Sorry, you need to enable JavaScript to visit this website.

വിദേശരാജ്യത്തിന്റെ ഡ്രോണ്‍ വീഴ്ത്തിയതായി ഇറാന്‍

തെഹ്‌റാന്‍- തെക്കന്‍ ഇറാനില്‍ വിദേശ രാജ്യത്തിന്റെ ആളില്ലാവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഖുസെസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമായ മഹ്ഷഹറിനുനേരെ വന്ന ഡ്രോണാണ്  വെടിവെച്ചിട്ടത്. തകര്‍ന്ന ഡ്രോണ്‍ വിദേശ രാജ്യത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതായും ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും   അന്വേഷിച്ചുവരികയാണെന്നും ഖുസെസ്ഥാന്‍ ഗവര്‍ണര്‍ ഗുലാം റിസ ശരീഅത്തി പറഞ്ഞു.
മഹ്ഷാറിനു മുകളിലൂടെ പറന്ന ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടതായി  ഇറാനിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല.
ഡ്രോണ്‍ ഏത് രാജ്യത്ത് നിന്ന് വന്നതാണെന്നോ സൈനിക ഡ്രോണ്‍ ആണെന്നോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കയുടെ ഭാഗത്തുനിന്നോ ഇസ്രായിലിന്റെ ഭാഗത്തുനിന്നോ പ്രതികരണം ഉണ്ടായിട്ടുമില്ല. വിദേശ മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്നാണ് ഇറാന്റെ ആജന്മശത്രുവായ  ഇസ്രായില്‍ സൈനിക വക്താവിന്റെ മറുപടി.  ഇറാനില്‍തന്നെ നിര്‍മിച്ച മെര്‍സാദ് ഉപരിതല- വ്യോമ മിസൈല്‍ ഉപയോഗിച്ചാണ് ഡ്രോണ്‍ തകര്‍ത്തതെന്ന് ഇറാനിയന്‍ അര്‍ധ ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു.
മിസൈല്‍ ആക്രമണം നടത്തി ഡ്രോണ്‍ തകര്‍ക്കുന്ന വീഡിയോ മറ്റൊരു അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ പുറത്തുവിട്ടു. ഡ്രോണിനുനേരെ മിസൈല്‍ തൊടുക്കുന്നതും ആകാശത്ത് സ്‌ഫോടനം നടക്കുന്നതുമാണ് വിഡിയോ ദൃശ്യത്തിലുള്ളത്. പ്രധാന കേന്ദ്രത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ ഡ്രോണ്‍ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും അക്രമികള്‍ക്കുള്ള ശക്തമായ താക്കീതാണിതെന്നും ഇറാന്‍ പ്രതിരോധ സേനാ കമാന്‍ഡര്‍ അലിറിസ സബാഹിഫര്‍ദിനെ ഉദ്ധരിച്ച് ഇര്‍ന പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്‌ഫോടന ശബ്ദം കേട്ടുവെന്ന് ഇമാം ഖുമൈനി തുറമുഖ നഗരത്തിലെ താമസക്കാരെ ഉദ്ധരിച്ച്  അറബി ചാനലായ അല്‍ആലം ടിവി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജൂണില്‍ ആളില്ലാ യു.എസ് നിരീക്ഷണ വിമാനം ഇറാന്‍ വെടിവച്ചു വീഴ്ത്തിയിരുന്നു. തെക്കന്‍ ഇറാനിലൂടെ പറന്ന ഡ്രോണ്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡാണ് വെടിവെച്ചിട്ടിരുന്നത്. ഗള്‍ഫിലെ ഹുര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ ഇറാന്‍ വെടിവെച്ചിട്ടതായി പിന്നീട് വാഷിംഗ്ടണ്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വന്‍ശക്തി രാജ്യങ്ങളുമായി 2015 ല്‍ ഇറാന്‍ ഒപ്പുവെച്ച കരാറില്‍നിന്ന് പിന്മാറിയ അമേരിക്ക ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായിരിക്കയാണ്.
അയല്‍രാജ്യമായ സിറിയയില്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ അവകാശപ്പെടുന്നുണ്ട്.  സിറിയയില്‍ ഇറാന്‍ സാന്നിധ്യമുറപ്പിക്കുന്നത് തടയുകയാണ് ഇസ്രായില്‍ ലക്ഷ്യം.
ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ഇസ്രായിലിനു പങ്കുണ്ടെന്ന് ഓഗസ്റ്റില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സൂചിപ്പിച്ചിരുന്നു.

 

Latest News