Sorry, you need to enable JavaScript to visit this website.

ഭിന്നിപ്പിന്റെ മേധാവി: ആതിഷിന്റെ പൗരത്വ കാര്‍ഡ് റദ്ദാക്കി മോഡി സര്‍ക്കാരിന്റെ പ്രതികാരം


ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യയിലെ ഭിന്നിപ്പിന്റെ മേധാവിയെന്നു വിശേഷിപ്പിച്ച് അമേരിക്കന്‍ മാസികയായ ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് (ഒസിഐ- വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന കാര്‍ഡ്) കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.
ആതിഷിന്റെ പിതാവ് പാക്കിസ്ഥാനില്‍ ജനിച്ചയാളാണെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അതേസമയം, ഇന്ത്യ തന്റെ രാജ്യമാണെന്നും മുമ്പൊരിക്കലും ഇത്തരത്തില്‍ ഇങ്ങനെ വ്യക്തമാക്കേണ്ട ആവശ്യമുണ്ടായിട്ടില്ലെന്നും ആതിഷ് തസീര്‍ പ്രതികരിച്ചു.
മാധ്യമ പ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിംഗിന്റെയും പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റെയും മകനാണ് ആതിഷ് തസീര്‍. ബ്രിട്ടനിലാണ് ആതിഷ് ജനിച്ചത്. പിതാവിന്റെ ജന്മസ്ഥലം പാക്കിസ്ഥാന്‍ എന്നു ആതിഷ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ആതിഷിനു നോട്ടീസയച്ചതിനു പിന്നാലെയാണ് ഒസിഐ കാര്‍ഡ് റദ്ദാക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, നോട്ടീസിനു മറുപടി നല്‍കാന്‍ 21 ദിവസങ്ങള്‍ ഉണ്ടെന്നിരിക്കേ തനിക്ക് അതിനുള്ള അവസരം നല്‍കിയില്ലെന്നും താന്‍ കത്ത് നല്‍കിയിട്ടും 24 മണിക്കൂറിനുള്ളില്‍ ഒസിഐ കാര്‍ഡ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നെന്നും ആതിഷ് വ്യക്തമാക്കി.
എന്നാല്‍ ആതിഷിന് ആവശ്യത്തിനു സമയം നല്‍കിയിരുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് വസുധ ഗുപ്ത പ്രതികരിച്ചു. നിയമ പ്രകാരമുള്ള അവസരം ആതിഷ് ഉപയോഗിച്ചില്ല. മാത്രമല്ല, അച്ഛന്‍ പാക്കിസ്ഥാന്‍ വംശജനാണെന്നുള്ള കാര്യം മറച്ചുവെച്ചെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. സര്‍ക്കാര്‍ നടപടി മോഡിക്കെതിരേയുള്ള ലേഖനവുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി എഴുത്തുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ താമസിക്കാനും സഞ്ചരിക്കാനുമായി ഔദ്യോഗികമായി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. യു.കെ പൗരനായ ആതിഷ് അലി തസീറിന് 2015 വരെ ഇന്ത്യന്‍ വംശജന്‍ എന്ന കാര്‍ഡുണ്ടായിരുന്നു. ഇതു പിന്നീട് ഒസിഐ കാര്‍ഡുമായി ബന്ധിപ്പിക്കുകയായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ടൈം മാഗസിനില്‍ വന്ന ലേഖനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 'ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ്' എന്ന കവര്‍ സ്‌റ്റോറിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇനിയും അഞ്ച് വര്‍ഷം കൂടി ഇതു സഹിക്കാനാകുമോയെന്ന ആശങ്കയും മുന്നോട്ടുവെച്ചിരുന്നു. ലേഖനത്തിനു പിന്നില്‍ പാക്കിസ്ഥാനി അജണ്ടയാണെന്നായിരുന്നു അന്ന് ബി.ജെ.പി ആരോപിച്ചിരുന്നത്. ലേഖകന്‍ പാക്കിസ്ഥാനി രാഷ്ട്രീയ കുടുംബാംഗമാണെന്നും അയാളുടെ വിശ്വാസ്യതയ്ക്ക് അതുമതിയെന്നും നരേന്ദ്ര മോഡി പ്രതികരിക്കുകയും ചെയ്തിരുന്നു.

 

Latest News