Sorry, you need to enable JavaScript to visit this website.

രാജ്യം വെറുത്ത ചാമ്പ്യന്മാർ

വിജയ പര്യടനത്തിൽ ട്രോഫിയുയർത്തി കറുത്ത വർഗക്കാരനായ നായകൻ സിയ കൊലീസി.


ലോകകപ്പ് റഗ്ബി കിരീടം നേടിയ ദക്ഷിണാഫ്രിക്കയുടെ സ്പ്രിംഗ്‌ബോക്‌സ് ടീമിനെ ഒരുകാലത്ത് സ്വന്തം നാട് വെറുത്തിരുന്നു. വർണവിവേചനത്തിന്റെ പ്രതീകമായിരുന്ന ഈ ടീമിനെ ജപ്പാനിൽ ലോക കിരീടത്തിലേക്ക് നയിച്ചത് ഒരു കറുത്ത വർഗക്കാരനാണ്. സിയാ കൊലീസി. 

വെളുത്തവന്റെ അടിച്ചമർത്തലിന്റെ പ്രതീകമായിരുന്നു ഒരുകാലത്ത് ദക്ഷിണാഫ്രിക്കൻ റഗ്ബി ടീമായ സ്പ്രിംഗ്‌ബോക്കുകൾ. കറുത്തവൻ അവരെ വിളിച്ചത് കളിക്കളത്തിലെ നാഷനലിസ്റ്റ് പാർട്ടി എന്നാണ്. ആഫ്രിക്കാനർ വിഭാഗത്തിന്റെ വംശീയ മേൽക്കോയ്മക്കു വേണ്ടി നിലകൊണ്ട നാഷനലിസ്റ്റ് പാർട്ടിയായിരുന്നു വർണവിവേചന കാലത്ത് ദക്ഷിണാഫ്രിക്ക ഭരിച്ചത്. ജപ്പാനിൽ നടന്ന റഗ്ബി ലോകകപ്പിൽ കറുത്ത വർഗക്കാരന്റെ നേതൃത്വത്തിൽ സ്പ്രിംഗ്‌ബോക്കുകൾ ലോക ചാമ്പ്യന്മാരായപ്പോൾ ദക്ഷിണാഫ്രിക്കയുടെ സംഭവബഹുലമായ യാത്രയിൽ അത് പുതിയ ചുവടുവെപ്പായി. വർണവിവേചന കാലത്ത് കറുത്തവൻ സ്പ്രിംഗ്‌ബോക്‌സിനെയും വെറുത്തിരുന്നു. വ്യാഴാഴ്ച റഗ്ബി ലോക ചാമ്പ്യന്മാർ ദക്ഷിണാഫ്രിക്കയിൽ വിജയപര്യടനം തുടങ്ങിയപ്പോൾ ആദ്യ സ്‌റ്റോപ് സൊവേതോയിലായിരുന്നു. ജോഹന്നസ്ബർഗിനടുത്ത ടൗൺഷിപ്പായിരുന്ന സൊവേതോയിൽ ഒരുകാലത്ത് ഈ ടീമിന് പ്രവേശനമുണ്ടായിരുന്നില്ല. 
കറുത്ത വർഗക്കാരെ സംബന്ധിച്ചിടത്തോളം സ്പ്രിംഗ്‌ബോക്കുകൾ ആഫ്രിക്കാനർ വിഭാഗത്തിന്റെ വംശീയവാദത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ വ്യാഴാഴ്ച സൊവേതോയിലെ ജനങ്ങൾ അഭിമാനത്തോടെ സ്പ്രിംഗ്‌ബോക് ജഴ്‌സി ധരിച്ചു. 30 വർഷം മുമ്പ് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യം. അക്കാലത്ത് സ്പ്രിംഗ്‌ബോക് ജഴ്‌സി ധരിച്ച് സൊവേതോയിൽ പുറത്തിറങ്ങിയാൽ വംശീയവെറിക്കെതിരെ പൊരുതുന്നവർ അടങ്ങിയിരിക്കില്ലായിരുന്നു. ഇന്ന് ആ വെറുപ്പം മാറിയെങ്കിൽ സ്പ്രിംഗ്‌ബോക്കുകൾ നെൽസൺ മണ്ടേലയോട് നന്ദി പറയണമെന്നും അദ്ദേഹമാണ് കറുത്തവനും വെളുത്തവനുമിടയിലെ മതിൽക്കെട്ട് തകർത്തതെന്നും സൊവേതോയിലെ അധ്യാപകൻ ബോൻഗാം ദാൽമീനി പറയുന്നു. വ്യാഴാഴ്ച സ്പ്രിംഗ്‌ബോക്കുകൾ തുറന്ന ബസിൽ പര്യടനം നടത്തിയപ്പോൾ ആയിരങ്ങളാണ് ആശീർവദിക്കാൻ എത്തിയത്. സൊവേതോ പൊതുവെ ഫുട്‌ബോൾ ആരാധകരുടെ നാടാണ്. കൈസർ ചീഫ്‌സും ഓർലാന്റൊ പൈറേറ്റ്‌സുമാണ് സൊവേതോയുടെ ഇഷ്ട ടീമുകൾ. ഇന്ന് റഗ്ബിയെയും അവർ സ്‌നേഹിക്കുന്നു. കാരണം ഫുട്‌ബോളിലും ക്രിക്കറ്റിലും ദക്ഷിണാഫ്രിക്കക്ക് തകർച്ചയുടെ കാലമാണ്. റഗ്ബിയാണ് അവരുടെ അഭിമാനം വീണ്ടെടുത്തത്. റഗ്ബി ഇന്ന് പ്രതീക്ഷയുടെ കിരണമാണ്. എന്നാൽ റഗ്ബി ടീമിൽ കറുത്ത വർഗക്കാർക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് സൊവേതോക്കാർ ആവശ്യപ്പെടുന്നു. സംവരണമൊന്നും വേണ്ട. അർഹിച്ച സ്ഥാനങ്ങൾ നൽകിയാൽ മതി. കറുത്ത വർഗക്കാരനായ നായകൻ സിയ കൊലീസിയും കോച്ച് റാസി എറാസ്മസും വിജയത്തിനു ശേഷം നടത്തുന്ന പ്രഭാഷണങ്ങൾ രാഷ്ട്രീയക്കാർ ശ്രദ്ധിക്കണമെന്ന് ബോൻഗാം ദാൽമീനി പറയുന്നു. 
1994 ലാണ് വർണവിവേചനം അവസാനിപ്പിച്ച് നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയിൽ ജനാധിപത്യ രീതിയിൽ അധികാരത്തിലേറിയത്. അദ്ദേഹം ആദ്യം പൊരുതിയ കാര്യങ്ങളിലൊന്ന് സ്പ്രിംഗ്‌ബോക്‌സിന്റെ പേരും ചിഹ്നവും സംരക്ഷിക്കാനാണ്. സ്പ്രിംഗ്‌ബോക്‌സ് എന്നത് വംശീയതയെ ഓർമിപ്പിക്കുന്ന പേരാണെന്ന് മണ്ടേലയുടെ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ പലരും കരുതിയിരുന്നു. അത് മാറ്റണമെന്ന വാശിയിലായിരുന്നു അവർ. 1891 ൽ രൂപീകൃതമായതു മുതൽ 90 വർഷത്തോളം സ്പ്രിംഗ്‌ബോക്‌സ് ടീമിൽ വെളുത്തവർക്കു മാത്രമായിരുന്നു പ്രവേശനം. കറുത്ത വർഗക്കാരെ വരെ അവർ പലതട്ടുകളായി വേർതിരിച്ചു. കറുത്ത ആഫ്രിക്കക്കാരെന്നും സങ്കലിതവംശജരെന്നും. രണ്ട് വിഭാഗത്തിനും പ്രത്യേക ലീഗുകളുണ്ടാക്കി. ഈ രണ്ട് വിഭാഗക്കാരുടെ ടീമുകളെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. വംശീയഭരണകൂടം നിലംപതിച്ച ശേഷവും മണ്ടേല സ്പ്രിംഗ്‌ബോക്‌സിനെ പിന്തുണച്ചു. അവരെ ദക്ഷിണാഫ്രിക്കയുടെ ഐക്യ ടീമായി അംഗീകരിച്ചു. 1995 ൽ ദക്ഷിണാഫ്രിക്ക ആതിഥ്യമരുളിയ ലോകകപ്പിൽ ഐക്യ ദക്ഷിണാഫ്രിക്കയുടെ പ്രതിനിധികളായി സ്പ്രിംഗ്‌ബോക്‌സ് കിരീടം നേടിയത് രാജ്യത്തിന്റെ മുന്നേറ്റത്തിൽ വലിയ ചുവടുവെപ്പായി. കറുത്ത വർഗക്കാർ മണ്ടേലക്കൊപ്പം നിന്നു. ആവേശകരമായ ഫൈനലിൽ സ്പ്രിംഗ്‌ബോക്കുകൾ 15-12 ന് ബദ്ധവൈരികളായ ന്യൂസിലാന്റിനെ തോൽപിക്കുന്നതു കാണാൻ അറുപത്തയ്യായിരത്തോളം പേരാണ് ജോഹന്നസ്ബർഗിലെ എലിസ് പാർക്കിൽ തടിച്ചുകൂടിയത്. സ്പ്രിംഗ്‌ബോക് ജഴ്‌സിയണിഞ്ഞ് മണ്ടേല ഗ്രൗണ്ടിലെത്തിയപ്പോൾ കാണികൾ ഇളകിമറിഞ്ഞു. വെളുത്തവർഗക്കാരനായ നായകൻ ഫ്രാങ്ക് പിയന്നാറും വെളുത്തവർഗക്കാരായ കാണികളും പോലും നെൽസൺ, നെൽസൺ എന്ന് ആർത്തു വിളിച്ചു. 
എന്നാൽ വിജയത്തിനു ശേഷം സ്പ്രിംഗ്‌ബോക്കുകൾ ചുവടുമാറ്റി. കറുത്തവർഗക്കാർക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന അഭ്യർഥന അവഗണിക്കപ്പെട്ടു. 1995 ലെ ലോക ചാമ്പ്യന്മാരായ ടീമിൽ ഒരു കറുത്ത വർഗക്കാരനേ ഉണ്ടായിരുന്നുള്ളൂ, ചെസ്റ്റർ വില്യംസ്. രണ്ട് കറുത്ത വർഗക്കാർ 2007 ൽ ലോകകപ്പ് നേടിയ ടീമിൽ സ്ഥാനം പിടിച്ചു. ചെസ്റ്റർ രണ്ടു മാസം മുമ്പാണ് മരിച്ചത്. വിംഗ് പൊസിഷനിൽ മാത്രമേ കറുത്ത വർഗക്കാരെ പരിഗണിച്ചിരുന്നുള്ളൂ. ഫോർവേഡുകൾ എപ്പോഴും വെള്ളക്കാരായിരുന്നു. തെണ്ടായ് എംതവാരീരയാണ് ആദ്യമായി ആ സ്ഥാനത്തേക്ക് ഇടിച്ചെത്തിയ കറുത്ത വർഗക്കാരൻ. എന്നിട്ടും വംശീയ സമത്വം മെല്ലെപ്പോക്കായി തുടർന്നു. 90 ശതമാനം കറുത്ത വർഗക്കാരുള്ള നാടിന്റെ ടീം വെള്ളക്കാരുടേതായി തുടർന്നു. 
നിരന്തരമായ പോരാട്ടങ്ങൾ ഒടുവിൽ ഫലം കണ്ടു തുടങ്ങി. കഴിഞ്ഞയാഴ്ച ജപ്പാനിലെ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 32-12 ന് തരിപ്പണമാക്കിയ സ്പ്രിംഗ്‌ബോക്‌സിന്റെ നായകൻ കറുത്ത വർഗക്കാരനായിരുന്നു. ഇരുപത്തിമൂന്നംഗ ടീമിൽ ക്യാപ്റ്റൻ കൊലീസിയുൾപ്പെടെ ഏഴ് കറുത്ത വർഗക്കാർ ടീമിലുണ്ട്. 11 പേരെ ടീമിലുൾപെടുത്തുമെന്നായിരുന്നു ദക്ഷിണാഫ്രിക്കൻ റഗ്ബി ഫെഡറേഷൻ വാഗ്ദാനം ചെയ്തിരുന്നത്. സ്പ്രിംഗ്‌ബോക്‌സിന്റെ വിജയപര്യടനം ആ ദിശയിലാവണമെന്നാണ് ദക്ഷിണാഫ്രിക്കയിൽ വർണസമത്വം ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും സ്വപ്‌നം കാണുന്നത്. 

Latest News