Sorry, you need to enable JavaScript to visit this website.

10 ചിത്രങ്ങളിൽ ട്വന്റി20

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് ആയിരം മത്സരം പിന്നിട്ട് മുന്നേറുകയാണ്. ക്രിക്കറ്റിനെ മൂന്നു മണിക്കൂറിലൊതുങ്ങുന്ന രാത്രികാല പോരാട്ടമായി മാറ്റിയത് ട്വന്റി20 യാണ്. ട്വന്റി20 യുടെ ചരിത്രം തിരുത്തിക്കുറിച്ച 10 മുഹൂർത്തങ്ങളിലൂടെ.... 


1. യുവരാജിന്റെ ആറാട്ട്


പ്രഥമ ട്വന്റി20 ലോകകപ്പിനെ ഇളക്കിമറിച്ച ഓവറായിരുന്നു അത്. ഇംഗ്ലണ്ട് പെയ്‌സ്ബൗളർ സ്റ്റുവാർട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തും യുവരാജ് സിംഗ്  സിക്‌സറിന് പറത്തി. വെറും 12 പന്തിൽ ഇടങ്കൈയൻ അർധ ശതകം തികച്ചു. ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും. ഇന്നും 2007 ലെ ആ റെക്കോർഡ് നിലനിൽക്കുന്നു. വീരേന്ദർ സെവാഗും (52 പന്തിൽ 68) ഗൗതം ഗംഭീറും (41 പന്തിൽ 58) പതിനഞ്ചോവറിൽ ഇന്ത്യയെ ഒന്നിന് 136 ലെത്തിച്ച ശേഷമായിരുന്നു യുവിയുടെ വെടിക്കെട്ട്. പത്തൊമ്പതാം ഓവറിലെ ആറ് പന്തും ഗാലറിയിലേക്ക് പറന്നു. അടുത്ത ഓവലറിൽ ആൻഡ്രൂ ഫഌന്റോഫിനെയും മാനത്തേക്കുയർത്തി. ഇന്ത്യൻ ടീം അനായാസം 200 പിന്നിട്ടു. 18 റൺസിന് ജയിച്ചു. 

2. ഇല്ല, പ്രതീക്ഷ അവസാനിച്ചിട്ടില്ല


2016 ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചതായിരുന്നു. കാർലോസ് ബ്രാത്‌വൈറ്റ് ക്രീസിലെത്തുന്നതു വരെ. ബെൻ സ്‌റ്റോക്‌സ് അവസാന ഓവർ എറിയാൻ വരുമ്പോൾ വെസ്റ്റിൻഡീസിന് വേണ്ടത് 19 റൺസായിരുന്നു. പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ മാർലൺ സാമുവേൽസിന് റൺ അനുവദിക്കാതിരുന്നതോടെ ഇംഗ്ലണ്ട് ആഹ്ലാദത്തിലായിരുന്നു. അതുവരെ അറിയപ്പെടാതിരുന്ന ബ്രാത്‌വൈറ്റായി അവസാന ഓവർ നേരിടേണ്ടത്. പക്ഷെ ബ്രാത്‌വൈറ്റിന് നാലു പന്തേ വേണ്ടി വന്നുള്ളൂ ആ ലക്ഷ്യം നേടാൻ. സ്റ്റോക്‌സിന്റെ നാലു പന്തും സിക്‌സറിന് പറന്നു. 

3. ശ്രീശാന്തിന്റെ നിമിഷം


മലയാളി ക്രിക്കറ്റർ ശ്രീശാന്തിന്റെ കരിയറിലെ സുവർണ മുഹൂർത്തമായിരുന്നു. 2007 ലെ ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ ഏതാണ്ടൊറ്റക്ക് കിരീടത്തിനടുത്തെത്തിച്ച മിസ്ബാഹുൽ ഹഖിന്റെ ലക്ഷ്യം തെറ്റിയ ഷോട്ട് ഫൈൻലെഗിൽ ശ്രീശാന്തിന്റെ കൈയിലേക്കിറങ്ങിയപ്പോൾ ട്വന്റി20 യുടെ തലവര തന്നെയാണ് മാറിയത്. ഇന്ത്യ ചാമ്പ്യന്മാരായതോടെയാണ് ഐ.പി.എല്ലിന്റെ ആവിർഭാവം. പാക്കിസ്ഥാന് ജയിക്കാൻ ഒരു വിക്കറ്റ് ശേഷിക്കെ വേണ്ടത് ആറ് പന്തിൽ 13 റൺസ്. അവസാന ഓവർ ജോഗീന്ദർ ശർമ തുടങ്ങിയത് വൈഡോടെയാണ്. മൂന്നാമത്തെ പന്ത് മിസ്ബാഹ് സിക്‌സറിനുയർത്തി. അവസാന നാലു പന്തിൽ വേണ്ടത് ആറ് റൺസ് മാത്രം. സൂക്ഷിച്ചു കളിക്കാമായിരുന്നിട്ടും മിസ്ബാഹ് സാഹസിക ഷോട്ടിന് ശ്രമിച്ചു, പാക്കിസ്ഥാൻ കിരീടം കൈവിട്ടു. ട്വന്റി20 നെ അതൃപ്തിയോടെ സ്വീകരിച്ച ഇന്ത്യൻ ടീം മുൻനിര കളിക്കാർക്ക് വിശ്രമം നൽകിയാണ് പ്രഥമ ലോകകപ്പിൽ പങ്കെടുത്തത്. 

4. ഓറഞ്ച് പൂത്തപ്പോൾ 


2014 ലെ ലോകകപ്പിൽ നെതർലാന്റ്‌സിന് അടുത്ത റൗണ്ടിലേക്ക് കടക്കാൻ മികച്ച റൺറെയ്റ്റ് വേണമായിരുന്നു. 14.2 ഓവറിൽ അവർ അയർലണ്ടിനെ തോൽപിക്കണം. ഇംഗ്ലണ്ട് സ്‌കോർ ചെയ്തത് 192 എന്ന മികച്ച ടോട്ടൽ. എന്നാൽ ഓറഞ്ച് പട വെറും 13.5 ഓവറിൽ ലക്ഷ്യം മറികടന്നു. ബ്യൂറനും (15 പന്തിൽ 31), മൈബർഗും (23 പന്തിൽ 63) ബരേസിയും (22 പന്തിൽ 40 നോട്ടൗട്ട്) കൂപറും (15 പന്തിൽ 45) തകർത്തടിച്ചപ്പോൾ യഥാർഥ ട്വന്റി20 യുടെ ആവേശം ആദ്യമായി ദൃശ്യമായി. 

5. നൂറിന്റെ നിറവിൽ മലിംഗ


2019 ൽ ശ്രീലങ്കയുടെ ലസിത് മലിംഗ ട്വന്റി20 യിൽ 100 വിക്കറ്റ് തികക്കുന്ന പ്രഥമ ബൗളറായത് ആഘോഷത്തോടെയാണ്. ന്യൂസിലാന്റിനെതിരായ മത്സരത്തിൽ തുടർച്ചയായ നാലു പന്തിൽ നാലു വിക്കറ്റെടുത്തു. കരിയറിൽ രണ്ടാം തവണയാണ് മലിംഗ തുടർച്ചയായി നാലു പേരെ പുറത്താക്കിയത്. 

6. ഹസ്സി മാജിക്


2010 ലെ ലോകകപ്പിന്റെ സെമി ഫൈനലിൽ അവസാന 21 പന്തിൽ ഓസ്‌ട്രേലിയക്ക് ജയിക്കാൻ 53 റൺസ് വേണമായിരുന്നു. മൂന്നു വിക്കറ്റ് മാത്രമായിരുന്നു കൈയിൽ. മൈക് ഹസ്സി ക്രീസിലെത്തിയതോടെ കളി കാര്യമായി. അവസാന ഓവറിൽ 18 റൺസ് വേണമായിരുന്നു ജയിക്കാൻ. സ്പിന്നർ സഈദ് അജ്മലിൽ പാക്കിസ്ഥാൻ വിശ്വാസമർപ്പിച്ചു. പക്ഷെ 23 റൺസാണ് ആ ഓവറിൽ അജ്മൽ വിട്ടുകൊടുത്തത്. 1, 6, 6, 4, 4... ഓസ്‌ട്രേലിയ ഫൈനലിൽ. 

7. ആറാം ബൗളറുടെ ആവേശം


ഉമർ ഗുൽ വിരമിച്ചിട്ട് വർഷമേറെയായി. ഇന്നും ട്വന്റി20 വിക്കറ്റ്‌കൊയ്ത്തുകാരുടെ പട്ടികയിൽ നാലാം സ്ഥാനമുണ്ട് പാക്കിസ്ഥാൻ പെയ്‌സ്ബൗളർക്ക്. ട്വന്റി20 യിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത് ഗുല്ലായിരുന്നു. മൂന്നോവറിൽ ആറ് റൺസിന് അഞ്ചു വിക്കറ്റ്. 2009 ൽ ന്യൂസിലാന്റിനെതിരെ. മുഹമ്മദ് ആമിറും അബ്ദുറസാഖും സഈദ് അജ്മലും ശാഹിദ് അഫരീദിയും ശുഐബ് മാലിക്കും പന്തെറിഞ്ഞ ശേഷം പതിമൂന്നാം ഓവറിലാണ് ഗുൽ അന്ന് ബൗളിംഗിന് വന്നത്. 

8. രണ്ടു കളി, 12 വിക്കറ്റ്


ട്വന്റി20 ക്രിക്കറ്റിൽ നിന്ന് അജന്ത മെൻഡിസ് വിരമിച്ചിട്ട് വർഷങ്ങളായി. ഇന്നും മികച്ച ബൗളിംഗ് റെക്കോർഡുകളിൽ രണ്ടെണ്ണം അജന്തയുടെ പേരിലാണ്. 16 റൺസിന് ആറു വിക്കറ്റും എട്ട് റൺസിന് ആറു വിക്കറ്റും. 2011 ൽ ഓസ്‌ട്രേലിയക്കെതിരെ 16 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ അജന്ത പിറ്റേ വർഷം സിംബാബവെക്കെതിരെ എട്ട് റൺസിന് ആറ് വിക്കറ്റ് കൊയ്തു. 

9. ക്യാപ്റ്റനെ മാറ്റി, ലങ്ക ജയിച്ചു


2014 ലെ ലോകകപ്പിനിടെ ശ്രീലങ്ക ദിനേശ് ചണ്ടിമലിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി. ലസിത് മലിംഗ ക്യാപ്റ്റനായി ചുമതലയേറ്റു. ധാക്കയിൽ നടന്ന ഫൈനലിൽ ഇന്ത്യയുടെ വമ്പനടിക്കാരായ യുവരാജ് സിംഗിനെയും മഹേന്ദ്ര ധോണിയെയും ക്രീസിൽ പിടിച്ചുകെട്ടി ശ്രീലങ്ക ലോകകപ്പ് ചാമ്പ്യന്മാരായി. 

10. കരീബിയൻ വസന്തം


സ്‌കോർ ബോർഡിൽ റൺ തെളിയും മുമ്പെ ആദ്യ വിക്കറ്റും അധികം വൈകാതെ ക്രിസ് ഗയ്‌ലിനെയും നഷ്ടപ്പെട്ടപ്പോൾ 2012 ലെ ലോകകപ്പ് ഫൈനലിൽ വെസ്റ്റിൻഡീസിന്റെ കഥ കഴിഞ്ഞുവെന്നു തോന്നി. എന്നാൽ മാർലൺ സാമുവേൽസ് ഒറ്റക്ക് അവരെ കിരീടത്തിലേക്കു നയിച്ചു. 1979 നു ശേഷം ആദ്യമായി ഒരു ക്രിക്കറ്റ് ലോകകപ്പ് വിൻഡീസിന് ലഭിച്ചു. 

 

Latest News