Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തോട് നീതി പുലർത്താത്ത സി.പി.എം

ലോകത്ത് തന്നെ അവശേഷിക്കുന്ന ചുരുക്കം കമ്യൂണിസ്റ്റ് പാർട്ടികളിൽ പ്രധാനപ്പെട്ട ഒന്നായ കേരളത്തിലെ സി.പി.എമ്മിന് എന്താണ് സംഭവിക്കുന്നത്? ജനാധിപത്യ സംവിധാനത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തെ സത്യസന്ധമായി ഉൾക്കൊള്ളാതിരിക്കുകയും പഴയ കമ്യൂണിസ്റ്റ് ആചാര്യർ എഴുതിവെക്കുകയും ലോകം തള്ളിക്കളയുകയും ചെയ്ത ഏക പാർട്ടി ഭരണം കിനാവു കാണുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് സംഭവിക്കുന്ന സ്വാഭാവിക അപചയത്തിലൂടെ തന്നെയാണ് ഈ പാർട്ടി കടന്നു പോകുന്നതെന്നു കാണാം.
അലനെന്നും താഹയെന്നും പേരുള്ള രണ്ടു കൗമാരക്കാരെ യു.എ.പി.എ ചുമത്തി തുറുങ്കിലടച്ച സംഭവം സി.പി.എമ്മിന്റെ സമകാലിക അപചയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. സായുധസമരം ഉയർത്തിപ്പിടിക്കുന്ന മാവോയിസ്റ്റുകളോട് അനുഭാവം പുലർത്തുന്നവരാണ് ഇവരെന്നാണല്ലോ ആരോപണം. 19 ഉം ഇരുപതും വയസ്സായ ഇവരെ കഴിഞ്ഞ നാലഞ്ചു കൊല്ലമായി നിരീക്ഷിക്കുന്ന പോലീസിന്റെ കാര്യക്ഷമതയെ കുറിച്ചെന്താണ് പറയുക? അതവിടെ നിൽക്കട്ടെ. 
കേരളത്തിൽ 600 ഓളം ഇതര രാഷ്ട്രീയ പ്രവർത്തകരെ കൊന്നൊടുക്കുകയും അത്രയും പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്ത പ്രസ്ഥാനമാണ് സി.പി.എം എന്നതും കൊന്നവരിൽ പാർട്ടി വിട്ടു പുതിയ കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയ ടി.പി ചന്ദ്രശേഖരനടക്കമുണ്ടെന്നതും അവിടെ നിൽക്കട്ടെ. സായുധ സമരത്തോട് അനുഭാവം പുലർത്തുന്ന അലനേയും താഹയേയും കുറ്റപ്പെടുത്താനും അവർക്കെതിരെ അന്വേഷണം നടത്താനും പുറത്താക്കാനും ഈ പാർട്ടിക്ക് എന്തർഹതയാണുള്ളത്? ഇപ്പോഴും സായുധ സമരത്തെ സി.പി.എം കയ്യൊഴിഞ്ഞിട്ടുണ്ടോ? പാർട്ടി പരിപാടിയെ കുറിച്ചറിയുന്ന ഏതെങ്കിലും നേതാക്കളുണ്ടെങ്കിൽ ഈ ചോദ്യത്തിന് ഉത്തരം പറയട്ടെ. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷം ഇത് സ്വാതന്ത്ര്യമല്ലെന്നു പ്രഖ്യാപിച്ച് സായുധ സമരത്തിന് ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാർട്ടി പിന്നീട് പാർലമെന്ററി ജനാധിപത്യത്തിൽ പങ്കെടുക്കാനാരംഭിച്ചു. അപ്പോഴും സായുധ സമരത്തെ പൂർണമായി നിഷേധിച്ചിട്ടില്ല. അവസരം വന്നാൽ സായുധ സമരത്തിലൂടെ അധികാരം പിടിച്ചെടുക്കുമെന്നു തന്നെയാണ് പാർട്ടി ലൈൻ. 
അതിനുള്ള സാഹചര്യം ഉണ്ടാകുന്നതു വരെ ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുക എന്ന കാപട്യം നിറഞ്ഞതും ജനങ്ങളെ വഞ്ചിക്കുന്നതുമായ നയമാണ് പാർട്ടിയുടേത്. ഈ തട്ടിപ്പ് അംഗീകരിക്കാനവില്ല, സായുധ സമരം മാത്രമാണ് ശരിയെന്നു പ്രഖ്യാപിച്ചാണ് പ്രധാനമായും സി.പി.എമ്മിൽ നിന്നും നക്‌സലൈറ്റുകളും പിന്നീട് മാവോയിസ്റ്റുകളും ഉണ്ടാകുന്നത്. പിന്നീട് സി.പി.ഐ സായുധ സമര പാത ഉപേക്ഷിച്ചെങ്കിലും സി.പി.എം ആ സ്വപ്‌നവുമായാണ് ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്നത്. 
ഈ സാഹചര്യത്തിൽ ചെറുപ്പത്തിന്റെ ആവേശത്തിൽ സ്വാഭാവികമായും സി.പി.എമ്മിലെത്തുന്ന പലരും ഈ വഞ്ചന തിരിച്ചറിഞ്ഞ് സായുധ സമരത്തിലേക്ക് ആകർഷിക്കപ്പെടും. എന്താണ് മറ്റു പാർട്ടികളിൽ നിന്ന് കാര്യമായി ആരും നക്‌സലൈറ്റോ മാവോയിസ്‌റ്റോ ആകാത്തത് എന്നതിൽ നിന്നു കാര്യങ്ങൾ വ്യക്തമല്ലേ? സായുധ സമരവും ഗറില്ലാ സമരവുമൊന്നും അംഗീകരിക്കാത്തവർ ചെഗുവേരയെ ദൈവമായി കാണേണ്ടതില്ലല്ലോ.
 ഇത്തരമൊരു സാഹചര്യത്തിൽ ആവേശം കൈമുതലായി പാർട്ടിയിലേക്കു വന്നവർ സായുധ സമരത്തിൽ ആകൃഷ്ടരായാൽ അവരെ പുറത്താക്കുകയും യു.എ.പി.എ ചുമത്തി അകത്തിടുകയുമാണോ വേണ്ടത്? അതും ഒരാശയത്തിൽ വിശ്വസിക്കുന്നത് കുറ്റകരമല്ല എന്നും കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുന്നതു മാത്രമാണ് കുറ്റകൃത്യമെന്ന കോടതി വിധി നിലനിൽക്കുമ്പോൾ. മാത്രമല്ല, യു.എ.പി.എ തങ്ങളുടെ നയമല്ല എന്ന് പാർട്ടിയും സർക്കാറും പ്രഖ്യാപിക്കുമ്പോൾ. അഖിലേന്ത്യാ സെക്രട്ടറി യെച്ചൂരിയുടെ വാക്കുകൾക്കു പോലും വിലയില്ലാത്ത അവസ്ഥയാണ് സഖാക്കൾ കാണുന്നത്. 
വധശിക്ഷ അംഗീകരിക്കാത്ത പാർട്ടി ഭരിക്കുമ്പോൾ 7 പേരെ വ്യാജ ഏറ്റുമുട്ടലിൽ കൊന്നുകളഞ്ഞ സാഹചര്യത്തിൽ യു.എ.പി.എ എത്ര നിസ്സാരമെന്നായിരിക്കും പല നേതാക്കളും ചിന്തിക്കുന്നത്. സി.പി.എം പ്രവർത്തകരെ അകത്തിടുന്നതു മാത്രമാണ് മറ്റു പലരുടെയും പ്രശ്‌നം. തങ്ങൾ പാർട്ടി കുടുംബമാണെന്നും അതിനാൽ നീതി പ്രതീക്ഷിക്കുന്നു എന്നുമാണ് ഇരുകൂട്ടരുടെയും വീട്ടുകാരും പറഞ്ഞത്. 
ഇപ്പോഴിതാ പാർട്ടിയിൽ 500 ഓളം മാവോയിസ്റ്റുകളുണ്ടെന്ന ഐ.ബി റിപ്പോർട്ടിൽ അന്വേഷണം നടക്കുകയാണത്രേ. അവരെയെല്ലാം കണ്ടെത്തി യു.എ.പി.എ ചുമത്തുമെന്നു തന്നെ കരുതാം. 
സത്യത്തിൽ ആരെങ്കിലും അങ്ങനെ പോകുന്നു എങ്കിൽ അതിനു കാരണം സായുധ സമരത്തോടും ജനാധിപത്യത്തോടുമുള്ള പാർട്ടിയുടെ കാപട്യം നിറഞ്ഞ നിലപാടാണെന്നത് അംഗീകരിച്ച് തിരുത്തുകയാണ് വേണ്ടത്. എന്നാൽ അതിന് തയാറാകുന്നില്ല എന്നതാണ് ഏറ്റവും ദയനീയം.
 ജനാധിപത്യത്തോട് സത്യസന്ധമായ നിലപാടുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ജ്യോതിബസു സ്ഥാനമേൽക്കുമായിരുന്നു. 
എന്നാൽ ജനാധിപത്യത്തേക്കാൾ തങ്ങളുടെ ആധിപത്യമായിരുന്നു അന്ന് പാർട്ടി കണ്ടത്. മറുവശത്ത് സായുധ സമരത്തോട് സത്യസന്ധതയുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. 
ആ കാപട്യമൊക്കെ അതേപോലെ നിലനിർത്തിയാണ് പാർട്ടി 500 ഓളം വരുന്ന ഇടതു വ്യതിയാനക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു സ്ത്രീകൾക്ക് സംരക്ഷണം നൽകി ശബരി സന്നിധാനത്തിലേക്ക് നീങ്ങിയ പോലീസിനെ ഫോണിൽ വിളിച്ച് തിരിച്ചുവിട്ട പിന്തിരിപ്പൻ ചിന്താഗതിക്കാർ പോലും അംഗങ്ങളായുള്ള മന്ത്രിസഭക്ക് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനാണ് മാവോ വേട്ടക്കും യു.എ.പി.എക്കും ചുക്കാൻ പിടിക്കുന്നതെന്നതാണ് ഏറ്റവും വലിയ വൈരുധ്യം. രാഷ്ട്രീയത്തോട് ധൈഷണികമായ സത്യസന്ധത പുലർത്താത്ത ഒരു പ്രസ്ഥാനത്തിന്  സ്വാഭാവികമായും നേരിടേണ്ടിവരുന്ന അപചയം തന്നെയാണ് കേരളത്തിലെ സി.പി.എം ഇന്നു നേരിടുന്നത് എന്നതാണ് യാഥാർത്ഥ്യം. 
 

Latest News