മഥുര, കാശി പ്രശ്‌നം ഉയര്‍ത്തില്ലെന്ന് ആര്‍.എസ്.എസ്; ജഡ്ജിമാര്‍ക്ക് നന്ദി

ന്യൂദല്‍ഹി- അയോധ്യയില്‍ എല്ലാവരും ഒന്നുചേര്‍ന്ന് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ ആര്‍.എസ.്എസ് വരാണസിയിലെ ജ്ഞാന്‍വാപി പള്ളിയിലും മഥുരയിലെ ഷാഹി ഈദ്ഗാഹിലും അവകാശവാദം ഉന്നയിക്കുന്ന ഹിന്ദു ദാര്‍ശനികരുടെയും വലതുപക്ഷ സംഘങ്ങളുടെയും ഒപ്പം ചേരില്ലെന്നും ദല്‍ഹിയില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ മോഹന്‍ ഭാഗവത് വ്യക്തമാക്കി. ആര്‍.എസ.്എസ് ഒരു മുന്നേറ്റത്തിന്റെയും ഭാഗമല്ലെന്നും സ്വഭാവ രൂപീകരണത്തിന് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ആര്‍.എസ്.എസ് സര്‍ സംഘ ചാലകിന്റെ മറുപടി.     
കഴിഞ്ഞ കാലത്ത് സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. അതുകൊണ്ടാണ് അയോധ്യ വിഷയത്തില്‍ ആര്‍.എസ്.എസ് പങ്ക് ചേര്‍ന്നത്. എന്നാല്‍, ആര്‍എസ്എസ് വീണ്ടും സ്വഭാവ രൂപീകരണത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന തര്‍ക്കത്തിനും വ്യവഹാരങ്ങള്‍ക്കും ഒടുവിലാണ് ഇപ്പോള്‍ അയോധ്യ വിഷയത്തില്‍ പരിഹാരമായി സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. ആര്‍.എസ്.എസ് സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും നന്ദി അറിയിക്കുന്നു. ഇനിയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. ഹിന്ദുക്കളും മുസ്ലിംകളും ഇന്ത്യന്‍ പൗരന്‍മാര്‍ തന്നെയാണെന്നതല്ലാതെ മുസ്‌ലിം സമൂഹത്തിന് മാത്രമായി പ്രത്യേകിച്ച് ഒരു സന്ദേശവും നല്‍കാനില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
പുതിയ മസ്ജിദ് എവിടെ നിര്‍മിക്കണം എന്നത് സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അയോധ്യ വിഷയത്തില്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പുകള്‍ക്കായി ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോയെന്നും ആര്‍.എസ്.എസ് തലവന്‍ പറഞ്ഞു.
സുപ്രീംകോടതി വിധി വിജയത്തിന്റെയോ പരാജയത്തിന്റെയോ കണ്ണുകളിലൂടെയല്ല കാണേണ്ടത്. സത്യവും നീതിയുമാണ് വിജയിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായി എല്ലാവരും ഒരുമിച്ചു മുന്നോട്ടു വരണം. എല്ലാവിധ തര്‍ക്കങ്ങള്‍ക്കും അവസാനം കണ്ടെത്തേണ്ട അനിവാര്യ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ സമാധാനവും സാഹോദര്യവും നിലനില്‍ക്കാന്‍ എല്ലാവരും നടത്തുന്ന ശ്രമങ്ങളെ ആര്‍.എസ്.എസ് പൂര്‍ണമായി പിന്തുണക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

 

Latest News