ശബരിമല വിധി രാവിലെ പത്തരക്ക്; സംസ്ഥാനത്ത് ജാഗ്രത, സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം- ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളില്‍ സുപ്രീംകോടതി രാവിലെ 10.30 ന് വിധി പറയും. ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരില്‍ മൂന്നു പേരും യുവതീപ്രവേശത്തെ അനുകൂലിച്ചവരാണ്. യുവതീപ്രവേശ വിലക്കില്‍ തെറ്റില്ലെന്നു വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം ബെഞ്ചിലെ പുതിയ അംഗമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട് നിര്‍ണായകമാകും.

സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. അക്രമത്തിനുമുതിര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു പോലീസ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നാല് റിട്ട് ഹരജികളുള്‍പ്പെടെ 60 ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ച വിധി സുപ്രീംകോടതി തിരുത്തുമോ, അതോ യുവതീപ്രവേശ വിധിയില്‍ ഉറച്ച് നില്‍ക്കുമോ, ഇതു രണ്ടും ചെയ്യാതെ വിഷയം വിശാല ബെഞ്ചിന് വിടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. 2018 സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ശബരി മലയില്‍ യുവതീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞത്.

ഇതിനെതിരായ 56 പുനഃപരിശോധന ഹരജികളിലും നാല് റിട്ട് ഹരജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്നകോടതിയില്‍ വാദം കേട്ടു.

യുവതീപ്രവേശ വിലക്ക് വിവേചനപരമോ അയിത്തമോ അല്ല, നൈഷ്ഠിക ബ്രഹ്മചാരിയെന്ന നിലയ്ക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങിയവയാണ് ഹരജിക്കാരുടെ വാദങ്ങള്‍. വിലക്കിന്റെ അടിസ്ഥാനം അയിത്തവും ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപ്പാടുമാണെന്നും യുവതീപ്രവേശ വിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.

 

 

Latest News