Sorry, you need to enable JavaScript to visit this website.

അഞ്ഞൂറ് പേർക്ക് ഭക്ഷണം ഒരുക്കി, എത്തിയത് അമ്പതിൽ താഴെ വനിതകൾ; പൊട്ടിത്തെറിച്ച് കമ്മീഷൻ ചെയർപെഴ്‌സൺ

കോഴിക്കോട് - അഞ്ഞൂറ് പേർക്ക് ഭക്ഷണം ഒരുക്കിയിട്ടും എത്തിയത് അമ്പതിൽ താഴെ വനിതകൾ; ഒഴിഞ്ഞുകിടക്കുന്ന കസേരകൾ കണ്ടപ്പോൾ പൊട്ടിത്തെറിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ. സദസ്സിൽ ചില മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഇവരെ വിളിക്കുന്ന സമയം നിങ്ങൾക്ക് പത്താളുകളെ കേൾക്കാൻ എത്തിച്ചുകൂടേ എന്ന് അലറി വിളിച്ച് രോഷം തീർക്കൽ.
കുടുംബശ്രീ ആഭിമുഖ്യത്തിൽ നളന്ദ ഓഡിറ്റോറിയത്തിൽ കേരള വനിതാ കമ്മീഷൻ  സംഘടിപ്പിച്ച ഏകദിന സെമിനാറാണ് ധൂർത്തിന്റെയും കഴിവുകേടിന്റെയും വേദിയായത്. കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ എത്തിച്ചേർന്നത് അമ്പതോളം സ്ത്രീകൾ മാത്രമാണ്. വിശാലമായ ഹാൾ ഒഴിഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ 'തന്നെ അപമാനിച്ചു' എന്ന വിധത്തിൽ എം.സി ജോസഫൈൻ സംഘാടകരോട് പ്രതിഷേധിച്ചിരുന്നു. പ്രസംഗത്തിൽ അവർ പുരുഷന്മാർക്കെതിരെ കത്തിക്കയറിയപ്പോൾ വേദിയിലിരുന്ന കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ഉൾപ്പെടെ പുരുഷ പ്രതിനിധികളും ഇറങ്ങിപ്പോയി.
വലിയ വാടകയുള്ള ഹാളിൽ, അഞ്ഞൂറോളം പേർക്ക് ഭക്ഷണം ഒരുക്കി സെമിനാർ പ്രഹസനം സംഘടിപ്പിച്ച സംഘാടകർക്കെതിരെ വിമർശനം ശക്തമാണ്. വൈദഗ്ധ്യം ആവശ്യപ്പെടുന്ന തൊഴിൽ മേഖലകളിൽ നിന്ന് സ്ത്രീകളെ തഴയുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അഭിപ്രായപ്പെട്ടു. ഐ.ടി മേഖല ഒഴികെ വൈദഗ്ധ്യം ആവശ്യപ്പെടുന്ന ഒരു മേഖലകളിലും സ്ത്രീകളില്ല. സ്ത്രീകളുടെ അധ്വാനത്തെ രാജ്യം വിലകുറച്ചാണ് കാണുന്നത്. അതുകൊണ്ടാണ് കുറഞ്ഞ കൂലി കിട്ടുന്ന പണികൾക്ക് സ്ത്രീകളെ നിയോഗിക്കുന്നത്. കേരളത്തിലും മറ്റും  പ്രവർത്തിക്കുന്ന സ്ത്രീ സംഘടനകളിൽ ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തിലാണെന്നും ഈ ഒരവസ്ഥ മാറി സ്ത്രീ സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഡെപ്യൂട്ടി മേയർ മീര ദർശക് അദ്ധ്യക്ഷത വഹിച്ചു. വർത്തമാനകാലവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ അംഗം എം.എസ്.താര മുഖ്യപ്രഭാഷണം നടത്തി. സൈബർ നിയമങ്ങളും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ സൈബർ സെൽ എസ്.ഐ സത്യൻ കാരയാട് സംസാരിച്ചു.

Latest News