Sorry, you need to enable JavaScript to visit this website.

കുഞ്ഞാലി മരക്കാർ അവഗണിക്കപ്പെടുന്ന ചരിത്രപുരുഷൻ

വടകരയ്ക്കടുത്ത ഇരിങ്ങൽ കോട്ടക്കലിലെ  കുഞ്ഞാലി മരക്കാർ സ്മാരകം

ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ സ്മാരക മന്ദിരത്തിൽ നിന്നും പീരങ്കികൾ തലശ്ശേരിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ഉയരുകയാണ്. പീരങ്കി തലശ്ശേരിയിലും  ഉണ്ട കോട്ടക്കലിലും എന്നാണത്രെ 
ടൂറിസം വകുപ്പിന്റെ  പുതിയ തീരുമാനം. കുഞ്ഞാലി മരക്കാരുടെ പിൻതലമുറക്കാരൻ കൂടിയായ കുറ്റിയാടി എം എൽ എ പാറക്കൽ അബ്ദുല്ല സബ്മിഷനിലൂടെ വിഷയം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. രണ്ടു പ്രാവശ്യം പീരങ്കി മാറ്റാനുള്ള ശ്രമത്തെ പ്രതിഷേധത്തിലൂടെ പരാജയപ്പെടുത്തിയിരിക്കുകയാണ് നാട്ടിലെ ഇടതുപക്ഷമൊഴികെയുള്ള രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ. അവരുടെ ആർജ്ജവത്തോടെയുള്ള ഇടപെടലിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.
1976ൽ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമാക്കി പ്രഖ്യാപിച്ച കുഞ്ഞാലിമരക്കാരുടെ പിൻതലമുറക്കാർ താമസിച്ചു വന്ന വീട് ഏറെക്കാലം യാതൊരു വികസനപ്രവർത്തനവും നടക്കാതെ അതെപടി തുടർന്നു. പിന്നീട് നാട്ടിലെ സാമൂഹിക പ്രവർത്തകൻ സി.പി സദക്കത്തുള്ളയുടെ ഇടപെടലിൽ രാജ്യസഭാംഗം എംപി അബ്ദുസ്സമദ് സമദാനിയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ചു കിട്ടിയപ്പോൾ  മ്യൂസിയവും ലൈബ്രറിയും കൂടിയ ഒരു കെട്ടിടം നിർമ്മിച്ചു.  നിരന്തരമായി എത്തിച്ചേരുന്ന ചരിത്രാന്വേഷകർക്കും വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന സന്ദർശകർക്കും വേണ്ടി അടിസ്ഥാനസൗകര്യങ്ങളിൽ പെട്ട ടോയ്‌ലറ്റ് സംവിധാനം ഈയടുത്ത കാലത്ത് സ്ഥാപിച്ചു. ഇത് ഒഴികെ മറ്റൊരു പുരോഗതിയും ഇവിടെയുണ്ടായിട്ടില്ല.
തലശ്ശേരി കടപ്പുറത്ത് നിന്നും ലഭിച്ച ഒൻപത് പീരങ്കികളിൽ രണ്ടെണ്ണമാണ് കോട്ടക്കലിൽ കുഞ്ഞാലിമരക്കാരുടെ  സ്മാരകത്തിൽ കൊണ്ട് വച്ചത്. അത് തന്നെ തിരിച്ചെടുക്കാനുള്ള ശ്രമവുമാണ്. പോരാട്ടങ്ങളുടെ ചരിത്രസ്മാരകം ഇപ്പോൾ അവഗണനയുടെ സ്മാരകമാണ്. ടെലിഫോൺ കേബിളിന് കുഴിയെടുക്കുമ്പോൾ ലഭിച്ച നിധിയടക്കം കോട്ടക്കലിൽ നിന്നും ലഭിച്ച ചരിത്രശേഷിപ്പുകൾ പലതും പല സ്ഥലങ്ങളിൽ പല സ്ഥാപനങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നു. സ്മാരകത്തിന്റെ പിന്നിലുള്ള  ബോട്ട് ജെട്ടി ഉപയോഗശൂന്യമായി മദ്യപാനികളുടെ താവളമായി മാറി. സ്മാരക വികസനത്തിനെന്ന പേര് പറഞ്ഞ് സമീപത്തായി സർക്കാർ ഏറ്റെടുത്ത സ്വകാര്യവ്യക്തിയുടെ ഭൂമി ഉപയോഗ ശൂന്യമായി നിലനിൽക്കുന്നു. 1976-1977 കാലഘട്ടത്തിൽ മരക്കാർ താവഴികളിലെ കാരണവന്മാരായ വലിയപീടികയിൽ മൊയ്തു ഹാജി (തോപ്പിൽ) വലിയ പീടികയിൽ അസ്സയിനാർ, വലിയ പീടികയിൽ കാദർ എന്നിവരിൽ നിന്നാണ് വലിയ പീടികയിൽ തറവാട് സർക്കാർ ഏറ്റെടുക്കുന്നത്. മരക്കാർ പിൻഗാമികൾ താമസിച്ചു വന്നിരുന്ന വലിയപീടികയിൽ തറവാടാണ്  സ്മാരകമായി മാറിയത്. ഒരു നൂറ്റാണ്ടോളം അറബിക്കടലിന്റെ  വിരിമാറിൽ നാടിനു വേണ്ടി വൈദേശിക ശക്തികളുമായി പോരാടിയവരാണ് മരക്കാന്മാർ. സൈനിക ഭാഷാ സംസ്‌കാരിക  അധിനിവേശത്തിൽ നിന്നും നാടിനെ സംരക്ഷിച്ചു നിർത്തിയവർ, ഇന്ത്യൻ നാവികസേനയുടെ തുടക്കക്കാരായ  പരിഗണിക്കുന്നവർ.  തൂക്കു മരത്തിലേറുമ്പോഴും കൂസലില്ലാതെ ചങ്കൂറ്റത്തോടെ മരണത്തെ നേരിട്ട പോരാളികൾ.
പട്ടു മരക്കാർ എന്നറിയപ്പെട്ട മൂന്നാം കുഞ്ഞാലി (1571-1595)യുടെ ചാലിയം യുദ്ധത്തിലെ ശ്രദ്ധേയമായ നേതൃത്വം മൂന്നാം കുഞ്ഞാലിയെന്ന സ്ഥാനം ലഭിക്കുവാൻ കാരണമായി. വടകരക്കടുത്ത പുതുപ്പണത്ത് പുഴയുടെ കരയിൽ ഒരു കോട്ടയും കപ്പൽ താവളവും കെട്ടുവാൻ സാമൂതിരിയിൽ നിന്നും പട്ടു മരക്കാർ അനുവാദം നേടിയെടുത്തു. രണ്ടു വർഷം കൊണ്ട് ശക്തമായ ഒരു കോട്ട മരക്കാർ പണിതെടുത്തു. പിന്നീട് ഈ കോട്ട മരക്കാർ കേന്ദ്രമായി അതിനു ശേഷമാണ് ഈ സ്ഥലം കോട്ടക്കൽ എന്നറിയപ്പെട്ടത്. കോഴിക്കോടൻ സൈന്യത്തിലെ നായർ പ്രഭുക്കന്മാർക്ക് തുല്യമായ സ്ഥാനമാനങ്ങളും അവകാശങ്ങളും മരക്കാർക്കും അനുവദിച്ച് കിട്ടിയിരുന്നു.  മൂന്നാമൻ പുതുപ്പണം കോട്ടയിൽ വച്ച് നിര്യാതനായതോടെ മലബാറിലെ ചെറുത്ത് നിൽപ്പിന്റെ ഒരധ്യായത്തിനു തിരശീല വീഴുകയായിരുന്നു.
പട്ടുമരക്കാരുടെ മരണശേഷം മുഹമ്മദ് മരക്കാർ എന്ന നാലാം കുഞ്ഞാലി സ്ഥാനമേറ്റെടുത്ത ശേഷം ചേറുത്തു നിൽപ്പിന്റെ പുതിയൊരധ്യായം മലബാറിന്റെ  തീരത്ത് രൂപപ്പെടുകയായിരുന്നു. നിരന്തര പോരാട്ടങ്ങളുടെ അന്തിമഘട്ടത്തിൽ 1600 മാർച്ച് 16ൽ  കടലിലൂടെയുള്ള പോർച്ചുഗീസ് സൈന്യത്തിന്റെയും  കരയിലൂടെയുള്ള സാമൂതിരി സൈന്യത്തിന്റെയും സംയുക്ത മുന്നേറ്റത്തിൽ സാമൂതിരിയുടെ മുന്നിൽ മാത്രം കീഴടങ്ങുമെന്ന് പ്രഖ്യാപിച്ച്  കോട്ടക്കൽ കോട്ടയുടെ പുറത്തേക്ക് വന്ന കുഞ്ഞാലി നാലാമനെ ചതിയിലൂടെയാണ്  പോർച്ചുഗീസ് സൈന്യം കീഴടക്കിയത്.  ഗോവയിലേക്ക് കൊണ്ട് പോകുകയും അവിടെ വച്ച് വധിക്കുകയും ചെയ്തു. പുറപ്പെടും മുമ്പ് കോട്ടയിലെ സമ്പത്തുകൾ കൊള്ളയടിക്കുകയും കോട്ട തകർക്കുകയും ചെയ്തിരുന്നു. കുഞ്ഞാലിയുടെ കപ്പലുകളിൽ നിന്നും ലഭിച്ച പീരങ്കികളടക്കമുള്ള യുദ്ധമുതലുകൾ സാമൂതിരി സൈന്യവും പോർച്ചുഗീസ് സൈന്യവും പങ്കിട്ടെടുക്കുകയും ചെയ്തു. പിന്നീട് 1742ലും മരക്കാരുടെ പിൻഗാമികൾ കടൽ വഴി നടത്തിയ വ്യാപാരങ്ങളുടെ ചരിത്രം വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിക്കുന്നുണ്ട്. കീഴടങ്ങിയവരുടെ പിൻഗാമികൾ വീണ്ടും ആധിപത്യം നിലനിർത്തിയതായി ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ബീജാപ്പൂർ സുൽത്താന്റെ അധീനതയിൽ നിന്നും 1510ൽ പോർച്ചുഗീസുകാർ പിടിച്ചടക്കിയ ഗോവയിലെ ആംഗ്ലോ ഇന്ത്യൻ സംസ്‌കാരം മലബാറിൽ നടക്കാതെ പോയത് കുഞ്ഞാലി മരക്കാർമാരുടെ തുല്യതയില്ലാത്ത ചെറുത്തു നിൽപ്പിലൂടെയാണ്. 
വൈദേശിക മേധാവിത്വത്തിനെതിരെ നിരന്തര പോരാട്ടം നടത്തിയ വീരഗാഥകൾ കൊണ്ട് കോരിത്തരിച്ച രണഭൂമിയാണ് വടകര കോട്ടക്കൽ പ്രദേശം പ്രളയമേറെ വന്നാലും കാലവർഷം എത്രയുറക്കെ പെയ്താലും ഈ പ്രദേശത്തെ ഭൂമിയിലെ ഒരു തരി മണ്ണെടുത്ത് രുചിച്ച് നോക്കിയാൽ ധീരരക്തസാക്ഷികളുടെ രക്തത്തിന്റെ രുചി കാലമേറെക്കഴിഞ്ഞാലും നമുക്ക് തിരിച്ചറിയാം. രാജ്യത്തിന്റെ അതിർത്തി കാക്കാൻ ജീവത്യാഗം കൊണ്ട് ചരിത്രമെഴുതിയവർ  ഒരു കാലത്തും അവഗണിക്കപ്പെടരുത്.
(കുഞ്ഞാലിമരക്കാർ കുടുംബ പരമ്പരയിലെ കണ്ണിയാണ്  ലേഖകൻ).
 

Latest News