് നൊബേല്‍, ബുക്കര്‍ ജേതാക്കളടക്കമുള്ള പ്രമുഖരുടെ തുറന്ന കത്ത് 

ന്യൂയോര്‍ക്ക്- ഇന്ത്യക്കാരനായ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആതിഷ് തസീറിന്റെ പ്രവാസി ഇന്ത്യന്‍ പൗരത്വം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് നൊബേല്‍, ബുക്കര്‍ അടക്കമുള്ള ഉന്നത സാഹിത്യ പുരസ്‌ക്കാര ജേതാക്കളായ ഒര്‍ഹന്‍ പാമുക്, മാര്‍ഗരറ്റ് ആറ്റ്‌വൂഡ്, സല്‍മാന്‍ റുശ്ദി, അനിത ദേശായി, അമിതവ് ഘോഷ് എന്നിവരടക്കം 260 ലോക പ്രശസ്ത എഴുത്തുകാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി. മോഡിയെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന് ആതിഷ് തസീറിനോട് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികാരം വീട്ടുകയാണെന്നും തുറന്ന സംസാരിക്കുന്നതിന്റെ പേരില്‍ ഒരു എഴുത്തുകാരനും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ പ്രമുഖര്‍ മോഡിയോട് ആവശ്യപ്പെട്ടു. എഴുത്തുകാരുടെ സ്വതന്ത്ര വേദിയായ പെന്‍ അമേരിക്കയിലാണ് ഈ തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. 

ഇന്ത്യക്കാരും അല്ലാത്തവരുമായ എഴുത്തുകാരെ രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കാത്തത് പൊതു സംവാദങ്ങളെ ദുര്‍ബലപ്പെടുത്തും. സ്വതന്ത്രവും തുറന്നതുമായ സംവാദങ്ങളേയും വൈവിധ്യ കാഴ്ചപ്പാടുകളേയും മാനിക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തിനെതിരായ വെല്ലുവിളിയാണിത്. കരുത്തുറ്റ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ഇതു തകര്‍ക്കുമെന്നും കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയവാദിയും അതിവേഗം സ്വേച്ഛാധിപതിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിൽ ഒരു മാധ്യമപ്രവര്‍ത്തകനെതിരായ പ്രതികാരമാണിത്. മറ്റെന്തെങ്കിലും ആണെന്ന് നടിക്കേണ്ടതില്ല- കത്തില്‍ പറയുന്നു. ചിമമാന്‍ഡ അഡിചി, ക്രിസ്റ്റ്യന്‍ അമന്‍പോര്‍, മൈക്കല്‍ ഷാബോന്‍, ജോണ്‍ കൂറ്റ്‌സി, ജുംപ ലാഹിരി, സുകേതു മേത്ത, പെരുമാള്‍ മുരുഗന്‍, മനില്‍ സൂരി എന്നിവരും കത്തില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടും. 

Latest News