Sorry, you need to enable JavaScript to visit this website.
Friday , April   03, 2020
Friday , April   03, 2020

ശങ്കരൻകാക്കാ, ങ്ങള് ദുആ ചെയ്യണം ട്ടോ

ശങ്കരൻ       
തറയിൽ ഫാത്തിമ  (ലേഖകന്റെ മാതാവ്)
ശാദിയ (മരുമകൾ)


വ്യക്തികൾ തമ്മിലുള്ള ഊഷ്മള ബന്ധങ്ങളെയാണ് സൗഹൃദം  എന്നു വിളിക്കാറുള്ളത്. വിവിധ മതക്കാർ തമ്മിലുള്ള ഇത്തരം ബന്ധങ്ങളെ 'മത സൗഹൃദം' എന്നു വിളിക്കും. എന്നാൽ ഒരു വിളിപ്പേരിന്റെയും ഓർമ്മപ്പെടുത്തലില്ലാതെ ജീവിതത്തിലുടനീളം എല്ലാവരേയും സമന്മാരായി കാണാനുള്ള സന്മനസ്സ് കാത്ത് സൂക്ഷിക്കുന്ന ചില മനുഷ്യരുണ്ട് ചുറ്റിലും.  ഉത്തരേന്ത്യയിലും മറ്റും സംഭവിക്കുന്ന ഉത്തരമില്ലാത്ത വിഭാഗീയതയും ആൾക്കൂട്ട കൊലപാതകങ്ങളും കാണുമ്പോൾ 'ഇങ്ങിനെയും മനുഷ്യരുണ്ടോ ഈ ഭൂമിയിൽ എന്ന് തോന്നിപ്പോകും. 
മതം മതില് കെട്ടാത്ത ചിലയിടങ്ങൾ.  മനുഷ്യൻ ഒരു സാമൂഹ്യജീവിയായതിനാൽ നല്ല സൗഹൃദബന്ധങ്ങൾ അവരുടെ ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചു കുട്ടികളിൽനിന്ന് തുടങ്ങി വാർധക്യത്തിലെത്തി നിൽക്കുന്നവർക്ക് വരെ സുഹൃദ്ബന്ധങ്ങൾ ഒഴിച്ചു കൂടാനാവാത്തതും അതു കൊണ്ടാണ്. ചെറിയ പുഞ്ചിരിയിൽ ആരംഭം കുറിക്കുന്ന ബന്ധങ്ങൾ ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം രൂഢമൂലമായി നിലകൊള്ളുന്നതിന്റെ നിരവധി  ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും. മതത്തിന്റെ, ജാതിയുടെ മുള്ളുവേലികൾ മനസ്സിൽ ഇടം പിടിച്ചിട്ടില്ലായെന്നത് ഓരോ മനുഷ്യരുടെയും സുകൃതമാണ്. 
കഴിഞ്ഞ ആഴ്ച്ചയായിരുന്നു കോട്ടക്കൽ താമസിക്കുന്ന പെങ്ങളുടെ മകൾ ശാദിയയുടെ വിവാഹം. പെങ്ങളുടെ വീട്ടിലിരുന്ന് കല്യാണത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുമ്പോൾ വധു ശാദിയ ഫോണിൽ സംസാരിക്കുന്നത് കാതിൽ വന്ന് പതിച്ചു.
  'ശങ്കരൻ കാക്ക ദുആ ചെയ്യണം ട്ടോ.' 
ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന ശങ്കരൻ പറഞ്ഞിട്ടുണ്ടാവുക, ' ഞാൻ തീർച്ചയായും ദുആ ചെയ്യും മോളേ ' എന്നു തന്നെയായിയിരിക്കും എന്നും എനിക്ക് ഉറപ്പുണ്ട് 


ശങ്കരൻ, വിശ്വൻ എന്നീ കുട്ടികളെ എന്റെ ഉമ്മ എടുത്തു വളർത്തിയതായിരുന്നു. സ്വന്തം മക്കളേക്കാൾ ഉമ്മക്ക് സ്‌നേഹം ഇവരോടാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങൾ ആൺമക്കൾ അറബ് നാട്ടിൽ ജോലി ചെയ്തിരുന്നപ്പോൾ ഉമ്മക്ക് തുണയായുണ്ടായിരുന്നത് ഈ വളർത്തു മക്കളാണ്.  
സ്വന്തമായി ജോലിക്ക് പോകാൻ തുടങ്ങിയതിന് ശേഷം ഉമ്മയെ കാണാൻ വരുമ്പോഴൊക്കെ വിശ്വൻ ഒരു കടലപ്പൊതി ഉമ്മാക്ക് നൽകുമായിരുന്നു. ഉമ്മ മരണപ്പെട്ടു എന്ന് വിവരമറിഞ്ഞ് കാണാനെത്തിയ വിശ്വൻ മൃതദേഹത്തിനടുത്ത് ഒരു കടലപ്പൊതി വെച്ച് പൊട്ടിക്കരഞ്ഞത് കണ്ട് നിന്നവർക്ക് സഹിക്കാവുന്നതിലുമപ്പുറത്തായിരുന്നു.
'മഗ്‌രിബ് ബാങ്ക് കൊടുത്തൂ. മോളേ, വിളക്ക് വെച്ചോളൂട്ടോ. എന്ന് അമ്മ മകൾക്ക് നിർദ്ദേശം നൽകുന്നത് കേട്ടു വളർന്ന ഒരു തലമുറ.  റമദാൻ മാസത്തിൽ ഹിന്ദു സമുദായത്തിൽ പെട്ട പലരും  കല്യാണ ചടങ്ങുകൾ നടത്താറില്ല. കല്യാണത്തിന് വിളിക്കേണ്ട മിക്കവർക്കും റമദാൻ വ്രതം  ആയതിനാൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നത് പ്രയാസമാകും എന്ന ചിന്തയാണ് ഈ നീട്ടിവെക്കൽ പ്രക്രിയയുടെ ഹേതു. കഴിഞ്ഞ വിഷുവിന് മലപ്പുറത്തെ പ്രകാശേട്ടന്റെ വീട്ടിലേക്ക് ഞാനടക്കം ഏതാനും സുഹൃത്തുക്കളെ അതിഥികളായി ക്ഷണിച്ചിരുന്നു. സദ്യ കഴിക്കാൻ തയ്യാറായി പ്രകാശേട്ടന്റെ വീട്ടിലെത്തിയപ്പോൾ മാപ്പിളമാർക്കായി സദ്യക്കൊപ്പം കോഴിക്കറിയും വിളമ്പിയിരുന്നത് വിസ്മയം സൃഷ്ടിച്ചു. 


ഞങ്ങളുടെ അയൽവാസി അയ്യപ്പൻ മദ്യസേവ പതിവാക്കിയ ആളായിരുന്നു. വീട്ടുവളപ്പിൽ ഒരു കൊച്ചു അമ്പലവും അവർക്കു സ്വന്തമായുണ്ട്. ഒരു ദിവസം അയ്യപ്പന്റെ ഭാര്യ യശോദ കരഞ്ഞ് ബഹളം വെച്ച് വീട്ടിലേക്ക് ഓടി വന്ന് ജേ്യഷ്ഠൻ മുഹമ്മദലിയോട് ഭയപ്പാടോടെ കാര്യം അവതരിപ്പിച്ചു. 'അയ്യപ്പേട്ടനതാ അമ്പലത്തിലെ വിഗ്രഹവുമെടുത്ത് പുഴയിലേക്കെറിയാനുള്ള പുറപ്പാടിലാണ്.'  ഓടിച്ചെന്ന് തടയാൻ ശ്രമിച്ചപ്പോൾ  അയ്യപ്പൻ തന്റെ കുഴഞ്ഞ നാവുകൊണ്ട് തെറി വാക്കുകൾ ഉരുവിട്ടുകൊണ്ടിരുന്നു. നേരിയ ബലപ്രയോഗത്തിലൂടെ വിഗ്രഹം കൈക്കലാക്കി മുഹമ്മദലി അമ്പലത്തിൽ തിരികെയെത്തിക്കുകയായിരുന്നു.
പാടിപ്പതിഞ്ഞൊരു മാപ്പിളപ്പാട്ടിലെ വരികൾ ഇങ്ങിനെ:
പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളി
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളി
.......
മനുഷ്യൻ മനുഷ്യനെ സ്‌നേഹിച്ച് നോക്ക്
മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്
അതിലേത് ജാതിക്കും കേറാമെന്നാക്ക്.
അതെ മനസ്സിന്റെ വാതിലുകൾ എപ്പോഴും മലർക്കേ തുറന്നിട്ട കുറെ മനുഷ്യരുണ്ട്. ജാതിമത വ്യത്യാസമില്ലാതെ ആർക്കും അവിടെ കയറുന്നതിന് വിലക്കില്ല.
ഒരുമയും സാഹോദര്യവും വിനിമയം ചെയ്യുന്ന സ്‌നേഹത്തിന്റെ വ്യാപാരികൾ.

 

Latest News