Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആണവ പദ്ധതി പുനഃപരിശോധിക്കാതെ ഇറാനുമായി ചർച്ചയില്ല -യു.എ.ഇ

ഡോ. അൻവർ ഗർഗാശ് 

അബുദാബി - ആണവ പദ്ധതി പുനഃപരിശോധിക്കാതെയും മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ അവസാനിപ്പിക്കാതെയും ഇറാനുമായി ചർച്ച സാധ്യമല്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു.

ആറാമത് അബുദാബി സ്ട്രാറ്റജിക്കൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ പദ്ധതി അടക്കമുള്ള പ്രശ്‌നങ്ങളിൽ ഇറാനുമായുള്ള ചർച്ചകളിൽ അടുത്ത വർഷം പുരോഗതിയുണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്. 


ഇറാനുമായി നടത്തുന്ന പുതിയ ചർച്ചകളിൽ ആണവ പദ്ധതി മാത്രമല്ല, മറിച്ച് ബാലിസ്റ്റിക് മിസൈൽ പദ്ധതിയെയും മേഖലാ രാജ്യങ്ങളിൽ നടത്തുന്ന ഇടപെടലുകളെയും കുറിച്ച ഭീതികൾക്കും പരിഹാരം കാണുന്ന കാര്യം കൂടി ഉൾപ്പെടുത്തണം. 


ബാലിസ്റ്റിക് മിസൈൽ പദ്ധതി, മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ എന്നീ പ്രശ്‌നങ്ങളെ കുറിച്ച് കൂടി വിശകലനം ചെയ്യുന്നതിന് മേഖലാ രാജ്യങ്ങളെയും ഇറാനുമായുള്ള ചർച്ചകളിൽ പങ്കാളികളാക്കേണ്ടത് ആവശ്യമാണ്. എല്ലാ രാജ്യങ്ങൾക്കും പൊതുസമ്മതമായ നിലക്ക് ഇറാനുമായി പുതിയ കരാർ ഒപ്പുവെക്കുക സാധ്യമാണ്. എന്നാൽ ഇതിന് ഏറെ കാലമെടുത്തേക്കും. ഇതിന് ക്ഷമയും നിശ്ചദാർഢ്യവും ആവശ്യമാണ്.

ഇറാൻ പ്രശ്‌നത്തിൽ അമേരിക്കക്കും യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്കും മേഖലാ രാജ്യങ്ങൾക്കും ഒറ്റ നിലപാടായിരിക്കണം ഉണ്ടാകേണ്ടത്. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും പങ്കാളിത്തം വഹിക്കണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് അന്ത്യമുണ്ടാകണം. മേഖലയിൽ രാഷട്രീയ പ്രക്രിയകൾക്ക് തുരങ്കം വെക്കുന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല. 


ഇറാൻ പ്രശ്‌നത്തിൽ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. സംഘർഷം മൂർഛിപ്പിക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. എല്ലാ രാജ്യങ്ങൾക്കും അഭിവൃദ്ധി കൈവരിക്കാൻ സാധിക്കും വിധം കൂടുതൽ ഭദ്രമായ മേഖലാ സംവിധാനം സംജാതമാക്കുന്നതിന് മുൻകാലങ്ങളെ അപേക്ഷിച്ച് നയതന്ത്ര പോംവഴികൾ അവലംബിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ വർധിച്ചിരിക്കുന്നു. 


സുഡാനിലെ അധികാര കൈമാറ്റം വിജയകരമായ മാതൃകയാണ്. രാജ്യങ്ങൾ തമ്മിലെ തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിന് എല്ലാവരും ഒരുമിച്ചു നിൽക്കണം. ആഭ്യന്തര പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ സംവാദത്തിലൂടെ പരിഹാരം കാണുന്നതിന് എല്ലാ രാജ്യങ്ങളെയും പ്രോത്സാഹിക്കുകയും വേണം. യെമനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഭീകര വിരുദ്ധ പോരാട്ടത്തിനും സമുദ്ര ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനും യു.എൻ നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് യു.എ.ഇ ഇപ്പോൾ മുൻഗണന നൽകുന്നത്. യെമനിലെ 22 പ്രവിശ്യകളിലെ 1.7 കോടി പേർക്ക് 600 കോടി ഡോളറിന്റെ സഹായങ്ങൾ യു.എ.ഇ നൽകിയിട്ടുണ്ട്. 


യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ വിഘടനവാദികളും തമ്മിൽ സമാധാന കരാർ ഒപ്പുവെക്കുന്നതിലേക്ക് നയിക്കും വിധം സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ യു.എ.ഇ പ്രശംസിക്കുന്നു. യെമൻ പൗരന്മാരുടെ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണം. സമഗ്ര രാഷ്ട്രീയ പരിഹാരത്തിലെത്തിച്ചേരുന്നതിനുള്ള അടിത്തറ ഇതാണെന്നും ഡോ. അൻവർ ഗർഗാശ് പറഞ്ഞു.

 

 

Latest News