Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

ട്രാക്ക് പാടാനെത്തി പിന്നണി ഗായികയിലേക്ക്; സ്വപ്‌ന തുല്യം നിത്യയുടെ നേട്ടം

ട്രാക്ക് പാടാനെത്തി പിന്നണി ഗായികയാകുക, പാടിയ ഗാനമാകട്ടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുക... സ്വപ്‌ന തുല്യമാണ് നിത്യ മാമ്മൻ എന്ന ഗായികയുടെ വളർച്ച. മൂന്നു ചിത്രങ്ങൾക്കു മാത്രമേ ഈ ഗായിക ട്രാക്ക് പാടിയിട്ടുള്ളു. ആ പരിചയത്തിലാണ് സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്ത എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിൽ ട്രാക്ക് പാടാനുള്ള അവസരം സംഗീത സംവിധായകൻ കൈലാസ് മേനോൻ നിത്യയ്ക്കു നൽകിയത്. എന്നാൽ ട്രാക്ക് പാടിയപ്പോൾ അത്ഭുതപ്പെട്ട പിന്നണി പ്രവർത്തകർ ഒടുവിൽ ആ പാട്ട് നിത്യയെക്കൊണ്ട് പാടിക്കുകയായിരുന്നു. ശ്രേയാ ഘോഷാലിന് വേണ്ടി ഒരുക്കിയ ഗാനം പാടാൻ അവസരം നൽകുക മാത്രമല്ല, മലയാള സിനിമയിൽ ഒരു പുതിയ ഗായികയെ അവതരിപ്പിക്കാനുള്ള ഭാഗ്യവും കൈലാസിന് ലഭിക്കുകയായിരുന്നു. പുതിയ ഗാനം മാത്രമല്ല, അത് പാടിയ ഗായികയെയും ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരൊറ്റ ഗാനം കൊണ്ടുതന്നെ സംഗീത പ്രേമികളുടെ പ്രിയങ്കരിയായി മാറാൻ നിത്യക്ക് കഴിഞ്ഞു.
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ നിത്യ സംഗീതത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൊച്ചിയിലേയ്ക്ക് താമസം മാറ്റിയത്. ആദ്യ ഗാനത്തിന് പ്രേക്ഷകർ നൽകിയ അംഗീകാരത്തിൽ മതിമറക്കാനൊന്നും ഈ ഗായിക ഒരുക്കമല്ല. പതിഞ്ഞ ശബ്ദത്തിൽ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് മലയാളം ന്യൂസിനോട് മനസ്സ് തുറക്കുകയാണ് നിത്യ.

 

ഹിമമഴയിലേയ്ക്ക് കടന്നുവന്നത്?
തികച്ചും യാദൃഛികമായാണ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. കുട്ടിക്കാലംതൊട്ടേ ഗായികയാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനായി കുറേ കവർ ഗാനങ്ങളും ട്രാക്കുകളുമൊക്കെ പാടിയിട്ടുണ്ടായിരുന്നു. ഗോപി സുന്ദർ സാറിനും റോണി റാഫേൽ സാറിനുമെല്ലാം വേണ്ടി ട്രാക്കുകൾ പാടിയിട്ടുണ്ട്. മ്യൂസിക് ഇവന്റുകളും സ്റ്റേജ് പരിപാടികളെല്ലാമായി വളരെ സജീവമായിരുന്നു. ഇത്തരം ഒരു ലൈവ് ഷോ കണ്ട് കൈലാസ് സാറിന്റെ അമ്മയാണ് എന്നെ പരിചയപ്പെടുത്തിയത്. അതുകേട്ട് കൈലാസ് സാറും വിളിച്ചു.  ഇൻസ്റ്റഗ്രാമിൽ കുറേ വോയ്‌സ് ഡെമോയും അയച്ചുകൊടുത്തു. അങ്ങനെയാണ് ട്രാക്ക് പാടാൻ ക്ഷണിക്കുന്നത്.

സംഗീത പഠനം?
കുട്ടിക്കാലംതൊട്ടേ സംഗീതം അഭ്യസിച്ചിരുന്നു. അച്ഛൻ മാമ്മൻ വർഗീസും അമ്മ അന്നമ്മ മാമനും ഖത്തറിലായിരുന്നു ജോലി നോക്കിയിരുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം ഖത്തറിലായിരുന്നു. ചെറുപ്പത്തിൽ പള്ളിയിലെ ക്വയർ ടീമിൽ അംഗമായിരുന്നു. അങ്ങനെയാണ് സംഗീതത്തിനോട് താൽപര്യം തോന്നിയത്. തമിഴ്‌നാട്ടുകാരിയായ സീതാ കൃഷ്ണനിൽ നിന്നും കർണാടക സംഗീതവും കൊൽക്കത്ത സ്വദേശിയായ ബർണാലി ബിശ്വാസിൽനിന്നും ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. പെരിങ്ങനാട് രാജന്റെയും ശിഷ്യയായി. സംഗീത സംവിധായകൻ ബേണി ഇഗ്‌നേഷ്യസിനു കീഴിൽ സംഗീതം അഭ്യസിച്ചുവരികയാണിപ്പോൾ. സ്‌കൂൾ കലോത്സവങ്ങളിലും ഖത്തറിലെ ഇന്ത്യൻ അസോസിയേഷൻ പരിപാടികളിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

വിദ്യാഭ്യാസം?
ബാംഗ്ലൂർ ബി.എം.എസ് എൻജിനീയറിംഗ് കോളേജിൽനിന്നും ആർക്കിടെക്ടിൽ ബി.ആർക്ക് ബിരുദം നേടി. ഇന്റർ കോളേജിയറ്റ് പരിപാടികളിൽ സജീവമായിരുന്നു. കൂടാതെ സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാറുണ്ട്. ഇതുവരെ റിയാലിറ്റി ഷോകളിലൊന്നും പങ്കെടുത്തിട്ടില്ല. ബാംഗ്ലൂരിൽ നടന്ന വോയ്‌സ് ഓഫ് ബാംഗ്ലൂർ സംഗീത മത്സരത്തിൽ പങ്കെടുത്ത് ഫൈനലിൽ എത്തിയിരുന്നു. പത്ത് റൗണ്ടുകളുണ്ടായിരുന്ന മത്സരത്തിൽ കന്നഡയിലും ഹിന്ദിയിലുമുള്ള പാട്ടുകളാണ് പാടേണ്ടിയിരുന്നത്.

ആദ്യഗാനത്തിന് ലഭിച്ച പിന്തുണ?
പിന്നണി പാടണമെന്ന് പറഞ്ഞപ്പോൾ നല്ല പേടിയുണ്ടായിരുന്നു. കൈലാസ് സാറാണ് ധൈര്യം നൽകിയത്. ശ്രേയാ ഘോഷാലിനെക്കൊണ്ട് പാടിക്കാനിരുന്ന പാട്ടാണ് എന്റെ ശബ്ദം കേട്ട് ഇഷ്ടപ്പെട്ടപ്പോൾ എനിക്ക് കിട്ടിയത്. അപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൃത്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി കൈലാസ് സാർ കൂടെയുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പാട്ട് ഇത്രയും ഭംഗിയായി പാടാൻ കഴിഞ്ഞത്. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ അമ്മയോടുമുള്ള കടപ്പാട് പറഞ്ഞാൽ തീരില്ല.

 

ഹരിശങ്കറിന്റെ സഹകരണം?
എന്റെ പാട്ട് കഴിഞ്ഞതിനുശേഷമാണ് അദ്ദേഹത്തെക്കൊണ്ട് പാടിച്ചത്. അതുകൊണ്ട് മുമ്പ് കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന ഫിലിം ക്രിട്ടിക്‌സ് അവാർഡ് നിശയിൽ ഞങ്ങൾ ഒന്നിച്ചാണ് വേദിയിൽ ഈ ഗാനം പാടിയത്.

കവർ ഗാനവും ഹിറ്റായി?
15 വർഷം മുമ്പ് പുറത്തിറങ്ങിയ മേയ് മാതം എന്ന ചിത്രത്തിലെ ''എൻമേൽ വിഴുന്ത...' എന്ന ഗാനത്തിന്റെ കവർ വേർഷനാണ് ചർച്ചാവിഷയമായിരിക്കുന്നത്. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ഗാനം ആലപിച്ചത് പി. ജയചന്ദ്രനും കെ.എസ്. ചിത്രയുമായിരുന്നു. ഒരു പരീക്ഷണമെന്ന നിലയിൽ സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെയുള്ള ഗാനാലാപന രീതിയായ അക്കപ്പെല്ല ശൈലിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സംഗീത, വാദ്യ ഉപകരണങ്ങളില്ലാതെ വിവിധ താളത്തിലും ഈണത്തിലും ശബ്ദ പിന്തുണ നൽകുന്ന ഒരു കൂട്ടം ഗായകരാണ് ഇതിനുപിന്നിൽ. മഴയോടുള്ള ഇഷ്ടംകൊണ്ടാണ് ഈ ഗാനത്തിന് കവർ ഒരുക്കിയത്. അഞ്ചു ഗായകരും ഈ പാട്ടിൽ എന്നോടൊപ്പമുണ്ടായിരുന്നു.

സംഗീത പാരമ്പര്യം?
വീട്ടിൽ എല്ലാവർക്കും പാട്ട് ഇഷ്ടമാണ്. സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ആരും കുടുംബത്തിലില്ല. പാട്ടു പാടാനുള്ള അവസരം ലഭിച്ചപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു. പാട്ട് പുറത്തിറങ്ങിയപ്പോഴും ഒട്ടേറെ പേർ വിളിച്ച് അഭിനന്ദിച്ചു. ഗായകരായ ഫ്രാങ്കോ, സുധീപ് കുമാർ എന്നിവരും വിളിച്ച് അഭിനന്ദിച്ചിരുന്നു. പാട്ട് പുറത്തിറങ്ങിയതോടെ മുമ്പ് ചെയ്ത പല കവർ ഗാനങ്ങളും സംഗീത പരിപാടികളുടെ വീഡിയോകളും പലരും കാണുന്നുണ്ടെന്ന് അറിയിക്കുമ്പോഴും ഏറെ സന്തോഷമുണ്ട്.

 

പുതിയ ഗാനങ്ങൾ?
എടക്കാട് ബറ്റാലിയനുശേഷം കൈലാസ് സാർ തന്നെ സംഗീത സംവിധാനം നിർവ്വഹിക്കുന്ന സിക്‌സ് അവേഴ്‌സ് എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. മിറൻഡ് സുരേഷാണ് കൂടെ പാടുന്നത്. മറ്റ് ചില ചിത്രങ്ങളിലേയ്ക്കും അവസരമൊരുങ്ങിയിട്ടുണ്ട്. എന്നാൽ ഉറപ്പു പറയാറായിട്ടില്ല.

ഭാവി പരിപാടികൾ?
പഠിച്ചത് ആർക്കിടെക്ചറാണെങ്കിലും സംഗീത മേഖലയിൽ ചുവടുറപ്പിക്കുകയാണ് ലക്ഷ്യം. സംഗീതത്തെക്കുറിച്ച് ഇനിയും കുറേ പഠിക്കണമെന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം. എന്നാൽ അഭിനയരംഗത്തേയ്‌ക്കൊന്നുമില്ല. പിന്നണി ഗായിക എന്ന നിലയിൽ കുറേ നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. അർജുൻ സിംഗിന്റെ ഗാനങ്ങളോട് ഏറെ ഇഷ്ടമുണ്ട്. ഒരു രക്ഷയുമില്ലാത്ത ആലാപന ശൈലിയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തോടൊപ്പം ഒരു ഡ്യുയറ്റ് പാടണമെന്നാണ് ആഗ്രഹം.

 

കുടുംബ പശ്ചാത്തലം?
അച്ഛനും അമ്മയും പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് വിശ്രമ ജീവിതം നയിക്കുന്നു. ചേച്ചി നിഷ മാമ്മൻ കുടുംബത്തോടൊപ്പം ഫിൻലാൻഡിലാണ്. ചേച്ചിയും സംഗീത തൽപരയാണ്. ക്വയർ ടീമിൽ അംഗമായിരുന്നു. 

 

 

Latest News