Sorry, you need to enable JavaScript to visit this website.

പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

ന്യൂദല്‍ഹി- ദല്‍ഹി തീസ് ഹസാരി കോടതി വളപ്പില്‍ കഴിഞ്ഞ ശനിയാഴ്ച വനിത ഐ.പി.എസ് ഓഫീസറെ അക്രമത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനും പരിക്കേറ്റു. ഇരുമ്പു വടികളും ചങ്ങലകളും കൊണ്ട് അഭിഭാഷകര്‍ തങ്ങളെ ആക്രമിച്ചുവെന്ന് പോലീസുകാര്‍ പറയുന്നു. വനിതാ ഓഫീസറെ പിടിച്ചു തള്ളുകയും കോളറില്‍ പിടിച്ചു വലിക്കുകയും ചെയ്തു. ഓഫീസറെ അഭിഭാഷകര്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കോടതി വളപ്പിനു പുറത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥ പൊട്ടിക്കരയുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞത്.
അക്രമം സംബന്ധിച്ചു തങ്ങള്‍ക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ദല്‍ഹി പോലീസ് വക്താവ് അനില്‍ മിത്തല്‍ പറഞ്ഞത്. എന്നാല്‍, ഇന്നലെ വനിത പോലീസ് ഓഫീസറെ ആക്രമിച്ചത് കൂടി ഉള്‍പ്പെടുത്തി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥ നേരിട്ടു പരാതി നല്‍കിയിട്ടും ഇത് സ്വീകരിക്കാന്‍ ആദ്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല.
പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇന്നലെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മന്നന്‍ മിശ്രയ്ക്ക് നോട്ടീസ് നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയും ചെയ്തു.
അക്രമം നടത്തിയ അഭിഭാഷകരുടെ ലൈസന്‍സ് ബാര്‍ കൗണ്‍സില്‍ റദ്ദാക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ എന്ത് നടപടി എടുത്തെന്ന് ഏഴ് ദിവസത്തിനകം വനിത കമ്മീഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Latest News