Sorry, you need to enable JavaScript to visit this website.

മർകസ് വാർഷികം: ഗൾഫ് തല പ്രചാരണം ആരംഭിച്ചു

മദീന- 2020 ഏപ്രിൽ 9,10,11,12 തീയതികളിൽ കോഴിക്കോട് നടക്കുന്ന ജാമിഅ മർകസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നാൽപ്പത്തി മൂന്നാം വാർഷിക സമ്മേളനത്തിന്റെ ഗൾഫ് തല പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം മദീനയിൽ മർകസ് സമ്മേളന സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി നിർവ്വഹിച്ചു. അൽഫൗസാൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ആയിരത്തോളം മർകസ്, ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകർ പങ്കെടുത്തു.
മർകസിന്റെ 43 വർഷത്തെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം മാതൃകാ പൗരന്മാരെ വാർത്തെടുക്കുവാൻ സഹായകമായെന്നും കോഴിക്കോടുള്ള കാരന്തൂരിൽ നിന്നും തുടങ്ങി കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇന്ത്യയുടെ 25 സംസ്ഥാനങ്ങളിലും മർകസിന്റെ കീഴിലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മസ്ജിദുകൾ, അഗതി-അനാഥ കേന്ദ്രങ്ങൾ തുടങ്ങിയവ വിപുലമായും വ്യവസ്ഥാപിതമായും നടക്കുന്നുണ്ടെന്നും സയ്യിദ് തുറാബ് തങ്ങൾ പറഞ്ഞു.
വിഡിയോ കോൺഫറൻസിലൂടെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സദസ്സിനെ അഭിസംബോധന ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ അന്തമാൻ ദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലായി നാൽപതിനായിരം വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നതായും  വിദ്യാഭ്യാസത്തിനു പുറമെ, വെള്ളവും ഭക്ഷണവും വെളിച്ചവും താമസവും വസ്ത്രവും സൗജന്യമായാണ് അധികപേർക്കും നൽകുന്നതെന്നും കാന്തപുരം പറഞ്ഞു. 
മർകസിന്റെ സ്വപ്‌ന പദ്ധതിയായ നോളജ് സിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. മസ്ജിദിന്റെയും ശരീഅ സിറ്റിയുടെയും നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായിവരുന്നു. നോളജ് സിറ്റിയിൽ ഇതിനകം ലോ കോളേജ്, യൂനാനി മെഡിക്കൽ കോളേജ് എന്നിവക്ക് പുറമെ ഇന്റർനാഷണൽ നിലവാരത്തിലുള്ള അലിഫ് ഗ്ലോബൽ സ്‌കൂളും ആരംഭിച്ചതായി കാന്തപുരം കൂട്ടിച്ചേർത്തു.
സൗദി നാഷണൽ പ്രചാരണ സമിതി കൺവീനർ ബാവഹാജി കൂമണ്ണ അധ്യക്ഷത വഹിച്ചു. മർകസ് സൗദി നാഷണൽ സെക്രട്ടറി അഷ്‌റഫ് കൊടിയത്തൂർ, മർകസ് സൗദി കോർഡിനേറ്റർ അഷ്‌റഫ് സഖാഫി മായനാട്, ജിദ്ദ മർകസ് പ്രസിഡൻറ് അബ്ദുന്നാസിർ അൻവരി, ബഷീർ നൂറാനി,  മൂസ സഖാഫി, ഐസിഎഫ് നേതാക്കളായ യഹ്‌യ ഖലീൽ നൂറാനി, മുഹ്‌സിൻ സഖാഫി, അബ്ദുൽ ഹമീദ് മുസ്‌ലിയാർ, ആർ.എസ്.സി നേതാക്കളായ നൗഫൽ മുസ്‌ലിയാർ വേങ്ങര, ഉമൈർ വയനാട്, താജുദ്ദീൻ നിസാമി തുടങ്ങിയവരും സംബന്ധിച്ചു.
 

Tags

Latest News