Sorry, you need to enable JavaScript to visit this website.

ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിക്കാത്ത  മാല്‍ബറോ മാന്‍; 90ാം വയസ്സില്‍ മരണം

ന്യൂയോര്‍ക്ക്-പരസ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നുണ പറയുന്നവയാണ്. ഒരു ഉത്പന്നം ഉപഭോക്താവിനെ കൊണ്ട് വാങ്ങിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് പരസ്യങ്ങള്‍ക്കുള്ളത്. അതിനായി പ്രത്യക്ഷപ്പെടുന്ന മോഡലുകള്‍ ആ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാതെങ്കിലും കാഴ്ചക്കാര്‍ ചിന്തിക്കുന്നിടത്ത് പരസ്യം വിജയമാകും. അത്തരത്തില്‍ ലോകപ്രശസ്തമായ ഒരു പരസ്യമാണ് സിഗററ്റ് ബ്രാന്‍ഡായ മാല്‍ബറോയുടേത്.മാല്‍ബറോ മാന്‍ എന്ന് തന്നെ അറിയപ്പെട്ട റോബര്‍ട്ട് നോറിസാണ് ഒറിജിനല്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇദ്ദേഹം തൊണ്ണൂറാം വയസ്സില്‍ മരണപ്പെട്ടു. കൊളറാഡോ സ്പ്രിംഗ്‌സിലെ വീട്ടില്‍ വെച്ചായിരുന്നു നോറിസിന്റെ അന്ത്യം. രണ്ട് ആണ്‍മക്കളും, രണ്ട് പെണ്‍മക്കളും, 13 പേരക്കുട്ടികളും, ഇവരുടെ 18 കുട്ടികളും അടങ്ങുന്ന കുടുംബത്തെ ബാക്കിയാക്കിയാണ് നോറിസിന്റെ മരണം.
ഒരുകാലത്ത് കൗബോയ് സ്‌റ്റൈലില്‍ ചുണ്ടിലും, കൈയിലും സിഗററ്റുമായി നിന്ന ആ മനുഷ്യന്റെ ചിത്രങ്ങള്‍ കണ്ട് പുരുഷനാകാന്‍ സിഗററ്റ് വലിക്കണമെന്ന ധാരണയിലേക്ക് നീങ്ങിയവര്‍ അനവധി. എന്നാല്‍ ഒരു ദശകത്തിലേറെ സിഗററ്റും പിടിച്ച് നിന്ന ആ മനുഷ്യന്‍ ഒരിക്കല്‍ പോലും പുകവലിച്ചില്ല. തന്റെ കുട്ടികള്‍ക്ക് നല്ലൊരു ഉദാഹരണമല്ല നല്‍കുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് ഒടുവില്‍ മാല്‍ബറോ പരസ്യം ക്യാംപെയിനില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങിയത്.
ഇല്ലിനോസിലെ ഷിക്കാഗോയില്‍ ജനിച്ച നോറിസ് ചെറിയ പ്രായത്തില്‍ തന്നെ കൗബോയ് ആകാന്‍ കൊതിച്ചു. ഇതിന്റെ ഫലമായി 18 വയസ്സ് തികഞ്ഞപ്പോള്‍ തന്നെ കുതിരകളെ വളര്‍ത്താന്‍ തുടങ്ങി. കൊളറാഡോയിലേക്ക് താമസം മാറ്റിയ നോറിസ് മേച്ചില്‍പ്രദേശം സ്വന്തമാക്കി. ഇത് 63000 ഏക്കറിലേക്ക് വളര്‍ന്നു.
സ്ത്രീകളുടെ സിഗററ്റ് എന്ന നിലയില്‍ വിപണിയില്‍ എത്തിയ മാല്‍ബറോ പുരുഷന്‍മാരെ കൊണ്ട് വലിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ആ സമയത്ത് മാല്‍ബറോ. ഷിക്കാഗോയിലെ പരസ്യക്കാരായ ലിയോ ബര്‍ണറ്റാണ് കൗബോയ് വേഷത്തിലുള്ള ആള്‍ സിഗററ്റ് പുകയ്ക്കുന്ന ഐഡിയ മുന്നോട്ട് വെച്ചത്. ആദ്യം മോഡലുകളെ ഉപയോഗിച്ചെങ്കിലും പിന്നീട് യഥാര്‍ത്ഥ കൗബോയ് വേണമെന്ന് പരസ്യ കമ്പനി തീരുമാനിച്ചതോടെയാണ് നോറിസ് ഒറിജിനല്‍ മാല്‍ബറോ മാനായി മാറിയത്.

Latest News