Sorry, you need to enable JavaScript to visit this website.

ക്ലീൻ കനോലി പദ്ധതിയും  പുതിയ പ്രതീക്ഷകളും

പണ്ടുകാലത്ത് പാതി കേരളത്തിന്റെ പ്രധാന ജലപാതയായിരുന്ന കനോലി കനാൽ ഭാഗികമായെങ്കിലും മുഖം മിനുക്കാൻ ഒരുങ്ങുകയാണ്. പഴയ മലബാറിന്റെയും കൊച്ചിയുടെയും തീരദേശങ്ങളിലൂടെ ചരക്കുതോണികൾ നീങ്ങിയിരുന്ന കനോലി കനാൽ ഇന്ന് ഏറെക്കുറെ നശിച്ചെങ്കിലും ഈ ജലപാതയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് മലബാറിൽ തുടക്കം കുറിച്ചിരിക്കുന്നത്. പൊന്നാനി മുതൽ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിൽ കനാലിനെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഈ മേഖലയിലെ എം.എൽ.എമാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതി പ്രശംസിക്കപ്പെടേണ്ടതാണ്.
ബ്രിട്ടീഷ് ഭരണ കാലത്ത് നിർമിക്കപ്പെട്ട കനോലി കനാൽ സംരക്ഷണ മേതുമില്ലാതെ പലയിടത്തും പൂർണമായും അപ്രത്യക്ഷമാകുകയോ പലയിടത്തും വെള്ളം കെട്ടിനിന്ന് മാലിന്യ സംഭരണ കേന്ദ്രങ്ങളായി മാറുകയോ ചെയ്തിട്ടുണ്ട്. ഒരു കാലത്ത് വലിയൊരു ജനവിഭാഗം കുടിവെള്ളത്തിനൊഴികെ മറ്റെല്ലാ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത് ഈ കനാലിലെ വെള്ളമാണ്. ഇന്ന് അത് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി എന്നു മാത്രമല്ല, രോഗങ്ങളുടെ വളർത്തു കേന്ദ്രം കൂടിയായി മാറിയിരിക്കുന്നു. താനൂർ എം.എൽ.എയായ വി.അബ്ദുറഹ്മാന്റെ പ്രത്യേക താൽപര്യത്തിലാണ് കനാലിനെ മാലിന്യമുക്തമാക്കുന്നതിനുള്ള ക്ലീൻ കനോലി പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. കനാലിലെ മാലിന്യത്തിന്റെ അളവ് നേരത്തെ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കണ്ടെത്തുകയും തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുന്ന ജോലികൾ തുടങ്ങുകയും ചെയ്തിരിക്കുന്നു. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ഒരു വികസന പ്രക്രിയയായി ഈ പദ്ധതിയെ കാണേണ്ടതുണ്ട്.
കനോലി കനാലിന്റെ പ്രാധാന്യത്തെ തിരിച്ചറിയാൻ കഴിയാതെ പോയ തലമുറയാണ് ഇന്നുള്ളത്. കൊച്ചി മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലെ നദികളെയും പുഴകളെയും കോർത്തിണക്കി ജലസംഭരണിയായും ജലപാതയായും ഉപയോഗിക്കപ്പെട്ട കനാലാണിത്. കേരളം റോഡ് ഗതാഗതത്തിന് പുത്തൻ സംവിധാനങ്ങൾ തേടുമ്പോൾ ഏറെ സൗകര്യപ്രദമായ ഒരു ജലപാത ഈ മേഖലയിൽ നിലനിന്നിരുന്നെന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്. അത് സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനും കഴിയാത്തതിന്റെ കുറ്റബോധമെങ്കിലും നമുക്കുണ്ടാകേണ്ടതുണ്ട്.
ബ്രിട്ടീഷ് ഭരണ കാലത്ത് ഏറെ ആസൂത്രണത്തോടെയാണ് ഈ കനാൽ നിർമിക്കപ്പെട്ടത്. 1848-50 കാലത്താണ് കനാലിന്റെ നിർമാണം നടന്നത്. അന്ന് മലബാർ കലക്ടറായിരുന്ന എച്ച്.വി. കനോലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് കനാൽ നിർമാണത്തിന് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ പേരിലാണ് പിന്നീട് കനോലി കനാൽ അറിയപ്പെട്ടത്. ലോകപ്രശസ്തമായ നിലമ്പൂരിലെ തേക്ക് തോട്ടം വെച്ചു പിടിച്ചിപ്പതും അദ്ദേഹമാണ്. ആ തോട്ടം അറിയപ്പെടുന്നത് കനോലി പ്ലോട്ട് എന്ന പേരിലാണ്. മലബാർ മേഖലയിലെ പ്രകൃതിദത്തമായ തോടുകളെയും മറ്റു ജലസ്രോതസ്സുകളെയും കണ്ടെത്തി അവ തമ്മിൽ ബന്ധിപ്പിച്ച് വലിയൊരു ജലപാതയാക്കി മാറ്റുകയാണ് കനോലി സായ്പ് ചെയ്തത്. പുഴകളെയും തോടുകളെയും ഈ കനാലുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു ഇതിന്റെ നിർമാണം.
 അതു മൂലം മഴക്കാലത്ത് പുഴകളിലെ വെള്ളം പൂർണമായും കടലിലേക്ക് ഒഴുകിപ്പോകാതെ കനാലിൽ ശേഖരിച്ചു നിർത്താനുള്ള സംവിധാനമുണ്ടായിരുന്നു. ആറു മീറ്റർ മുതൽ 20 മീറ്റർ വരെ വീതിയിലാണ് പല ഭാഗങ്ങളിലും കനാൽ നിർമിക്കപ്പെട്ടത്. വേനൽ കാലത്ത് ആറടി വരെ വെള്ളം ശേഖരിച്ചു നിർത്തുന്നതിനുള്ള ശേഷിയും കനാലിന് ഉടനീളം ഉണ്ടായിരുന്നു.
കനാലിന്റെ തീരവാസികൾക്ക് എല്ലാ തരത്തിലും ഈ ജലസംഭരണി ഒരു അനുഗ്രഹമായിരുന്നു. കുടിവെള്ളത്തിനൊഴിച്ച് മറ്റെല്ലാ ആവശ്യങ്ങൾക്കും ലക്ഷക്കണിക്ക് ആളുകൾ ഈ കനാലിനെ ആശ്രയിച്ചു. കാർഷികാവശ്യങ്ങൾക്കും കുളിക്കുന്നതിനും അലക്കുന്നതിനും കന്നുകാലികളെ കഴുകുന്നതിനുമൊക്കെ ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വലിയൊരു ജലപാത കൂടിയായിരുന്നു കനോലി കനാൽ. വലിയ കെട്ടുവള്ളങ്ങളിൽ ചരക്കുകൾ വിപണികളിലേക്കെത്തിച്ചിരുന്നത് കനോലി കനാലിലൂടെയാണ്. കയർ നിർമാണത്തിനുള്ള ചകിരി, കുരുമുളക്, നാളികേരം, വെളിച്ചെണ്ണ തുടങ്ങിയവ പ്രധാനമായും ഈ ജലപാതയിലൂടെയാണ് വിപണികളിലേക്ക് കൊണ്ടു പോയിരുന്നത്. കൊച്ചി, കൊടുങ്ങല്ലൂർ, ചാവക്കാട്, പൊന്നാനി, കോഴിക്കോട് തുടങ്ങിയ പ്രധാന പട്ടണങ്ങളുടെ വളർച്ചയിൽ കനോലി കനാലിനുണ്ടായിരുന്ന പങ്ക് ചെറുതല്ല.
എന്നാൽ പിൽക്കാലത്ത് ഈ മേഖലയിലുണ്ടായ വഴിമാറിയ വികസന പ്രവർത്തനങ്ങൾ കനോലി കനാലിനെ നശിപ്പിക്കുകയായിരുന്നു. ഇന്ന് പലയിടത്തും ഈ കനാൽ ഇല്ലാതായിരിക്കുന്നു. ചിലയിടങ്ങളിൽ കനാൽ കൈയേറി മണ്ണിട്ട് തൂർത്ത് അവിടെ കെട്ടിടങ്ങൾ വരെ ഉയർന്നു. മരങ്ങൾ വളർന്ന് ചിലയിടങ്ങളിൽ രൂപം മാറി. ഇരുപത് മീറ്റർ വരെയുണ്ടായിരുന്ന വീതി ഇപ്പോൾ നാലോ അഞ്ചോ അടിയിലേക്ക് ചുരുങ്ങി. ജലഗതാഗതത്തിന് പ്രയോജനപ്പെടാത്ത വിധം കനാൽ നശിച്ചു കഴിഞ്ഞു.
കനോലി കനാലിനെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതി ഈ ജലശേഖരത്തിന്റെ പുനരുദ്ധാരണത്തിന്റെ ആദ്യ പടിയായി മാറണം. കനാലിനെ പഴയ പ്രതാപത്തോടെ വീണ്ടെടുക്കാനുള്ള പദ്ധതികൾ ഇതിന് തുടർച്ചയായി ഉണ്ടാകേണ്ടതുണ്ട്. പഴയ രൂപത്തിൽ കോഴിക്കോട് മുതൽ കൊച്ചി വരെ വീണ്ടെടുക്കണം. നിർമാണ പ്രവർത്തനങ്ങൾ മൂലം ജലപ്രവാഹം തടസ്സപ്പെട്ട സ്ഥലങ്ങളിൽ അത് പൂർവസ്ഥിതിയിലാക്കുകയോ ബദൽ വഴികൾ നിർമിക്കുകയോ വേണം. 
ലഭ്യമായ സ്ഥലങ്ങളിലെല്ലാം വീതി കൂട്ടി ജലഗതാഗതത്തിന് ഉപയുക്തമാക്കുമ്പോൾ മാത്രമേ കനോലി കനാലിന്റെ വീണ്ടെടുപ്പ് പൂർണമാകൂ. നേരത്തെ കോഴിക്കോട് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഈ ജലപാത വീതി കൂട്ടി വൃത്തിയാക്കി ബോട്ട് സർവീസ് തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നു. 
ഇത്തരം പദ്ധതികൾ കോഴിക്കോട് മുതൽ കൊച്ചി വരെയാക്കി മാറ്റാൻ സർക്കാറിന് കഴിയണം. വാഹന ഗതാഗതത്തിന് പുതിയ റോഡുകൾ നിർമിക്കാൻ ഭൂമി തേടുകയും ജനകീയ പ്രതിഷേധം മൂലം പദ്ധതികൾ തടസ്സപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് പൂർവികമായി നമുക്ക് ലഭിച്ച കനോലി കനാലിന്റെ ഗതാഗത സാധ്യതകൾ തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിന്റെ വലിയൊരു ഭൂപ്രദേശത്തിന്റെ വ്യാവസായികവും സാമൂഹികവുമായ പുരോഗതിക്ക് സഹായകമാകുന്നതാകും കനോലി കനാലിന്റെ പൂർണ രൂപത്തിലുള്ള പുനരുദ്ധാരണം. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ അടിയന്തരമായി പതിയേണ്ടതുണ്ട്.
 

Latest News