Sorry, you need to enable JavaScript to visit this website.

രാജ്യതാല്‍പര്യത്തിനെതിരെ നിലകൊണ്ട രാഹുല്‍ ഗാന്ധി മാപ്പ് പറയണം -ബി.ജെ.പി

ന്യൂദല്‍ഹി- റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളോടു മാപ്പു പറയണമെന്നു ബി.ജെ.പി.  രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി ആരോപണങ്ങള്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷാ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് പുനഃപരിശോധനാ ഹരജി തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ നടപടി. ഇത് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യവും അഴിമതി മുക്തവുമാണെന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ്. റഫാല്‍ ഇടപാടിന്റെ പേരില്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ പ്രതിഷേധം വെറും തട്ടിപ്പായിരുന്നെന്നും അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ മോഷ്ടാവ് എന്നു വിളിച്ച് ആക്ഷേപിച്ചതിനു പുറമേ സുപ്രീംകോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചും കള്ളം പറഞ്ഞുവെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ പിന്തുണച്ചിരുന്നത് ഏത് ശക്തിയാണെന്ന് അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണങ്ങളും സംശയത്തിന്റെ നിഴലിലാണെന്നും റഫാല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി ഇന്ന് മാപ്പ് പറയേണ്ട ദിവസമാണ്. റഫാല്‍ കേസിലെ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി തള്ളിയിരിക്കുന്നു. രാഹുല്‍ മാപ്പ് പറഞ്ഞ് കോടതിയില്‍നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, രാഹുല്‍ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയാന്‍ തയാറാകണം-  മന്ത്രി ആവശ്യപ്പെട്ടു.

 

Latest News