മലപ്പുറത്ത് മര്‍ദനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു; വിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരനിലയില്‍

മലപ്പുറം- പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ച യുവാവ് വിഷം കഴിച്ചു മരിച്ചു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിറാണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ മരിച്ചത്. ഇതിനു പിന്നാലെ യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരി അപകടനില തരണം ചെയ്തിട്ടില്ല.

യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഷാഹിറിന്റെ സഹോദരന്‍  ഷിബില്‍ നല്‍കിയ പരാതിയില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. ഇവിടെ എത്തിയ സംഘമാണ് രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മര്‍ദിച്ചത്. വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.

 

Latest News