Sorry, you need to enable JavaScript to visit this website.

കാൽ നൂറ്റാണ്ടിലെ കലാ പ്രവാസത്തിന് വിട;  മൻസൂർ എടവണ്ണ നാട്ടിലേക്ക്  

ജിദ്ദ - കാൽ നൂറ്റാണ്ടിലേറെ കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജിദ്ദയിലെ കലാ രംഗത്തെ നിറസാന്നിധ്യമായ മൻസൂർ എടവണ്ണ നാട്ടിലേക്കു മടങ്ങുന്നു. ഗായകൻ, സംഘാടകൻ, ശബ്ദ, വെളിച്ച മിശ്രണ വിദഗ്ധൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച് അവസാനം സംഗീത സംവിധായകൻ എന്ന പദവി കൂടി അലങ്കരിച്ചാണ് മൻസൂറിന്റെ മടക്കം. മൻസൂർ ആലാപനവും സംഗീതവും നിർവഹിച്ച 'മാതൃകയായി മുത്തു റസൂൽ' എന്ന ഗാനം ഞായറാഴ്ച പ്രകാശനം ചെയ്യും. സഫിറോ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപാകെ നടത്തുന്ന പ്രകാശനം മൻസൂറിന് അർഹിക്കുന്ന യാത്രയപ്പു കൂടിയാണ്. അബ്ദുറഹ്മാൻ തുറക്കൽ രചനയും ഹസൻ കൊണ്ടോട്ടി നിർമാണവും മുസ്തഫ കുന്നുംപുറം ചിത്രസംയോജനവും നിർവഹിച്ച ഈ ഗാന ചിത്രീകരണത്തിന്റെ ക്യാമറ മുനീർ കാട്ടുമുണ്ടയും ഓഡിയോ മിക്‌സിംഗ് സുബൈർ ഷായും ഓർക്കസ്ട്ര ഹിറ്റ്‌സ് ആന്റ് ബിറ്റ്‌സ് കൊളപ്പുറവുമാണ് നടത്തിയിരിക്കുന്നത്. സംഗീതം പഠിക്കാതെ സംഗീത രംഗത്തേക്കു കടന്നുവന്ന് തന്റേതായ വഴിത്താര തുറക്കാനും മികച്ച കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കാനും കഴിഞ്ഞുവെന്നതാണ് മൻസൂറിനെ വ്യത്യസ്തനാക്കുന്നത്. 
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം 1993 ലാണ് പ്രവാസിയായത്. തുടക്കം ലിമോസിൻ ഡ്രൈവറുടെ ജോലിയായിരുന്നു. പിന്നീട് സ്വന്തം ബിസിനസ് നടത്തിയും അതിനു ശേഷം കുനെ നഗൽ എന്ന സ്ഥാപനത്തിൽ ജോലിക്കു കയറിയുമാണ് പ്രവാസം മുന്നോട്ടു കൊണ്ടുപോയത്. 14 വർഷമായി ജർമൻ ആസ്ഥാനമായുള്ള കുനേ നഗൽ സ്ഥാപനത്തിലാണ് ജോലി. ശിഷ്ടകാലം കുടുംബത്തോടൊപ്പം നാട്ടിൽ കഴിയുകയെന്ന മോഹവുമായാണ് മൻസൂറിന്റെ മടക്കം. സംഗീത പരിപാടികളിൽ പങ്കാളിയായും നാട്ടിലുള്ള പാരാമെഡിക്കൽ സ്ഥാപനങ്ങൾ നടത്തിയും കുടുംബത്തോടൊപ്പം ജീവിതം കഴിക്കാനുള്ള ആഗ്രഹവുമായാണ് പ്രിയപ്പെട്ട ജിദ്ദയോട് വിട പറയുന്നത്. 
ജിദ്ദയിലെത്തി ഏഴു വർഷത്തോളം ടാക്‌സി രംഗത്തു നിന്നു. വിരസമായ പ്രവാസത്തിന് ഊർജം പകർന്നിരുന്നത് ഓട്ടം പോകുന്ന വേളയിലെ മൂളിപ്പാട്ടായിരുന്നു. ടാക്‌സി ഡ്രൈവേഴ്‌സ് ഒത്തുകൂടുമ്പോൾ ഷറഫിയയിലെ ബൂഫിയയിലിരുന്നും താമസ കേന്ദ്രങ്ങളിലും പാട്ടുപാടിയാണ് മൻസൂർ സംഗീത വാസനയെ തേച്ചുമിനുക്കിയത്. പിന്നീട് വേദിയിൽ ഒരു അവസരത്തിനുള്ള ശ്രമമായി. അങ്ങനെയിരിക്കേയാണ് സുഹൃത്ത് അലി പട്ടാക്കൽ വൈലത്തൂർ അതിനുള്ള വഴിയൊരുക്കിയത്. അന്ന് കലാകാരന്മാരുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകിയിരുന്ന ജിദ്ദ കലാ സമിതി പോലുള്ള വേദികളിൽ അവസരം ലഭിക്കുകയും പിന്നീട് പുതിയ വേദികൾ കണ്ടെത്തിയും സ്വന്തമായി സൃഷ്ടിച്ചുമാണ് മൻസൂർ കലാരംഗത്തു സാന്നിധ്യം ഉറപ്പിച്ചത്. ഇതിനിടെ ചാനലുകളിൽ പാടുന്നതിനും അവസരം ലഭിച്ചു. യേശുദാസിന്റെ ഗാനങ്ങളോടും യേശുദാസിനോടുള്ള പ്രിയവുമാണ് മൻസൂറിനെ ഗായകനാക്കി മാറ്റിയത്. ബഹ്‌റൈനിൽ യേശുദാസ് എത്തുന്ന വിവരം അറിഞ്ഞ് അവിടെ എത്തി അദ്ദേഹത്തെ കാണാനും തുടർന്ന് തന്നെ ചേർത്തു നിർത്തി യേശുദാസ് ഫോട്ടോ എടുപ്പിച്ചതും ജീവിതത്തിലെ സുവർണ നിമിഷമായാണ് മൻസൂർ കാണുന്നത്.


കലാ രംഗത്തെ പ്രവർത്തനങ്ങൾ എടവണ്ണ ലൈറ്റ് ആന്റ് സൗണ്ട്‌സ് തുടങ്ങുന്നതിനും പത്തു വർഷക്കാലം അതു കൊണ്ടു നടക്കുന്നതിനും മൻസൂറിനെ സഹായിച്ചു. പിന്നീട്  അതുപേക്ഷിച്ചുവെങ്കിലും കലാകാരന്മാരെ കൊണ്ടുവന്ന് പരിപാടികൾ സംഘടിപ്പിക്കുന്നതും മ്യൂസിക്കൽ റെയിൻ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ച് ജിദ്ദയിലെ കലാകാരന്മാർക്ക് അവസരമൊരുക്കുന്നതും തുടർന്നു.

മാമുക്കോയ, കോട്ടയം നസീർ, അബി, അഫ്‌സൽ കൊച്ചി, ബിജു നാരായണൻ, റംലാ ബീഗം, എരഞ്ഞോളി മൂസ, കണ്ണൂർ സീനത്ത് തുടങ്ങിയ കലാകാരന്മാരെ ജിദ്ദയിൽ കൊണ്ടുവരുന്നതിൽ പങ്കാളിയാവാൻ മസൂറിന് കഴിഞ്ഞിട്ടുണ്ട്. സി.എം. അഹമ്മദ്, ഹസൻ കൊണ്ടോട്ടി, മുസ്തഫ കുന്നുംപുറം, ഹമീദ് മലയിൽ, അഷ്‌റഫ് വലിയോറ, മുസ്തഫ തോളൂർ, കെ.ടി. ഷുക്കൂർ, എം.എസ്. അലി, അബ്രാർ തലാക്കി തുടങ്ങിയവരുടെ സഹായങ്ങൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലും മിർസാ ഷെരീഫ്, ജമാൽ പാഷ, കരീം മാവൂർ തുടങ്ങിയവരുടെയെല്ലാം പ്രോത്സാഹനം ഗാനാലാപനത്തിലും മൻസൂറിനുണ്ടായിട്ടുണ്ട്. കലാ രംഗത്ത് തനിക്ക് എന്തെങ്കിലും സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു ജിദ്ദയിലെ ജനങ്ങളുടെ സഹകരണം ഒന്നുകൊണ്ടു മാത്രമാണെന്നും മൻസൂർ വിശ്വസിക്കുന്നു. 


ജിദ്ദയിലേതു പോലെ നാട്ടിലും കലാ രംഗത്തും സാമൂഹിക സേവന രംഗത്തും തന്നെക്കൊണ്ടാവുന്ന സേവനങ്ങൾ തുടരണമെന്ന മോഹവുമായാണ് നാട്ടിലേക്ക്  മടങ്ങുന്നത്. ഭാര്യ അനീസയും മക്കളായ ജൂബിയും റാസിയും ലിയാനയും മൻസൂറിന്റെ പ്രവർത്തനങ്ങൾക്ക് എപ്പോഴും പിന്തുണയായി കൂട്ടിനുണ്ട്.  

Latest News