ക്ലാസ്മുറിയില്‍ കളിയാക്കി എന്നാരോപിച്ച്‌ അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു

റായ് ബറേലി- ഉത്തര്‍ പ്രദേശിലെ റായ് ബറേലിയിലെ ഗാന്ധി സേവാ നികേതില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ വളഞ്ഞിട്ട് ആക്രമിച്ചു. ഒരു വിദ്യാര്‍ത്ഥി മമത ദുബെ എന്ന അധ്യാപികയുടെ ബാഗ് എടുത്ത് എറിയുന്നതും കസേര എടുത്ത് അടിച്ചോടിക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. ക്ലാസിനിടെയാണ് രോഷ പ്രകടവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ മര്‍ദിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ജില്ലാ ശിശുക്ഷേമ അധികൃതരെത്തിയാണ് രംഗം ശാന്തമാക്കിയത്. അധ്യാപിക തങ്ങളെ അനാഥര്‍ എന്നു വിളിച്ച് ആക്ഷേപിക്കുകയും ക്ലാസ് മുറിയില്‍ പഠനത്തിന്റെ പേരില്‍ കളിയാക്കുകയും ചെയ്യാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സ്ഥാപനത്തിന്റെ മാനേജറുമായി തര്‍ക്കമുണ്ടാകുകയും തന്നെ സര്‍വീസില്‍ നിന്ന് പിരച്ചുവിടുകയും ചെയ്തിരുന്നുവെന്ന് മമത പറയുന്നു. മുന്‍ ജില്ലാ മജിസ്‌ട്രേറ്റ് നേഹ ശര്‍മ ഇടപെട്ടാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. നേഹ ശര്‍മ സ്ഥലംമാറി പോയതോടെ മാനേജര്‍ തനിക്കെതിരെ പകയോടെ പെരുമാറി എന്നും കുട്ടികളെ തനിക്കെതിരെ തിരിച്ചുവിട്ടെന്നും മമത ആരോപിക്കുന്നു. 

സ്‌കൂളിലെ ശുചിമുറിയില്‍ തന്നെ കുട്ടികള്‍ ബന്ധിയാക്കിയിരുന്നു. ഇതിനെ കുറിച്ച് അധികാരികളോട് പരാതിപ്പെട്ടപ്പോള്‍ കുട്ടികള്‍ എന്തും ചെയ്യുമെന്നായിരുന്നു മറുപടി. പിന്നട് രണ്ടു ദിവസം കഴിഞ്ഞാണ് സ്‌കൂളിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. ജില്ലാ ഭരണകൂടത്തിനു പരാതി നല്‍കിയിട്ടുണ്ടെന്ന് മമത പറഞ്ഞു.

Latest News