Sorry, you need to enable JavaScript to visit this website.

പശുവിൻ പാലിൽ സ്വർണം: ഗോൾഡ് ലോൺ ലഭിക്കാൻ പശുവിനെയുമായി കർഷകർ ബാങ്കിൽ

കൊൽക്കത്ത- ബി.ജെ.പി നേതാവിന്റെ പ്രസംഗത്തിൽ പണി പാലുംവെള്ളത്തിൽ കിട്ടിയത് ബംഗാളിലെ ബാങ്കുകൾക്ക്. പശുവിന്റെ പാലിൽ സ്വർണം അലിഞ്ഞിരിക്കുന്നുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ വാക്ക് കേട്ട് കർഷകർ ബാങ്കിലേക്ക് ഗോൾഡ് ലോണിനായി തള്ളിക്കയറുന്നു. ബംഗാളിലെ ദാങ്കുനിയയിലെ മണപ്പുറം ഫിനാൻസിന്റെ ബ്രാഞ്ചിലേക്ക് ഒരു കർഷകൻ തന്റെ രണ്ടു പശുക്കളെയുമായി എത്തി ഗോൾഡ് ലോൺ ആവശ്യപ്പെട്ടു. ഈ രണ്ടു പശുക്കളെയും സ്വീകരിച്ച് തനിക്ക് ഗോൾഡ് ലോൺ അനുവദിക്കണമെന്ന് കർഷകൻ ആവശ്യപ്പെട്ടു. പ്രാദേശിക ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷാണ് നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വർണനിറമെന്നും അവകാശപ്പെട്ടത്. ഇതോടെയാണ് ആളുകൾ പശുക്കളെയുമായി ബാങ്കിലേക്ക് വരാൻ തുടങ്ങിയത്. 
 : 'ഞാൻ ഇവിടെ വന്നത് ഒരു സ്വർണ്ണ വായ്പയ്ക്കാണ്, അതുകൊണ്ടാണ് ഞാൻ പശുക്കളെയും എന്റെ കൂടെ കൂട്ടിയത്. പശുവിൻ പാലിൽ സ്വർണ്ണമുണ്ടെന്ന് ഞാൻ കേട്ടു. എന്റെ കുടുംബം ഈ പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എനിക്ക് 20 പശുക്കളുണ്ട്, എനിക്ക് വായ്പ ലഭിച്ചാൽ, എന്റെ ബിസിനസ് വിപുലീകരിക്കാൻ എനിക്ക് കഴിയുമെന്നും ബാങ്കിന് മുന്നിലെത്തിയ കർഷകൻ പറഞ്ഞു. 
ദിലീപ് ഘോഷിന്റെ വിചിത്ര പ്രസംഗം കാരണം ഗരൽഗച്ച ഗ്രാമപഞ്ചായത്ത് പ്രധാൻ മനോജ് സിംഗും വെട്ടിലായി. ഓരോ ദിവസവും ക്ഷീര കർഷകർ  പശുക്കളെ പണയം വെച്ചാൽ എത്ര രൂപ വായ്പ കിട്ടുമെന്ന അന്വേഷിച്ച് മനോജ് സിംഗിന്റെ വീട്ടിലെത്തുന്നു. ഇതോടെ ദിലീപ് ഘോഷിനെതിരെ മനോജും രൂക്ഷ വിമർശനവുമായി രംഗത്തുവന്നു. ഇതുപോലെയുള്ള വിചിത്ര പ്രസ്താവനയിലൂടെ ദിലീപ് ഘോഷ് സൃഷ്ടിച്ച ഈ സാഹചര്യത്തിനും പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് അവകാശപ്പെട്ടതിനും അയാൾക്ക് നൊബേൽ സമ്മാനം കൊടുക്കണമെന്നാണ് മനോജ് പരിഹസിക്കുന്നത്.

''എല്ലാ ദിവസവും എന്റെ പഞ്ചായത്തിലെ ആളുകൾ പശുക്കളുമായി വരുന്നു, എത്ര വായ്പ ലഭിക്കുമെന്നാണ് അവർക്ക് അറിയേണ്ടത്. തങ്ങളുടെ പശുക്കൾ പ്രതിദിനം 1516 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു, അതിനാൽ അവർക്ക് വായ്പ ലഭിക്കണമെന്നൊക്കെയാണ് അവരുടെ ആവശ്യം. ഇതെല്ലാം കേട്ട് ഞാൻ ലജ്ജിക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. വികസനത്തെക്കുറിച്ച് ചിന്തിക്കണം. പക്ഷേ ബി.ജെ.പി മതത്തെയും ഹിന്ദുത്വത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ.'' മനോജ് പറഞ്ഞു.
 

Latest News