Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ഇനി  എൻ.സി.പിയുടെ ഊഴം

മുംബൈ/ന്യൂദൽഹി- അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മഹാരാഷ്ട്രയിൽ എൻ.സി.പിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. നിശ്ചിതസമയത്തിനകം എം.എൽ.എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് നൽകുന്നതിൽ ശിവസേന പരാജയപ്പെട്ടതിനെ തുടർന്നാണ് മൂന്നാമത്തെ വലിയ കക്ഷിയായ എൻ.സി.പിയെ ഗവർണർ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചത്. രണ്ടു ദിവസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാക്കൾ ഗവർണറെ സന്ദർശിച്ചിരുന്നു. എന്നാൽ സമയം നീട്ടിനൽകാനാകില്ലെന്ന് അറിയിച്ച ഗവർണർ എൻ.സി.പിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു. എൻ.സി.പി നേതാക്കൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ശിവസേനക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ ആശയക്കുഴപ്പമാണ് ശിവസേനയുടെ സാധ്യതക്ക് മങ്ങലേൽപ്പിച്ചത്. ശിവസേനക്ക് തത്വത്തിൽ പിന്തുണ നൽകാൻ കോൺഗ്രസിൽ പ്രാഥമിക തീരുമാനമായെങ്കിലും ഇക്കാര്യത്തിൽ അന്തിമ ധാരണയിലെത്താനായില്ല. ശിവസേന നേതാവ് ഉദ്ധവ് താക്കറെ സോണിയ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. തുടർന്ന് തീരുമാനം അറിയിക്കാമെന്ന് ഉദ്ധവ് താക്കറെയെ സോണിയ അറിയിച്ചു. എൻ.സി.പി നേതാവ് ശരത് പവാറുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയുമായി സംസാരിച്ചത്. പിന്തുണ നൽകാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായും കോർ കമ്മിറ്റി അംഗങ്ങളുമായും സോണിയ ചർച്ച നടത്തിയിരുന്നു.


നേരത്തെ എൻ.സി.പിയുമായി സഖ്യമുണ്ടാക്കാൻ ശിവസേന ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസ് എതിർത്തതിനാൽ നീക്കം വിജയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ദൽഹിയിലെത്തിയ ശരത് പവാർ സോണിയാ ഗാന്ധിയുമായി ഈ വിഷയത്തിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇത്തവണ സഖ്യമുണ്ടാക്കണോയെന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് ആദ്യം പവാർ സ്വീകരിച്ചത്. ശിവസേന എൻ.ഡി.എ സഖ്യത്തിൽ നിന്നു പുറത്തുവരണമെന്ന നിലപാടും പവാർ ആവർത്തിച്ചു. 
ഇതിനു പിന്നാലെ സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കത്തെ പിന്തുണയ്ക്കാൻ മഹാരാഷ്ട്രയിൽ നിന്നുള്ള 44 കോൺഗ്രസ് എം.എൽ.എമാരും ഹൈക്കമാൻഡിനെ സമ്മതമറിയിച്ചു. എം.എൽ.എമാരുടെ തീരുമാനം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ രാവിലെ ചേർന്ന കോർ ഗ്രൂപ്പ് യോഗത്തിൽ വിശദമാക്കി. പുറമേനിന്നുള്ള പിന്തുണ ഒഴിവാക്കി സർക്കാരിന്റെ ഭാഗമാകണമെന്ന നിർദേശമാണ് ഭൂരിപക്ഷം എം.എൽ.എമാരും സ്വീകരിച്ചത്.
എന്നാൽ, ശിവസേന- എൻ.സി.പി സർക്കാരിനെ പിന്തുണയ്ക്കുന്നതിനെ കേരളത്തിൽ നിന്നുള്ളവർ അടക്കമുള്ള ദേശീയ നേതാക്കൾ എതിർത്തു. ബി.ജെ.പിയേക്കാൾ തീവ്ര വംശീയ- പ്രാദേശിക- വർഗീയ നിലപാടുകളുള്ള പാർട്ടിയാണ് ശിവസേനയെന്നും ഇവരെ പിന്തുണച്ചാൽ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. ശിവസേനയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന നിലപാടാണ് വ്യക്തിപരമായി മല്ലികാർജുൻ ഖാർഗെയും മഹാരാഷ്ട്രയിലെ നേതാവ് സഞ്ജയ് നിരുപവും അടക്കമുള്ളവർ കോർ ഗ്രൂപ്പ് യോഗത്തെ അറിയിച്ചത്. ഇതേ തുടർന്ന് പിന്തുണയുടെ കാര്യത്തിൽ അവ്യക്തതയായതോടെ തീരുമാനമെടുക്കുന്നതിനു കോൺഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തി. 
ശിവസേനയുടെ നിലപാടുകളുമായി ചേരാനാവില്ലെന്ന നിലപാടാണ് നേരത്തെയും സഖ്യനീക്കം തള്ളിക്കൊണ്ട് സോണിയ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ബി.ജെ.പിയെ സർക്കാരിൽനിന്നു നീക്കിനിർത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ എന്നിവർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര വിഷയത്തിൽ ഇന്നലെ വൈകുന്നേരം വിളിച്ചുചേർത്ത അടിയന്തര നേതൃയോഗത്തിലാണ് സഖ്യനീക്കത്തെ പിന്തുണച്ച് നിലപാട് വ്യക്തമാക്കിയത്. സർക്കാരുണ്ടാക്കാനുള്ള ശിവസേന നീക്കത്തെ കോൺഗ്രസ് എം.എൽ.എമാരും സംസ്ഥാനത്തെ നേതാക്കളും പിന്തുണച്ചതോടെ സോണിയാ ഗാന്ധി ശരത് പവാറുമായും വിഷയം ചർച്ച ചെയ്തിരുന്നു. ഇതിനു ശേഷമാണ് ശരത് പവാറുമായി ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും ചർച്ച നടത്തുകയും സോണിയയുമായി ഉദ്ധവ് ഫോണിൽ സംസാരിക്കുകയും ചെയ്തത്. 
കോൺഗ്രസും എൻ.സി.പിയും ആവശ്യപ്പെട്ടതിൻ പ്രകാരം ശിവസേനയുടെ മന്ത്രി അരവിന്ദ് സാവന്ത് നരേന്ദ്ര മോഡി മന്ത്രിസഭയിൽ നിന്നു രാജിവെച്ചെന്നുള്ള കാര്യവും എൻ.ഡി.എ സഖ്യം ഉപേക്ഷിക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് ഏഴ് മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും ചർച്ച ചെയ്തതെന്നാണ് സൂചന. കേന്ദ്രസർക്കാരിലെ ഏക മന്ത്രിയെ പിൻവലിക്കാനുള്ള ശിവസേനയുടെ തീരുമാനം എൻ.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യപടിയാണെന്നും തീരുമാനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നും നേതാക്കൾ വിശദമാക്കി. ഇതിനു പിന്നാലെയാണ് ശരത് പവാറിനെ ഫോണിൽ വിളിച്ചു സോണിയ പിന്തുണ നൽകുന്ന കാര്യം അറിയിച്ചത്. 
ഇതനുസരിച്ച് ശിവസേന സർക്കാർ നീക്കവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സമയം നീട്ടി നൽകാനാകില്ലെന്ന് ഗവർണർ വ്യക്തമാക്കിയത്. എൻ.സി.പി-ശിവസേന-കോൺഗ്രസ് സഖ്യം സർക്കാറുണ്ടാക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. 

Latest News