Sorry, you need to enable JavaScript to visit this website.

മലയാളികളെ പ്രകീര്‍ത്തിച്ച് കോണ്‍സല്‍ മോയിന്‍ അക്തര്‍ ജിദ്ദയില്‍നിന്ന് മടങ്ങുന്നു

ദൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന കോൺസൽ മോയിൻ അക്തറിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ യാത്രയയപ്പിൽ പ്രസിഡന്റ് പി. ഷംസുദ്ദീൻ ഉപഹാരം നൽകുന്നു.

ജിദ്ദ- മലയാളികളോടും മലയാള നാടിനോടും തനിക്ക് ഏറെ പ്രിയമാണെന്നും ഇത്രയും ഊർജസ്വലരായ ജനവിഭാഗത്തെ വേറൊരിടത്തും കണ്ടിട്ടില്ലെന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ സേവന കാലാവധി പൂർത്തിയാക്കി ദൽഹി വിദേശ മന്ത്രാലയത്തിലേക്കു മടങ്ങുന്ന വാണിജ്യ വിഭാഗം, പ്രസ് ആന്റ് ഇൻഫർമേഷൻ കോൺസൽ മോയിൻ അക്തർ അഭിപ്രായപ്പെട്ടു. 

ദൽഹിയിലെ പഠന കാലത്ത് മലയാളികളായ ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നു. ജിദ്ദയിലെത്തിയപ്പോൾ സുഹൃദ് വലയം വ്യാപിച്ചു. പ്രവാസി സമൂഹത്തിനിടയിൽ മലയാളികൾ എന്നും മാതൃകാപരമാണ്. സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സേവന മേഖലകളിലെ അവരുടെ പ്രവർത്തനം വ്യത്യസ്തവും ആകർഷണീയവുമാണ്. മലയാളികളുടെ മാധ്യമ പ്രവർത്തനവും വേറിട്ടതാണെന്നും താമസിയാതെ കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീസൺസ് റസ്റ്റോറന്റിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ജിദ്ദയിലെ സേവനത്തിനിടെ ഒട്ടേറെ അനുഭവങ്ങൾ നേടാനായ സംതൃപ്തിയോടെയാണ് മടക്കം. സാമൂഹിക ക്ഷേമം, ഹജ്, വാണിജ്യം, പ്രസ് ആന്റ് ഇൻഫർമേഷൻ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. 


സാമൂഹികക്ഷേമ വിഭാഗത്തിന്റെ ചുമതല വഹിക്കുമ്പോൾ സൗദി ഓജറിലെ തൊഴിലാളികളുടെ പ്രശ്‌നത്തിൽ ഇടപെടാനും അവർക്ക് സഹായമെത്തിക്കാനും കഴിഞ്ഞത് ഏറെ സന്തോഷം നൽകിയ കാര്യമാണ്. അതുപോലെ പൊതുമാപ്പ് കാലത്തെ പ്രവർത്തനങ്ങളും ഓർമിക്കപ്പെടുന്നതാണ്. 


സൗദി ഓജർ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കാലതാമസം നേരിട്ടാലും അതു ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംബസിയും കോൺസുലേറ്റുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുമ്പോൾ അധികൃതരുടെ ഭാഗം കൂടി കേൾക്കാൻ സന്നദ്ധമാവണമെന്ന് അദ്ദേഹം ഉണർത്തി. 


അധ്യക്ഷത വഹിച്ച മീഡിയ ഫോറം പ്രസിഡൻറ് പി.ഷംസുദ്ദീൻ കോൺസൽ മോയിൻ അക്തറിന് ഉപഹാരം നൽകി. പി.എം.മായിൻകുട്ടി, ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, ഹാഷിം കോഴിക്കോട്, സാദിഖലി തുവൂർ, സുൽഫിക്കർ ഒതായി തുടങ്ങിയവർ സംസാരിച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ ബിജുരാജ് രാമന്തളി നന്ദിയും പറഞ്ഞു. ഹസൻ ചെറൂപ്പ, അബ്ദുറഹ്മാൻ തുറക്കൽ, ഗഫൂർ കൊണ്ടോട്ടി, പി.കെ.സിറാജ്, മുസ്തഫ പെരുവള്ളൂർ, മൻസൂർ എടക്കര തുടങ്ങിയവർ സംബന്ധിച്ചു. 
 

Latest News