Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാറ്റ് വഴി പ്രതീക്ഷിച്ചതിലേറെ വരുമാനം; പോയ വര്‍ഷം 4670 കോടി

റിയാദ് - മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ കഴിഞ്ഞ വർഷം 4,670 കോടി റിയാൽ വരുമാനം ലഭിച്ചതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തി. റിയാദിൽ സകാത്ത്, നികുതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബജറ്റിൽ കണക്കാക്കിയതിലും ഏറെ കൂടുതലാണിത്. മൂല്യവർധിത നികുതി നിലവിൽ വന്ന ആദ്യ വർഷം തന്നെ പ്രതീക്ഷിച്ചതിൽ കൂടുതൽ വരുമാനം നേടാനായി. ധനപരിഷ്‌കരണങ്ങൾ ഫലം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 


മൂന്നു വർഷത്തിനിടെ പെട്രോളിതര വരുമാനം വലിയ തോതിൽ കൂടി. 2015 ൽ പെട്രോളിതര വരുമാനം 16,600 കോടി റിയാലായിരുന്നു. 2018 ൽ ഇത് 29,400 കോടി റിയാലായി ഉയർന്നു. പെട്രോളിതര വരുമാനത്തിൽ പ്രതിവർഷം ശരാശരി 21 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

നിക്ഷേപങ്ങൾ നടത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വകാര്യ മേഖലക്കു മുന്നിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സാമ്പത്തിക അടിത്തറയുടെ വൈവിധ്യവൽക്കരണത്തിന് ഏതാനും പദ്ധതികൾ സർക്കാർ നടപ്പാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ പോലുള്ള നവീന സാങ്കേതികവിദ്യകൾ സകാത്ത്, നികുതി പാലനം മെച്ചപ്പെടുത്തുന്നതിനും ബിസിനസ് മേഖല സമ്പന്നമാക്കുന്നതിനും ചെലവുകൾ കുറക്കാനും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


ആഗോള സമ്പദ്‌വ്യവസ്ഥ നിരവധി വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ സൗദിയിൽ ആദ്യമായാണ് സകാത്ത്, നികുതി സമ്മേളനം സംഘടിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിനും സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങൾ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. 


തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഭരണത്തിനു കീഴിൽ സൗദി അറേബ്യ സാമ്പത്തിക, സാമൂഹിക പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സാമ്പത്തിക വൈവിധ്യവൽക്കരണവും സുസ്ഥിര വളർച്ചയും കൈവരിക്കാനാണ് ശ്രമം. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതി ശ്രദ്ധേയമായ ഫലങ്ങൾ നൽകുന്നതിന് തുടങ്ങിയിട്ടുണ്ട്. സർക്കാർ നടപ്പാക്കുന്നത് തുടരുന്ന ധന, സാമ്പത്തിക പരിഷ്‌കരണങ്ങളും അനുകൂല ഫലങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. 


പ്രാദേശിക, ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങളുമായി ഒത്തുപോകുന്നതിന് ഏതാനും വർഷങ്ങൾക്കിടെ സാമ്പത്തിക, ധന നിയമങ്ങൾ രാജ്യം പുനഃപരിശോധിക്കുകയും പൊതുധനകാര്യ വികസനത്തിന് നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും രാജ്യം പ്രവർത്തിച്ചു. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ നിരവധി വികസന പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാറിന് സാധിച്ചു. ഇത് സാമ്പത്തിക വളർച്ച ശക്തമാക്കുന്നതിന് സഹായിച്ചു. സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെ കുറിച്ച ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും മറ്റു അന്താരാഷ്ട്ര ഏജൻസികളുടെയും വിശ്വാസം വർധിക്കുന്നതിലും സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിലും ഇത് പ്രതിഫലിച്ചതായും ധനമന്ത്രി പറഞ്ഞു. 

 

Latest News