Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിലെ പ്രവാസി തരുണികൾ

ഭക്ഷണം കഴിച്ച ശേഷം മൽബു ഉച്ചമയക്കത്തിലായിരുന്നു. ഒന്നാം പ്രവാസം മുതൽക്കുള്ള ശീലമാണ്. ഭക്ഷണം കഴിച്ചാൽ ഒന്നു ചായണം. പത്ത് മിനിറ്റായാലും ആ മയക്കം കഴിഞ്ഞാൽ വല്ലാത്തൊരു എനർജിയാണ്. 
ഉസ്മാൻ വന്ന് തട്ടിവിളിച്ചപ്പോഴാണ് ചാടിപ്പിടിച്ചെഴുന്നേറ്റത്. നല്ലോരു കിനാവ് കണ്ട് കിടക്കാരുന്നു. ജോലി കിട്ടിയ വിവരം മൽബിയെ ഫോണിൽ വിളിച്ചു പറയുന്നതും അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതുമൊക്കെയാണ് കിനാവിൽ കണ്ടിരുന്നത്.
നിങ്ങൾ ചെയ്തത് ഒട്ടും ശരിയായില്ല. 
രൂക്ഷമായി നോക്കിക്കൊണ്ടാണ് ഉസ്മാൻ പറഞ്ഞത്. പലപ്പോഴും തർക്കിച്ചിട്ടുണ്ടെങ്കിലും ഉസ്മാൻ ഒരിക്കലും ഇങ്ങനെ നോക്കിയിട്ടില്ല, ബഹുമാനം കുറച്ചിട്ടില്ല. കാരണം അവന്റെ ബാപ്പയുടെ ഉറ്റ ചങ്ങാതിയാണ് മൽബു. റൂമിൽ കൂടെ താമസിച്ചിരുന്ന എല്ലാവരെക്കൊണ്ടും മൽബുവിന് ഈയൊരു ബഹുമാനം നേടിക്കൊടുക്കാനും ഉസ്മാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. സീനിയറാണെന്നാണ് അതിന് അവൻ കാരണമായി പറഞ്ഞിരുന്നത്. നാട്ടിൽ വിളിക്കുമ്പോഴൊക്കെയും ബാപ്പ മൊയ്തു പ്രിയപ്പെട്ട ചങ്ങാതിയുടെ കാര്യം ഉണർത്തുന്നുണ്ടാകും.
ഇതിപ്പോ വല്ലാത്തൊരു നോട്ടമാണ്. ദഹിപ്പിക്കുന്ന നോട്ടത്തിൽ സംഗതി പിടികിട്ടാതെ മൽബു കുഴങ്ങി. കട്ടിലിൽ എഴുന്നേറ്റിരുന്നു. അറിഞ്ഞുകൊണ്ട് ഒന്നും  ചെയ്തിട്ടില്ല. 
ബാപ്പയുടെ സ്ഥാനത്താണ് ഞാൻ നിങ്ങളെ കാണുന്നത്. എന്നിട്ടും നിങ്ങളിത് ചെയ്തത് ശരിയായില്ല. മറ്റുള്ളവർ എന്തു വിചാരിക്കും. കുറച്ചു നേരം കാത്തിരുന്നാൽ മതിയായിരുന്നല്ലോ. അല്ലെങ്കിൽ ഫോൺ ചെയ്ത് ചോദിക്കാമല്ലോ -ഉസ്മാൻ പറഞ്ഞു.
എന്തു ചെയ്തുവെന്നാണ് ഉസ്മാൻ പറയുന്നത്. ആരോട് എന്തു കാര്യം ഫോൺ ചെയ്തു ചോദിക്കാൻ: മൽബു പറഞ്ഞു.
നിങ്ങളോട് ആരാണ് കിച്ചണിൽ കയറാൻ പറഞ്ഞത്? 
ഓ അതാണോ.. അതൊരു അര മണിക്കൂർ പണിയല്ലേ. നിങ്ങളാരും ഇന്ന് വരില്ലാന്ന് അറിഞ്ഞതോണ്ട് കയറിയതാണ്. എനിക്കിവിടെ വേറെ പണിയൊന്നുമില്ലല്ലോ. അതുകൊണ്ട് എരിവും പുളിയുമൊക്കെ ചേർത്ത് ഒന്നാന്തരം നാടൻ മീൻകറിയും ചോറുമുണ്ടാക്കി. 
ഞങ്ങൾക്ക് എല്ലാവർക്കും തിരക്കായതുകൊണ്ടാണല്ലോ ഇന്ന് പുറത്തുനിന്ന് ഭക്ഷണം വാങ്ങാമെന്നു വെച്ചത്. ദാ നോക്ക്, അതു വാങ്ങിക്കൊണ്ടുവന്നപ്പോഴേക്കും നിങ്ങൾ കിച്ചണിൽ കയറി. എന്നാലൊന്ന് വിളിച്ചു ചോദിക്കാ. അതുമില്ല. 
മൽബു ക്ഷമ ചോദിക്കുന്ന ഭാവത്തിൽ ഉസ്മാനെയൊന്ന് നോക്കി. 
ഉസ്മാൻ തന്നെയാണ് ഫഌറ്റിലെ പ്രധാന കുക്ക്. മറ്റുള്ളവരും ഒന്നാന്തരം ഭക്ഷണമുണ്ടാക്കുമെങ്കിലും അവരെയൊന്നും ഉസ്മാൻ അടുക്കളയിലേക്ക് അടുപ്പിക്കില്ല. ഹമീദിനെ അത്യാവശ്യം സഹായത്തിനു വിളിച്ചാലായി, ഒരു അസിസ്റ്റന്റ് എന്ന നിലയിൽ. 
ഒന്നാം പ്രവാസത്തിൽ മൽബു പേരു കേട്ടൊരു കുക്കായിരുന്നു. അക്കാലത്ത് വെറും രണ്ടു മാസം കൊണ്ടാണ് എല്ലാം പഠിച്ചെടുത്തത്. സാദാ ചോറു മുതൽ മന്തി വരെ. 
രണ്ടാം പ്രവാസം തുടങ്ങിയതിനു ശേഷം അതിന് അവസരം കിട്ടിയിട്ടില്ല. ഉസ്മാന്റെ ഏകാധികപത്യം കാരണം ഇതുവരെ വൈദഗ്ധ്യം പുറത്തെടുക്കാൻ പറ്റിയില്ല എന്നു പറയുന്നതാകും ശരി. പലപ്പോഴും കിച്ചണിലേക്ക് എത്തി നോക്കിയിട്ടുണ്ട്. ഇക്ക അവിടെ പോയി ഇരിക്കന്നു പറഞ്ഞ് തിരിച്ചയക്കും.

ഫഌറ്റിലെ വേറെയാരും തന്നെ പാചകത്തിൽ തൊടുന്നത് ഉസ്മാന് ഇഷ്ടമല്ലെന്ന് പറഞ്ഞ് മറ്റുള്ളവർ ഒഴിഞ്ഞുനിൽക്കുകയും ചെയ്യും. മൽബു ആലോചിക്കാറുണ്ട്. ആരോ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ഇവർക്കൊന്നും ഒരു ചമ്മലുമില്ലല്ലോ. 
സാധാരണ ബാച്ചിലർ റൂമുകളിൽ ക്ലീനിംഗും പാചകവും പാത്രം കഴുകലുമൊക്കെ താമസക്കാർ ഓരോരുത്തർ ഊഴം വെച്ചാണ് ചെയ്യാറുള്ളത്. ആളുകൾ തെറ്റിപ്പിരിയാറുള്ളതും അതിന്റെ പേരിലായിരിക്കും. 
ഉസ്മാൻ ഇതിനൊരു അപവാദമാണ്. കിച്ചണിൽ കയറാൻ യാതൊരു മുഷിപ്പുമില്ല. പടപടാ കാര്യങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങും. ഉണ്ടാക്കുന്ന ഭക്ഷണത്തിനാണെങ്കിൽ അസാധ്യ രുചിയും. 
ഉസ്മാന്റെ നല്ല മനസ്സിനേയും ദുർവാശിയേയും എല്ലാവരും മുതലെടുക്കുകയാണ്. മറ്റുള്ളവർക്ക് ആ സമയം മൊബൈലിൽ കുത്തിയിരിക്കാം. കിച്ചണിലേക്ക് തിരിഞ്ഞു നോക്കാത്തവർക്ക് നല്ല ന്യായീകരണം: ഉസ്മാന് ഇഷ്ടമല്ല, അവൻ അസാധ്യ കുക്ക്. 
മൽബു ഓരോന്നാലോചിച്ച് എത്തുമ്പോഴേക്കും ഉസ്മാനും കൂട്ടരും വട്ടിമിട്ട് ചോറും കറിയും നിരത്തിയിരുന്നു. പുറമെ നിന്ന് വാങ്ങിയതാണല്ലോ. മന്തിയാകുമെന്നാണ് മൽബു കരുതിയിരുന്നത്. പക്ഷേ, ഇതിപ്പോൾ നല്ലൊരു നാടൻ സദ്യക്കുള്ള എല്ലാ വിഭവങ്ങളും നിരത്തിയിട്ടുണ്ട്. പപ്പടം മുതൽ മീൻ പൊരിച്ചതുവരെ.
വന്നിരുന്നോളൂ. വളയിട്ട കൈകൾ ഉണ്ടാക്കിയതാണ്- ഉസ്മാൻ മൽബുവിനെ ക്ഷണിച്ചു. 
ഇപ്പോൾ കഴിച്ചതേയുള്ളൂ എന്നു പറഞ്ഞ മൽബുവിനോട് ഉസ്മാൻ വീണ്ടും:
ഇതേയ് സാധാരണ ചോറല്ല, ഫേസ് ബുക്ക് സദ്യയാണ്. നിങ്ങൾ ഉണ്ടാക്കിയതിനേക്കാൾ സൂപ്പർ ആയിരിക്കും.
അതു കണ്ടാൽ തന്നെ അറിയാം: മൽബു വാരിവലിച്ചു തിന്നുകയായിരുന്ന ആശാന്മാരെ നോക്കി പറഞ്ഞു.  
പ്രവാസി കുടുംബിനികൾ തുടങ്ങിയ ഓൺലൈൻ ബിസിനസിന്റെ ഭാഗമാണ് ഫേസ് ബുക്ക് സദ്യ. വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്ന കൂട്ടത്തിൽ അഞ്ചോ പത്തോ പേർക്കുള്ള ഭക്ഷണം കൂടുതൽ ഉണ്ടാക്കുന്നു. എന്നിട്ട് ഫേസ് ബുക്കിൽ പരസ്യമിടുന്നു. ലൊക്കേഷൻ അയച്ചു കൊടുക്കുന്നവരുടെ ഫഌറ്റുകളിൽ എത്തിച്ചുകൊടുക്കുന്നു. 
ഹോട്ടലുകാരുടെ തട്ടിപ്പായിരിക്കും ഈ വളയിട്ട കൈകളെന്ന് മൽബു സംശയം പറഞ്ഞു. വളയിട്ട കൈകൾ എന്നൊക്കെ പരസ്യം ചെയ്താൽ മതിയല്ലോ?
ഏയ്.. ഇതൊക്കെ നൂറു ശതമാനം ഉറപ്പു വരുത്തിയിട്ടാ ഓർഡർ ചെയ്യുന്നത്. എല്ലാ ദിവസവുമുണ്ടാകില്ല. അവർക്ക് തോന്നണം. ഫേസ് ബുക്കിലെ പ്രവാസി തരുണികൾക്ക് ഇതൊരു സ്ഥിരം ബിസിനസല്ല. സ്‌പെഷൽ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ കുറച്ചധികം ഉണ്ടാക്കി ഫേസ് ബുക്കിൽ പരസ്യമിടുന്നു, അത്ര തന്നെ. 

Latest News