ദുബായ്- വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജയിലിലായ പ്രമുഖ വ്യവസായ അറ്റ്‌ലസ് രാമചന്ദ്രൻ ഉടൻ മോചിതനാകും. ദുബായിലെ ഒരു പ്രമുഖ വ്യവസായിയും ബാങ്കുകാരും തമ്മിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ വിജയത്തോടത്തിട്ടുണ്ട്. ഒമാനിലെ അറ്റ്‌ലസ് ആസ്തികൾ വിറ്റ പണം ബാധ്യത തീർക്കാൻ ഉപയോഗിക്കും. ഡോ. ബി ആർ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്. അതേസമയം, മോചനത്തെക്കുറിച്ചു ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നു രാമചന്ദ്രന്റെ കുടുംബ വൃത്തങ്ങൾ പറഞ്ഞു. രാമചന്ദ്രൻ ജയിലിൽ മോചിതനായി എന്ന നിലയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
2015 ആഗസ്റ്റ് 23നാണ് അറ്റ്‌ലസ് രാമചന്ദ്രൻ അറസ്റ്റിലായത്. വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2015 ഡിസംബർ 11ന് ദുബൈ കോടതി രാമചന്ദ്രന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു.
22 ബാങ്കുകൾ ചേർന്നാണ് രാമചന്ദ്രന് വായ്പ അനുവദിച്ചിരുന്നത്. അതിൽ 19 ബാങ്കുകൾ ഒത്തുതീർപ്പ് വ്യവസ്ഥയുമായി വഴങ്ങിയിരുന്നു. എന്നാൽ മൂന്ന് ബാങ്കുകൾ ഒരു തരത്തിലുളള ഒത്തുതീർപ്പിനും വഴങ്ങിയില്ല.
പതിനഞ്ചിലേറെ ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 55 കോടി ദിർഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തത്. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. രാമചന്ദ്രന്റെ മകളും ഭർത്താവും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഭാര്യ മാത്രമാണ് പുറത്തുള്ളത്.






