Sorry, you need to enable JavaScript to visit this website.

കുവൈത്ത് പൊതുമരാമത്ത് മന്ത്രി രാജിവെച്ചു

കുവൈത്ത് സിറ്റി - കുവൈത്ത് പൊതുമരാമത്ത് മന്ത്രിയും പാര്‍പ്പിടകാര്യ സഹമന്ത്രിയുമായ ഡോ. ജിനാന്‍ മുഹ്‌സിന്‍ റമദാന്‍ ബൂശഹ്‌രി രാജിവെച്ചു. പത്തു എം.പിമാര്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ചോദ്യം ചെയ്യലുകള്‍ക്ക് ജനാന്‍ ബൂശഹ്‌രി ചൊവ്വാഴ്ച വിധേയയായിരുന്നു. ഇതിനൊടുവിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് അംഗം ഉമര്‍ അല്‍ത്വബ്തബാഇ ആണ് മന്ത്രിയെ പാര്‍ലമെന്റില്‍ കുറ്റവിചാരണ ചെയ്യുന്നതിന് നോട്ടീസ് നല്‍കിയത്.
കമ്പനികളും സ്വാധീനമുള്ള ആളുകളും സത്യത്തെക്കാള്‍ ശക്തരാണെന്ന് രാജി പ്രഖ്യാപിച്ച് മന്ത്രി ഡോ. ജിനാന്‍ മുഹ്‌സിന്‍ റമദാന്‍ ബൂശഹ്‌രി പറഞ്ഞു. സ്വാധീനമുള്ള ആളുകളെ നേരിടുന്നതിന് ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ നില്‍ക്കുന്നത്. രാഷ്ട്രത്തിന്റെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് താന്‍ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളിലും അഭിമാനിക്കുന്നു. രാഷ്ട്രത്തിന്റെ താല്‍പര്യങ്ങളും സമ്പത്തും സംരക്ഷിക്കുന്നതിന് ഭരണഘടന അനുശാസിക്കും വിധം സത്യസന്ധമായാണ് താന്‍ പ്രവര്‍ത്തിച്ചത്. തനിക്കു മുമ്പുള്ള മന്ത്രിമാരുടെ കാലത്ത് സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദിത്വം തനിക്കു മേല്‍ കെട്ടിവെക്കുന്നത് നീതീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിയും പാര്‍പ്പിടകാര്യ സഹമന്ത്രിയുമായ ഡോ. ജിനാന്‍ റമദാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് പത്തു എം.പിമാരില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.

 

Latest News