ശബരിമല യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ല; വിശാല ബെഞ്ച് പരിശോധിക്കും

ന്യൂദല്‍ഹി- ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇതു സംബന്ധിച്ച ഹരജികള്‍ വിശാല ബെഞ്ചിന് വിട്ടു.

രണ്ട് ജഡ്ജിമാരുടെ വിയോജിപ്പോടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനം കൈക്കൊണ്ടത്.

മതപരമായ ആചാരങ്ങള്‍ ഉള്‍പ്പെടുന്ന വിഷയം വിശാല ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും വിയോജിപ്പ്  പ്രകടിപ്പിച്ചു.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച നിലവില വിധിക്കു സ്റ്റേയില്ല. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നു നല്‍കിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ 56 ഹരജികളിലും അനുബന്ധ ഹരജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂര്‍ത്തിയായിരുന്നു.
ഇതോടെ യുവതീപ്രവേശത്തിനായി ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ ഹര്‍ജിയില്‍ ആദ്യം മുതല്‍ വീണ്ടും വാദം കേള്‍ക്കാന്‍ അവസരമൊരുങ്ങി.

ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളില്‍ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം. ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ 1990 സെപ്റ്റംബറില്‍ പരാതി നല്‍കി. ഇതു റിട്ട് ഹരജിയായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. 1991 ഏപ്രില്‍ 5ന് ശബരിമലയിലെ യുവതീപ്രവേശം ഹൈക്കോടതി നിരോധിച്ചു. 2006 ലാണ് യങ് ലോയേഴ്‌സ് അസോസിയേഷന്‍ ശബരിമലയില്‍ യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

 

 

 

ശബരിമല വിധി രാവിലെ പത്തരക്ക്; സംസ്ഥാനത്ത് ജാഗ്രത, സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍

 

Latest News