Sorry, you need to enable JavaScript to visit this website.

മൂഡീസ്  വിലയിരുത്തൽ  നിക്ഷേപകരിൽ  ആശങ്കയുണ്ടാക്കി

ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ നീക്കത്തെ വിദേശ ഓപ്പറേറ്റർമാർ ഏറെ പ്രാധാന്യത്തോടെ പരിശോധിക്കാം. ഇന്ത്യൻ സാമ്പത്തിക വ്യാവസായിക മേഖലകളുടെ വളർച്ചയെ കുറിച്ച് മൂഡീസ് നടത്തിയ വിലയിരുത്തൽ നിക്ഷേപകരിൽ ആശങ്ക ജനിപ്പിച്ചു. ബോംബെ സെൻസെക്‌സ് റെക്കോർഡ് പ്രകടനം തുടരുകയാണെങ്കിലും നിഫ്റ്റി കൺസോളിഡേഷൻ മൂഡിലാണ്. ബി എസ് ഇ സൂചിക 158 പോയിന്റും എൻ എസ് ഇ 18 പോയിന്റും പ്രതിവാര മികവിലാണ്.  എന്നാൽ ഇത് നഷ്ടപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്. പുതിയ നിക്ഷേപങ്ങൾക്ക് മുതിരും മുമ്പേ രണ്ട് വട്ടം ആലോചിക്കാൻ മനസ് പാകപ്പെടുത്താൻ ഓപ്പറേറ്റർമാർ തയ്യാറാവുക. ഫണ്ട് മാനേജർമാർ ഹെഡ്ജിങിൽ സുരക്ഷിതത്വം കണ്ടെത്തും. ബോംബെ സെൻസെക്‌സ് തുടർച്ചയായ രണ്ടാം വാരത്തിലും റെക്കോർഡ് പുതുക്കിയെങ്കിലും നിഫ്റ്റി സൂചിക മുന്നേറാൻ ക്ലേശിച്ചു. ബോംബെ സെൻസെക്‌സ് നിക്ഷേപകരെ മോഹിപ്പിച്ചു. 40,165 ൽ തുടങ്ങിയ ബി എസ് ഇ ഒരു വേള അൽപ്പം തളർന്നെങ്കിലും പിന്നീട് കരുത്ത് നേടി സർവകാല റെക്കോർഡായ 40,749 ലേയ്ക്ക് ഉയർന്നു. വാരാന്ത്യത്തിലെ പ്രതികൂല വാർത്തകളിൽ ആടി ഉലഞ്ഞ സെൻസെക്‌സ് ക്ലോസിങിൽ 40,323 പോയിന്റിലാണ്. ഈവാരം 39,990 ലെ താങ്ങ് നിലനിർത്തി 40,702 ലേയ്ക്കും തുടർന്ന് 41,081 ലേയ്ക്കും സഞ്ചരിക്കാം. എന്നാൽ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 39,657-38,946 ലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. 
പ്രോഫിറ്റ് ബുക്കിങിനെ തുടർന്ന് നിഫ്റ്റി 11,890 ൽ നിന്ന് 11,854 ലേയ്ക്ക് തുടക്കത്തിൽ താഴ്ന്നു. എന്നാൽ ഈ അവസരത്തിൽ വാങ്ങലുകാർ വിപണിയിൽ അണിനിരന്നതോടെ ജൂണിന് ശേഷം ആദ്യമായി സൂചിക 12,014 ലെ പ്രതിരോധം തകർത്ത് 12,016 വരെ കയറിയെങ്കിലും അധികനേരം പിടിച്ചു നിൽക്കാനാവാതെ 11,900 ലേയ്ക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച്ച തിരിച്ചു വരവിന് ശ്രമം നടത്തി 12,034 വരെ കയറി. രണ്ടാഴ്ച്ചയായി കൺസോളിഡേഷനുള്ള നീക്കത്തിലാണെന്ന കാര്യം ശരിവെക്കും വിധത്തിൽ വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി 11,908 പോയിന്റിലാണ്.  നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ ഡെയ്‌ലി ചാർട്ടിൽ നിരീക്ഷിച്ചാൽ ഈ വാരം 12,011 ൽ തടസമുണ്ട്. ഇത് മറികടന്നാൽ സർവകാല റെക്കോർഡായ 12,103 ലെ തടസം ഭേദിച്ച് സൂചിക 12,114 വരെ ഉയരാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ തിങ്കളാഴ്ച്ച 11,827 ൽ ആദ്യ സപ്പോർട്ടിൽ പരീക്ഷണം നടത്താം. ചെവാഴ്ച്ച ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച്  അവധിയാണ്. ബുധനാഴ്ച്ച തിരിച്ചു വരവിന് ശ്രമം നടത്താമെങ്കിലും സെൽ പ്രഷർ ഉടലെടുത്താൽ 11,702-11,562 റേഞ്ചിലേയ്ക്ക് വിപണി തിരിയാം.
മുൻ നിരയിലെ പത്ത് കമ്പനികളിൽ നാലെണ്ണത്തിന്റെ വിപണി മൂല്യത്തിൽ 55,681.8 കോടി രൂപയുടെ ഇടിവ്. റ്റി സി എസ്, എച്ച് യു എൽ, ആർ ഐ എൽ, ഐ റ്റി സി എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 70.50 ൽനിന്ന് 85 പൈസ ഇടിഞ്ഞ് 71.35  ലേയ്ക്ക് നീങ്ങി. ഈവാരം രൂപയ്ക്ക് തിരിച്ചടി നേരിട്ടാൽ 71.60 തടസമുണ്ട്. ഇത് മറികടന്നാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ 72.29 നെ ലക്ഷ്യമാക്കാം. വിനിമയ മൂല്യം ശക്തിപ്രാപിച്ചാൽ 70.67 വരെ നീങ്ങാം.
വിദേശ ഫണ്ടുകൾ ഇന്ത്യയിലെ നിക്ഷേപം ഉയർത്തി. നവംബറിൽ 12,107.67 കോടി അവർ ഇറക്കി. 6433.8 കോടി ഓഹരിയിലും 5673.87 കോടി കടപത്രത്തിലും. പോയവാരം ഓഹരിയിലെ അവരുടെ നിക്ഷേപം 3204.93 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ടവാരം 4431.27 കോടിയുടെ വിൽപന നടത്തി. 

Latest News