Sorry, you need to enable JavaScript to visit this website.

പ്രഥമ നാസർ വാവൂർ പുരസ്‌കാരം മുജീബ് പൂക്കോട്ടൂരിന്

ജിദ്ദ- നാസർ വാവൂരിന്റെ സ്മരണക്കായി ജിദ്ദ ചീക്കോട് പഞ്ചായത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അർഹനായി. പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളിൽ  ഇടപെടുകയും പരിഹാര മാർഗങ്ങൾ  കണ്ടെത്തുകയും ചെയ്യുന്ന സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മുജീബിനെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.  മക്കയിൽ മരിക്കുന്ന ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെയും ജോലി ആവശ്യാർഥമെത്തിയവരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ മുജീബ് മുൻപന്തിയിലാണ്. കെ.എം.സി.സി സൗദി നാഷണൽ  കമ്മിറ്റിയുടെ ഹജ് സെൽ കൺവീനർ, മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിലും ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 
ടി.വി.ഇബ്രാഹിം എം.എൽ.എ ചെയർമാനും, സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടി, കെ.എസ്.ടി.യു സംസ്ഥാന വർക്കിംഗ് സെക്രട്ടറി  അബ്ദുള്ള വാവൂർ എന്നിവർ അംഗങ്ങളുമായ  ജൂറിയാണ് പുരസ്‌കാര ജേതാവിനെ  തെരഞ്ഞെടുതത്ത്.


രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നാസർ വാവൂർ 25 വർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു. കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സെക്രട്ടറി, ചീക്കോട് പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി, വാവൂർ ഗ്ലോബൽ കെ.എം.സി.സി ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന നാസർ വാവൂരിന്റെ സ്മരണാർഥമാണ് ജിദ്ദ ചീക്കോട് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പുരസ്‌കാരമേർപ്പെടുത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 
ഡിസംബർ അവസാനം ചീക്കോട് പഞ്ചായത്തിലെ  വാവൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. 
വാർത്താ സമ്മേളനത്തിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടി, പഞ്ചായത്ത് കെ.എം.സി.സി നേതാക്കളായ സലീം വാവൂർ, ലത്തീഫ് പൊന്നാട്, ഹസ്സൻ ഓമാനൂർ,  അൻവർ വെട്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു.

Latest News