Sorry, you need to enable JavaScript to visit this website.

എയര്‍പോര്‍ട്ടും റെയില്‍വെ സ്റ്റേഷനും പഞ്ചനക്ഷത്ര ഹോട്ടലുകളും; അയോധ്യ സമഗ്ര വികസനത്തിലേക്ക്

അയോധ്യ- ബാബരി മസ്ജിദ് തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടിയ പശ്ചാത്തലത്തില്‍ പുരാതന നഗരം പ്രധാന തീര്‍ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന് അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായ പറഞ്ഞു. രാമ ജന്മഭൂമി-ബാബരി മസ്ജിദ്  തര്‍ക്കക്കേസില്‍ സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ച് ഒരു ദിവസത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യ പ്രധാന തീര്‍ഥാടന കേന്ദ്രമായി വികസിപ്പിക്കുന്നതിനായി  അയോധ്യ തീര്‍ഥാടന വികസന സമിതി രൂപീകരിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ആധുനിക സൗകര്യങ്ങളോടെ നഗരം വികസിപ്പിക്കാനുള്ള ചുമതല സമിതിക്ക് നല്‍കും.  
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം അയോധ്യയുടെ സമഗ്രവികസനത്തിനായി വിശദമായ റോഡ് മാപ്പ് തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ഏകോപിപ്പിച്ച് ഉത്തര്‍പ്രദേശ് സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേരുമെന്ന് ഉപാധ്യായ പറഞ്ഞു.
അയോധ്യയിലെ സരയു നദീ തീരത്ത് 151 മീറ്റര്‍ ഉയരമുള്ള രാമന്റെ പ്രതിമ സ്ഥാപിക്കാനുള്ള നിര്‍ദേശം നേരത്തെ ഉണ്ടെന്നും അയോധ്യ മേയര്‍ പറഞ്ഞു.
അയോധ്യയുടെ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രവര്‍ത്തിക്കും.  1045 പേജ് വരുന്ന സുപ്രീം കോടതി  വിധിന്യായം സര്‍ക്കാരിന്റെ നിയമോപദേഷ്ടാക്കള്‍ പഠിച്ച ശേഷം അയോധ്യയിലെ  ഭാവി നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ പ്രധാനമന്ത്രി മോഡി അടുത്തയാഴ്ച യോഗം വിളിക്കും.
അയോധ്യയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) പര്യവേഷണം നടത്തിയപ്പോള്‍ ലഭിച്ച പുരാവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാമ മ്യൂസിയം കൂടി സ്ഥാപിക്കാന്‍  കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു പദ്ധതിയുണ്ട്.  
സുപീം കോടതി വിധിക്ക് ശേഷം വന്‍തോതില്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശം വികസിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.  
രാമന്റെ ജന്മസ്ഥലവും ചുറ്റുമുള്ള സ്ഥലങ്ങളും  പൈതൃക സ്ഥലമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
അയോധ്യയില്‍ പത്ത് ശ്രീരാമ കവാടങ്ങള്‍ സ്ഥാപിക്കുക,
2020 മേയില്‍തന്നെ സര്‍വീസ് ആരംഭിക്കത്തവിധം വിമാനത്താവളം നിര്‍മിക്കുക, അത്യാധുനിക സൗകര്യങ്ങളുള്ള അന്താരാഷ്ട്ര ബസ് ടെര്‍മിനല്‍ സ്ഥാപിക്കുക, ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃകയില്‍ 100 കോടി രൂപ ചെലവില്‍   
ലോകോത്തര റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മാണം, അയോധ്യയില്‍ പത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിര്‍മാണം, അഞ്ച് വലിയ റിസോര്‍ട്ടുകളുടെ നിര്‍മാണം, പതിനായിരം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം, അയോധ്യയെ ഫൈസാബാദുമായി ബന്ധിപ്പിക്കുന്ന അഞ്ച് കി.മീ ഫ്‌ളൈ ഓവര്‍, അയോധ്യയില്‍ ഒരു മെഡിക്കല്‍ കോളേജ്,  
വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അയോധ്യയിലെ എല്ലാ പ്രധാന പൊതു സ്ഥലങ്ങളുടെയും പാര്‍ക്കുകളുടെയും വികസനം, ശ്രീരാമനുമായി ബന്ധിപ്പിച്ച എല്ലാ ചെറിയ ജലസംഭരണികളുടെയും അറ്റകുറ്റപ്പണികള്‍,
അയോധ്യ മുതല്‍ ചിത്രകൂട് വരെ നാല് വരി റോഡ് തുടങ്ങിയവയാണ് അയോധ്യ വികസനപദ്ധതിയിലുള്ള നിര്‍ദേശങ്ങള്‍.

 

Latest News