മുംബൈ- മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പി.ക്കെതിരെ ആരോപണവുമായി ശിവസേന മുഖപത്രം.
ശിവസേനയുടെ എംഎല്‍എമാരെ ചിലര്‍ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണെന്നും അതു നടപ്പില്ലെന്നും സാമ്ന മുഖപ്രസംഗത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍നിന്നാണ് മുഖ്യമന്ത്രിയെ വേണ്ടതെന്നും പത്രം വ്യക്തമാക്കി.
ശിവസേനയുടെ പുതിയ എംഎല്‍എമാരെ ചിലര്‍ പണം ഉപയോഗിച്ച് ചാക്കിടാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള പരാതികള്‍ കൂടിവരികയാണ്. മൂല്യങ്ങള്‍ പാലിക്കാത്ത രാഷ്ട്രീയം ശിവസേന ഒരിക്കലും അനുവദിക്കില്ല. നേരത്തെയുണ്ടായിരുന്ന സര്‍ക്കാര്‍ മണി പവര്‍ ഉപയോഗിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, ആരും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യം ശിവസേന മുഖ്യമന്ത്രിയെയാണെന്നും സാമ്ന മുഖപ്രസംഗത്തില്‍ പറയുന്നു.
രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കിടാമെന്ന വ്യവസ്ഥ ബി.ജെ.പി. അംഗീകരിക്കാത്തിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം ഉടലെടുത്തത്. മുഖ്യമന്ത്രി പദം വിട്ടുനല്‍കില്ലെന്ന് ബിജെപി വ്യക്തമാക്കിയതോടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ശിവസേനയും പ്രഖ്യാപിക്കുച്ചു.
ശിവസേന നേതാക്കള്‍ എന്‍സിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും എന്‍സിപി പ്രതിപക്ഷത്തിരിക്കുമെന്ന് പാര്‍ട്ടി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കിയിരിക്കയാണ്.