Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് നിരവ് മോഡി

ലണ്ടൻ- ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ഉത്തരവിട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് വിവാദ വ്യവസായി നീരവ് മോഡി. ലണ്ടനിൽ വീട്ടുതടങ്കലിൽ കഴിയാമെന്നും നാലു മില്യൺ പൗണ്ട് സെക്യൂരിറ്റിയായി നൽകാമെന്നും നിരവ് മോഡി ലണ്ടൻ കോടതിയെ അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് രണ്ടു ബില്യൺ ഡോളറിന്റെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യവിട്ട നിരവ് മോഡി വർഷങ്ങളായി ലണ്ടനിലാണ്. ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള നീക്കം നടക്കുന്നുണ്ട്.  നീരവ് മോഡിയെ വിട്ടുനൽകിയാൽ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് വിവരങ്ങൾ നൽകണമെന്ന് കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നാൽപ്പത്തിയാറുകാരനായ നിരവ് മോഡിയുടെ പ്രതികരണം. ഇത് അഞ്ചാമത്തെ തവണയാണ് നീരവ് മോഡിയുടെ ജാമ്യാപേക്ഷ തള്ളുന്നത്.

കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് നീരവ് മോഡി ലണ്ടൻ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം അനുവദിച്ചാൽ രാജ്യം വിടാൻ ശ്രമിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലണ്ടൻ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
മാർച്ച് 19നാണ് നീരവ് മോഡിയെ ലണ്ടൻ പോലീസ് അറസ്റ്റു ചെയ്ത്. നേരത്തെ സെൻട്രൽ ബാങ്ക് ബ്രാഞ്ചിൽ പുതിയ അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കോട്‌ലന്റ് യാർഡ് അറസ്റ്റ് ചെയ്ത കേസിലും നീരവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
 

Latest News