Sorry, you need to enable JavaScript to visit this website.

പ്രവാസി ഇന്ത്യന്‍ പൗരത്വം നഷ്ടമായ ആതിഷ് തസീര്‍ കേന്ദ്രത്തിനെതിരെ നിയമ പോരാട്ടത്തിന്

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ഇന്ത്യന്‍ പൗരത്വം പിന്‍വലിച്ച നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീര്‍ നിയമ പോരാട്ടത്തിനിറങ്ങുന്നു. 1955ലെ പൗരത്വ നിയമ പ്രകാരം പ്രവാസി ഇന്ത്യന്‍ പൗരത്വ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡിന് ആതിഷിന് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം ഇതു പിന്‍വലിച്ചത്. രക്ഷിതാക്കളോ അവരുടെ അച്ഛനമ്മമാരോ പാക്കിസ്ഥാനികളായവര്‍ക്ക് പ്രവാസി ഇന്ത്യന്‍ പൗരത്വം നല്‍കാനാവില്ലെന്നും ആതിഷ് ഇതു മറച്ചുവച്ചെന്നും ആരോപിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

20 വര്‍ഷമായി ഈ ഇന്ത്യന്‍ പൗരത്വ കാര്‍ഡ് കൈവശമുണ്ടെന്നും ഇതിനെതിരെ ഒരു സര്‍ക്കാരും നടപടി എടുത്തിട്ടില്ലെന്നും ആതിഷ് വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ ജനിച്ച ആതിഷിന്റെ പിതാവ് പാക്കിസ്ഥാനിലെ മുന്‍ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ തസീറും മാതാവ് പ്രമുഖ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ തല്‍വീന്‍ സിങുമാണ്. അച്ഛന്‍ സല്‍മാന്‍ തസീറിന് പാക്കിസ്ഥാനി, ബ്രിട്ടീഷ് ഇരട്ട പൗരത്വമുണ്ടായിരുന്നു എന്ന കാര്യം ആതിഷ് മറച്ചുവെച്ചു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം.

എന്നാല്‍ തന്റെ മാതാപിതാക്കള്‍ വിവാഹിതര്‍ ആയിരുന്നില്ലെന്നും തന്റെ ജനനം വരെ മാത്രമെ അവരുടെ ബന്ധം നിലനിന്നിരുന്നുള്ളൂവെന്നും ആതിഷ് പറയുന്നു. എന്റ ജനന സര്‍ട്ടിഫിക്കറ്റില്‍ മാത്രമാണ് പിതാവിന്റെ പേരുള്ളത്. ഇന്ത്യയില്‍ എന്റെ അമ്മ ഒറ്റയ്ക്കാണ് എന്നെ വളര്‍ത്തിയത്. അച്ഛനുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സാമ്പത്തികമായോ അല്ലാതെയോ ഒരു സഹകരണവും ഉണ്ടായിട്ടില്ല. അദ്ദേഹം എന്റെ ജീവിതത്തില്‍ തന്നെ ഇല്ല. ഇക്കാര്യം എന്റെ പുസ്തകങ്ങളിലും ലേഖനങ്ങളിലും എഴുതിയതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യമൊക്കെ ഞാന്‍ മറച്ചുവെച്ചു എന്ന് എങ്ങനെ പറയും. എനിക്ക് അറിയാത്ത ഒരു അച്ഛന്റെ പേരു പറഞ്ഞ് സര്‍ക്കാരിന് എങ്ങനെ എന്റെ ഇന്ത്യയുമായുള്ള ബന്ധത്തെ നിഷേധിക്കാന്‍ കഴിയും- ആതിഷ് ചോദിച്ചു. 21-ാം വയസ്സിലാണ് ആതിഷ് പിതാവ് സല്‍മാന്‍ തസീറിനെ ആദ്യമായി കാണുന്നത്. ഇതിനു മുമ്പു തന്നെ ആതിഷിന് പ്രവാസി ഇന്ത്യന്‍ പൗരത്വ കാര്‍ഡുണ്ടായിരുന്നു. 

ഇത് 20 വര്‍ഷമായി ഒരു സര്‍ക്കാരും ചോദ്യം ചെയ്തിട്ടില്ല. മോഡിക്കെതിരെ ലേഖനമെഴുതി മൂന്ന മാസങ്ങള്‍ക്കു ശേഷമാണ് ഈ ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചതെന്നും ആതിഷ് പറഞ്ഞു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആതിഷിനോട് ഒഐസി കാര്‍ഡ് രണ്ടാഴ്ചക്കകം തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കരിമ്പട്ടികയില്‍ പേര് ഉള്‍പ്പെടും. പിന്നീട് ഒരിക്കലും ഇന്ത്യയിലേക്ക് വിസ ലഭിക്കില്ല.

തന്നെ വ്യക്തിപരമായി ഉന്നമിട്ടിരിക്കുകയാണ്. നിയമ പോരാട്ടത്തിനിറങ്ങുന്നത് സമയവും പണവും നഷ്ടമാക്കുമെന്ന ആശങ്ക നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ നിരവധി പേര്‍ പിന്തുണയുമായി എത്തി. ഇതോടെ നിയമ പരിഹാരം തേടാന്‍ തീരുമാനിക്കുകയായിരുന്നു. ഇ്ത് ഒരു പക്ഷേ ദീര്‍ഘകാലം നീണ്ടേക്കാം. എങ്കിലും പൊരുതുകയാണ്- ആതിഷ് തസീര്‍ ദി ഹിന്ദുവിനോട് പറഞ്ഞു.

Latest News