സുരക്ഷാ ഡ്യൂട്ടിക്കിടെ ചാറ്റ് ചെയ്ത അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭോപാല്‍- മധ്യപ്രദേശില്‍ സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ പ്രശ്‌നസാധ്യതയുള്ള പ്രദേശമായ ജബല്‍പൂരില്‍ സുരക്ഷക്കായി നിയോഗിച്ച പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍.
അയാധ്യ-ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ച ശനിയാഴ്ചയാണ് ഇവരെ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ നിയോഗിച്ചിരുന്നത്.  
സ്ഥലത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയപ്പോള്‍ അഞ്ച് പോലീസുകാരും വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത് നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും അഞ്ചുപേരെയും ശനിയാഴ്ച രാത്രിതന്നെ സസ്‌പെന്റ് ചെയ്തുവെന്നും ജബല്‍പൂര്‍ പോലീസ് സൂപ്രണ്ട് അമിത് സിംഗ് പറഞ്ഞു.
സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നത് കണക്കിലെടുത്ത് ശനിയാഴ്ച ജബല്‍പൂരിന്റെ വിവിധ ഭാഗങ്ങളില്‍ 2,500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.

 

Latest News