Sorry, you need to enable JavaScript to visit this website.

മകൾ അമ്മയെ വീട്ടിൽ കയറ്റിയില്ല, വനിതാ കമ്മീഷൻ ഇടപെട്ടു 

കൊല്ലം- മകളെ കാണാനെത്തിയ വയോധികയെ വീട്ടിൽ കയറ്റാതെ സ്വത്ത് കൈക്കലാക്കിയ മകൾ ഗേറ്റുപൂട്ടി സ്ഥലം വിട്ടു. സംഭവത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടു. മയ്യനാട് പഞ്ചായത്തിലെ മണ്ണാണിക്കുളം സ്വദേശിനി മിത്രാവതിയാണ്(72) പൂട്ടിയ ഗേറ്റിനു പുറത്തിരുന്ന് അലമുറയിട്ടത്. അപ്പോഴാണ് മകൾ അമ്മയെ ഉപേക്ഷിച്ച സംഭവം നാട്ടുകാർ അറിയുന്നത്. ഭർത്താവ് നേരത്തേ ഉപേക്ഷിച്ചുപോയ മിത്രാവതിക്ക് ഒരു മകനും അഞ്ച് പെൺമക്കളുമാണുള്ളത്. ഇതിൽ ശ്രീകുമാരി മാത്രമാണ് അമ്മയുടെ സംരക്ഷണം ഏറ്റെടുത്തത്. 
മിത്രാവതിക്കിഷ്ടം രാജശ്രീയെന്ന മകൾക്കൊപ്പം താമസിക്കാനായിരുന്നു. പക്ഷെ അമ്മ, കഴിഞ്ഞദിവസം വീട്ടിൽ എത്തുന്നതുകണ്ടാണ് ഗേറ്റ് അകത്തുനിന്നു പൂട്ടി മറ്റൊരു വഴിയിലൂടെ രാജശ്രീ സ്ഥലം വിട്ടത്. സംഭവം അറിഞ്ഞ വാർഡ്‌മെമ്പർ വിബിൻ വിക്രം ഇരവിപുരം പോലീസിനെ വിവരം അറിയിച്ച ശേഷം അമ്മയെ സംരക്ഷിച്ചു വന്ന ശ്രീകുമാരിയുടെ വീട്ടിൽ എത്തിച്ചു. രാജശ്രീയെ വാർഡ് മെമ്പർ ബിബിൻ ഫോണിൽ ബന്ധപ്പെട്ട് അമ്മയെ ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചെങ്കിലും മറ്റ് മക്കൾ നോക്കട്ടെ എന്നായിരുന്നു മറുപടി. 
കഴിഞ്ഞ മാസം പോലീസ് ഇടപെട്ട് മിത്രാവതിയെ സംരക്ഷിക്കാൻ മക്കളോട് നിർദ്ദേശിച്ചെങ്കിലും ശ്രീകുമാരി മാത്രമാണ് തയാറായത്. മകൻ ബാബുലാൽ വിദേശത്താണ്. ശ്രീകലയും ശ്രീലതയും ശ്രീദേവിയുമാണ് മറ്റ് മക്കൾ. മിത്രാവതി തന്റെ സ്വത്തുക്കൾ മക്കൾക്ക് വീതംവച്ച് നൽകിയതോടെയാണ് ഇവരെ ആർക്കും വേണ്ടാതായത്. സംഭവം അറിഞ്ഞ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ വിഷയത്തിലിടപെടുകയും ശ്രീകുമാരിയുടെ വീട്ടിലെത്തി മിത്രാവതിയെ നേരിൽക്കണ്ട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. തുടർന്ന് അടുത്ത ആഴ്ച മക്കളെ വിളിക്കാൻ ഏർപ്പാട് ചെയ്തു. മക്കൾ ഇവരെ ഏറ്റെടുക്കാൻ തയാറാകാതെ വന്നാൽ വനിതാ കമ്മീഷൻ ഇടപെട്ട് ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റും. 

 

Latest News