Sorry, you need to enable JavaScript to visit this website.

മസ്‌കത്തില്‍ പൈപ്പിനുള്ളില്‍ വെള്ളം കയറി മരിച്ച ആറുപേരും ഇന്ത്യക്കാര്‍

മസ്‌കത്ത്- കനത്ത മഴയില്‍ പൈപ്പിനുള്ളില്‍ വെള്ളം കയറി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മസ്‌കത്തിലെ സീബില്‍ പൈപ്പ്‌ലൈന്‍ ജോലിക്കിടെയാണ് അപകടം.  തൊഴിലാളികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്‌സിലാണ് തൊഴിലാളികള്‍ അപകടത്തില്‍ പെട്ടത്. കുത്തിയൊലിച്ചു വന്ന മഴ വെള്ളം നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന പൈപ്പിനുള്ളിലേക്കും അടിച്ചുകയറുകയായിരുന്നു. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു പൈപ്പുകള്‍. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തിയാണു മൃതദേഹങ്ങള്‍ നീക്കം ചെയ്തത്.  

http://www.malayalamnewsdaily.com/sites/default/files/2019/11/12/concrete-pipe-death2.jpg
പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.
12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തൊഴിലിടങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനികള്‍ തയാറാകണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

 

 

Latest News