യുഎസ് വിദേശകാര്യ വകുപ്പില്‍ വ്യാജ യോഗ്യതകളുമായി കയറിക്കൂടിയ ഉദ്യോഗസ്ഥ പിടിയില്‍

വാഷിങ്ടണ്‍- വ്യാജ രേഖകള്‍ കാണിച്ച് ജോലി നേടുക എന്നത് അമേരിക്കയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പോലും സാധ്യമായിരിക്കുന്നു. അതും ലോകത്തെ നിയന്ത്രിക്കുന്ന അമേരിക്കന്‍ വിദേശകാര്യ വകുപ്പില്‍. മിന ചാങ് എന്ന 35കാരി വ്യാജ റെസ്യൂമെ നല്‍കി ജോലി നേടിയ സംഭവം പുറത്തു വന്നതോടെ ട്രംപ് സര്‍ക്കാരില്‍ എന്തും നടക്കുമെന്ന ആക്ഷേപത്തിന് ശക്തിയേറിയിരിക്കുകയാണ്. മിന ഇപ്പോള്‍ വിദേശ കാര്യ വകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ്.

തന്റെ ജോലി സംബന്ധമായി വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായി വിവരങ്ങളാണ് മിന 2017 ജനുവരിയില്‍ നടന്ന അഭിമുഖ പരീക്ഷയില്‍ സമര്‍പ്പിച്ചതെന്ന് എന്‍ബിസി ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് വെളിപ്പെട്ടത്. ആഗോള പ്രശസ്തിയുള്ള പ്രസിദ്ധീകരണമായ ടൈം മാഗസിന്‍ കവര്‍ ചിത്രമായി തന്റെ ഫോട്ടോ വന്നിട്ടുണ്ടെന്ന് അവകാശപ്പെടുകയും വ്യാജ കവര്‍ ചിത്രമുണ്ടാക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു മിന. ഇതൊക്കെ ഇപ്പോഴാണ് പുറത്തു വന്നത്. ലോകത്തെ മാറ്റിമറിച്ച ഡിജിറ്റല്‍ കാലത്തെ ദുരിതാശ്വാസം എന്ന വ്യാജ തലക്കെട്ടിലാണ് ടൈം മാഗസിന്‍ കവര്‍. ചെറിയൊരു സന്നദ്ധ സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ഇവര്‍ ഇസ്ലാമിക് സ്്‌റ്റേറ്റ്, ബൊകൊ ഹറം തുടങ്ങിയ ഭീകര സംഘടനകളെ നിയന്ത്രിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.  ഡ്രോണ്‍ ഉപയോഗിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നേട്ടമായി മിന വിശദീകരിച്ചതോടെ എല്ലാ വിശ്വസിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ മിനയ്ക്ക് നിയമനം നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം 24കാരനായ ടെയ്‌ലര്‍ വെയെനറ്റ് എന്ന വൈറ്റ് ഹൗസില്‍ സുപ്രധാന പദവി വഹിച്ചിരുന്ന ജീവനക്കാരന് മതിയായ യോഗ്യതകളില്ലെന്ന വിവരം വാഷിങ്ടണ്‍ പോസ്റ്റ് പത്രം പുറത്തു കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് മാറ്റുകയും ചെയ്തു.
 

Latest News